രചന : അൻവർഷാ ഉമയനല്ലൂർ ✍️
അംബരംപോൽത്തിളങ്ങുന്നതാം നന്മകൾ,
അംബുജംപോൽ വിടർന്നീടുന്ന മനസ്സുകൾ,
അംശവസ്ത്രംപോലണിയുന്ന ചിന്തകൾ;
അംഗീകരിക്കുകിൽത്തെളിയുമാ,പ്പുലരികൾ.
ആകുലതയില്ലാതുണരുകിൽ സന്തതം
ആനന്ദവർണ്ണങ്ങളേകുംസ്വജീവിതം.,
ആജ്ഞാനുസാരമ,ല്ലതിലുപരി തവഹിതം;
ആഗ്രഹിച്ചേകേണ്ടതാണു സ്നേഹാമൃതം.
ഇച്ഛാനുകൂലമാകില്ലയി,ന്നെങ്കിലും
ഇടമുറിയാതെ പ്രിയമൊഴുകേണമുള്ളിലും
ഇടിനാദമുയരാതെയെന്നുമാ,കരുതലും;
ഇമയടയ്ക്കാതുണർന്നേകാം കരളിലും.
ഈടുവയ്പ്പില്ലാതെ നൽക, സംരക്ഷണം.,
ഈടുറ്റ ധനമാണ് സ്നേഹമെന്നോർക്കണം
ഈക്ഷണംതന്നെയുണർന്നു വർത്തിക്കണം
ഈർഷ്യതയില്ലാതലിഞ്ഞു ജീവിക്കണം.
ഉള്ളിലുണ്ടാകട്ടെ യൊരുമതൻ പൊൻകുഴൽ
ഉണരട്ടെയോരോ മനസ്സിലുമാ, നിഴൽ
ഉല്ലാസമോടേ വസിക്കുവാൻ വെണ്മുകിൽ
ഉയരുന്നു യമുന്നതന്നരികിലീ രജനിയിൽ.
ഊരമ്പലംപോൽ വസിക്കുന്ന മാനവർ
ഊർധ്വദേഹത്തിന്നുടമയാകേണ്ടവർ;
ഊരറിഞ്ഞാർദ്രമായൊന്നായ് വളർന്നവർ
ഊന്നൽക്കൊടുത്തുയർത്തേണമാ, നന്മലർ.
ഋജുബുദ്ധിയോടേ വസിക്ക,നാം സാദരം
ഋണഭാരമെന്ന പോലേകരുത്, വാസരം
ഋഗ്വേദമന്ത്രമോർത്തീടാം നിരന്തരം;
ഋജുപക്ഷമെന്ന പോലൊരുമയോതുംസ്വരം.
എന്തിനായിങ്ങനെ തമ്മിൽ നിരന്തരം
എതിർത്തുതോല്പിക്കുന്നുണരട്ടെയാദരം
എടുത്തുചാട്ടത്താൽത്തകരരുത്.,തൃക്കരം-
എന്നും പുലരിപോൽപ്പകരെട്ടെ, തിരുവരം..

