ചരിത്രത്തിന്റെ താളുകളിൽ ചില മുഖങ്ങൾ അടയാളപ്പെടുത്തപ്പെടുന്നത് കേവലം വ്യക്തിത്വങ്ങൾ എന്ന നിലയിലല്ല, മറിച്ച് യുഗങ്ങളെ സ്വാധീനിക്കുന്ന പ്രതീകങ്ങൾ എന്ന നിലയിലാണ്. അത്തരത്തിൽ വിസ്മയിപ്പിക്കുന്ന ഒരു ജീവിതമായിരുന്നു ഇസബെല്ല യൂജീനി ബോയറുടേത്. തുന്നൽ യന്ത്രത്തിന്റെ ഉപജ്ഞാതാവായ ഐസക് മെറിറ്റ് സിംഗറുടെ പത്നിയെന്ന നിലയിൽ അറിയപ്പെട്ട ഇസബെല്ല, പിന്നീട് ലോകപ്രശസ്തമായ ‘സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ’ മുഖമായി മാറിയത് ചരിത്രത്തിലെ അപൂർവ്വമായൊരു അധ്യായമാണ്.

പ്രണയവും ഐശ്വര്യവും നിറഞ്ഞ ദാമ്പത്യം

1863-ലാണ് 52 വയസ്സുകാരനായ ഐസക് സിംഗർ, 22 വയസ്സുകാരിയായ ഫ്രഞ്ച് സുന്ദരി ഇസബെല്ലയെ വിവാഹം കഴിക്കുന്നത്. അക്കാലത്തെ ഏറ്റവും ധനികനായ ബിസിനസ്സുകാരിലൊരാളായിരുന്നു സിംഗർ. പാരീസിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഇസബെല്ലയുടെ ജീവിതം ഈ വിവാഹത്തോടെ വലിയൊരു പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചു. അവരുടെ രൂപഭംഗിയും പെരുമാറ്റശൈലിയും യൂറോപ്പിലെ ഉന്നതകുലജാതർക്കിടയിൽ അവരെ പെട്ടെന്ന് തന്നെ ശ്രദ്ധേയയാക്കി.
ഇസബെല്ലയുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തുന്ന ഒരു വസ്തുത അവരുടെ മാതൃത്വമാണ്. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ ഏഴ് വർഷങ്ങൾക്കുള്ളിൽ തന്നെ ഇസബെല്ല ആറ് മക്കൾക്ക് ജന്മം നൽകി. ആലീസ്, അഗസ്റ്റ, മോർട്ടിമർ, വിൻറെറ്റ, വാഷിംഗ്ടൺ, പാരിസ് എന്നിങ്ങനെ ആറ് മക്കളുടെ അമ്മയായിരിക്കുമ്പോഴും തന്റെ ലാളിത്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാൻ അവർക്ക് സാധിച്ചു എന്നത് അന്നത്തെ കാലത്ത് വലിയൊരു ചർച്ചാവിഷയമായിരുന്നു.

സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ‘പ്രേരണാശക്തി’

ഇസബെല്ലയെ അമരത്വത്തിലേക്ക് നയിച്ചത് അമേരിക്കയിലെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ സ്റ്റാച്യൂ ഓഫ് ലിബർട്ടിയാണ്. ഈ വിഖ്യാത ശില്പത്തിന്റെ ശില്പി ഫ്രെഡറിക് ആഗസ്റ്റ് ബർത്തോൾഡി, പ്രതിമയുടെ മുഖം രൂപകൽപ്പന ചെയ്യാൻ മാതൃകയാക്കിയത് ഇസബെല്ലയെയാണെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഐസക് സിംഗറുടെ മരണശേഷം പാരിസിൽ താമസമാക്കിയ ഇസബെല്ല, അക്കാലത്തെ ഏറ്റവും സുന്ദരിയായ വിധവയായാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പിടിച്ചിരിക്കുന്ന ആ പ്രതിമയുടെ ഗാംഭീര്യവും ശാന്തതയും ഇസബെല്ലയുടെ മുഖച്ഛായയിൽ നിന്നാണ് കടമെടുത്തത് എന്ന് വിശ്വസിക്കപ്പെടുന്നു.

വിരഹത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകം

സാഹിത്യത്തിലും സിനിമകളിലും ഇസബെല്ല എന്ന പേര് പലപ്പോഴും സൗന്ദര്യത്തിന്റെയും വിരഹത്തിന്റെയും പ്രതീകമായി മാറിയിട്ടുണ്ട്. സിംഗറുടെ മരണശേഷം ലഭിച്ച വലിയ സമ്പത്തിന് ഉടമയായിരുന്നിട്ടും, ആഡംബരങ്ങൾക്കിടയിലും അവർ അനുഭവിച്ച ഏകാന്തതയും നഷ്ടബോധവും പിൽക്കാലത്ത് പല കഥാപാത്രങ്ങൾക്കും ജീവൻ നൽകാൻ എഴുത്തുകാരെ പ്രേരിപ്പിച്ചു. ഇസബെല്ല എന്നത് കേവലം ഒരു പേരല്ല, മറിച്ച് പത്തൊൻപതാം നൂറ്റാണ്ടിലെ സ്ത്രീത്വത്തിന്റെ കരുത്തിന്റെയും നിഗൂഢതയുടെയും ഒരു പരിച്ഛേദമാണ്.

ചരിത്രം ബാക്കിവെക്കുന്നത്

ഇസബെല്ലയുടെ മകൾ വിൻറെറ്റ സിംഗർ പിൽക്കാലത്ത് കലയുടെയും സംഗീതത്തിന്റെയും വലിയൊരു പ്രോത്സാഹാകയായി മാറി. ഇസബെല്ലയുടെ ജീവിതം ഇന്നും ഗവേഷകർക്കും കലാകാരന്മാർക്കും ഒരു അത്ഭുതമാണ്. ഒരു തുന്നൽ യന്ത്രത്തിന്റെ സാമ്രാജ്യത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുടെ മുഖശ്രീയിലേക്ക് പടർന്ന ആ ജീവിതം, വിസ്മയകരമായ ഒരു ചരിത്ര സത്യമായി ഇന്നും നിലകൊള്ളുന്നു.

വലിയശാല രാജു

By ivayana

Leave a Reply

Your email address will not be published. Required fields are marked *