രചന : കെ എം മുസ്തഫ ✍️
ചായക്കടയിലെ ചൂടാറാ പരദൂഷണങ്ങൾ കാരണം അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ കഷ്‌ടപ്പെടേണ്ടി വന്ന ചിലരെങ്കിലും ഇത് വായിക്കുന്നവരിലുണ്ടാകും.പ്രത്യേകിച്ചും നിങ്ങൾ 70 കൾ മുതൽ 90കൾ വരെ കൗമാര – യൗവനങ്ങൾ കടന്നുപോയവരാണെങ്കിൽ.കല്യാണം മുടങ്ങിയത് മുതൽ കച്ചവടം പൂട്ടിയത് വരെ വൈവിധ്യമാർന്ന പ്രഭാവങ്ങളുണ്ടാക്കിയ ഇടങ്ങളായിരുന്നു മലയാളിയുടെ ചായക്കട. എന്നാൽ അതിനപ്പുറം മലയാളിയുടെ സാമൂഹികവും സാംസ്‌കാരികവും ബൗദ്ധികവുമായ വികാസത്തിൽ വലിയ പങ്കുവഹിച്ച പൊതു ഇടം കൂടിയായിരുന്നു ചായക്കട എന്നാണ് എൻ്റെ നിരീക്ഷണം.ഒരു കാലത്ത് കേരളത്തിലെ ഏതൊരു ഗ്രാമത്തിനും അങ്ങാടിക്കും അതിൻ്റെ പരിച്‌ഛേദമായ ഒരു ചായക്കടയുണ്ടായിരുന്നു. ചായകുടിക്കാനല്ല ആളുകൾ അവിടെ പോയിരുന്നത്.
പ്രദേശത്തിൻ്റെ സാമൂഹിക സാംസ്‌കാരിക ചലനങ്ങളുടെയെല്ലാം കേന്ദ്രം പോലെ പ്രവർത്തിച്ച അത് ഒരു അനൗപചാരിക സർവകലാശാല തന്നെയായിരുന്നു. മേശമേൽ വിടർത്തിവച്ച പത്രങ്ങൾ; ചായ ചൂടാറിയാലും രാഷ്ട്രീയം, സിനിമ, സാഹിത്യം തുടങ്ങി അന്താരാഷ്‌ട്ര വിഷയങ്ങൾ വരെ അവിടെ ചൂടാറാ ചർച്ചയായി വരും . ഒരാളുടെ പക്വമോ അപക്വമോ ആയ ഒരു പ്രസ്താവനയിൽ തുടങ്ങി അനന്തമായി നീളുന്ന ചർച്ചകളും വാദപ്രതിവാദങ്ങളും നേരമിരുട്ടിയാലും ചൂടോടെ തുടരും! കേരളത്തിലെ ലൈബ്രറികളേക്കാൾ ശരാശരി മലയാളിയെ ലോകവിവരമുള്ളവനാക്കിയത് ചായക്കടകളാണ്.
അങ്ങനെ ചായക്കട മലയാളിയുടെ പൊതുജീവിതത്തിന്റെ അവിഭാജ്യ സാമൂഹ്യസ്‌ഥാപനമായി മാറി. ലോകത്തെവിടെയാണെങ്കിലും മലയാളിയുടെയൊരു ചായക്കടയുണ്ടായത് ഉപജീവനോപാധി എന്ന നിലയിൽ മാത്രമല്ല ജീവിതത്തിൻ്റെ ആഴത്തിൽ വേരോടിയ ഈ സാംസ്‌കാരിക ചായകുടി ബന്ധം കൂടിയാണ്.
എപ്പോഴാണ് ചായക്കടയിലെ ചൂടാറാ പരദൂഷണങ്ങളിൽ നിന്നും തുറന്ന സംവാദങ്ങളിൽ നിന്നും നമ്മൾ പിൻവാങ്ങാൻ തുടങ്ങിയത് ?
നീലവെളിച്ചത്തിൻ്റെ കാന്തിക വലയത്തിലേക്ക് നമ്മുടെ മനസ്സ് അറിയാതെ ചായാൻ തുടങ്ങിയത്?
അയൽക്കാരുടെ നീക്കങ്ങളറിയാൻ പിന്നാമ്പുറ ഒളിനോട്ടങ്ങൾക്ക് പകരം നാം സ്റ്റാറ്റസ് അപ്ഡേറ്റുകൾ സൂം ചെയ്യാൻ തുടങ്ങിയത്?
മുഖത്തുനോക്കി രണ്ട് തെറി പറയുന്നതിന് പകരം ഫേക്ക് അക്കൗണ്ടിൽ നിന്നും കമൻ്റ് ത്രെഡുകൾകൊണ്ട് പൊങ്കാലയിടാൻ തുടങ്ങിയത് ?
മലയാളിയുടെ ചായക്കട സംവാദ സംസ്കാരം കാലഹരണപ്പെട്ട് പോകുന്നതിൻ്റെ ആദ്യ ഡിജിറ്റൽ സൂചനകൾ 2003 മുതൽ തന്നെ കാണാൻ തുടങ്ങി. 2003-2007 കാലയളവിലാണ് മലയാളം ബ്ലോഗുകളും ഓൺലൈൻ ഫോറങ്ങളും ഒരു പരീക്ഷണം പോലെ രൂപപ്പെട്ടു തുടങ്ങിയത്. സാഹിത്യ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക വിഷയങ്ങളിൽ എഴുതപ്പെട്ട ബ്ലോഗുകൾ ചെറുതെങ്കിലും പരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്ന ചിന്താശക്തിയുള്ള ഒരു വായനക്കാരുടെ സമൂഹത്തെ പതിയെ രൂപപ്പെടുത്തി . അതിരുകളില്ലാത്ത ഡിജിറ്റൽ സംഭാഷണങ്ങളുടെ വിത്തുകൾ പാകാനുള്ള മണ്ണൊരുക്കൽ കാലമായിരുന്നു അത്.
ഇത് ശരിക്കും മുളച്ച് പൊങ്ങാൻ തുടങ്ങുന്നത് 2007 മുതൽ 2010 വരെയുള്ള കാലഘട്ടത്തിലാണ്. സോഷ്യൽ നെറ്റ് വർക്ക് എന്നൊരു അനന്ത ബന്ധ സാധ്യതയുടെ ആകാശം തുറക്കപ്പെട്ടു. ഇന്റർനെറ്റ് കൂടുതൽ ലഭ്യമായി തുടങ്ങുകയും ആദ്യം Orkut ഉം പിന്നീട് Facebook ഉം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പുകമണമുള്ള ചായക്കടകളുടെ o വട്ടത്തിനപ്പുറത്തേക്ക് കേരളത്തിലെ യുവാക്കളെ മാടി വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. തുടക്കത്തിൽ ഇത് ഒരു കൗതുകം മാത്രമായിരുന്നു. പ്രധാനമായും 18 മുതൽ 30 വയസ്സ് വരെയുള്ള കോളേജ് വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളുമായിരുന്നു ആദ്യമായി ഈ നീല വെളിച്ചത്തെ നെഞ്ചേറ്റിയത്.
അവർ സുഹൃത്തുക്കളെ കണ്ടെത്താനും ഫോട്ടോകൾ പങ്കിടാനും ചെറിയ കുറിപ്പുകളിലൂടെയും സംഭാഷണ ശകലങ്ങളിലൂടെയും ബന്ധങ്ങൾ സ്ഥാപിക്കാനും തുടങ്ങി. എന്നാൽ അധികം വൈകാതെ ഈ പ്ലാറ്റ്‌ഫോമുകൾ സംഭാഷണങ്ങളുടെയും വാദപ്രതിവാദങ്ങളുടെയുംസ്വയം പ്രകാശനത്തിൻ്റെയും അനന്തസാധ്യതകളുടെ പുതിയ വേദികളായി മാറി.
2012 മുതൽ 2015 വരെ സോഷ്യൽ മീഡിയയയുടെ അതിവേഗ വളർച്ചക്ക് കേരളം സാക്ഷിയായി. താരതമ്യേന വിലകുറഞ്ഞ മൊബൈൽഫോണുകളും വേഗമേറിയ ഇന്റർനെറ്റും ഈ വളർച്ചയെ ത്വരിതപ്പെടുത്തി. യുവാക്കളിൽ മാത്രം ഒതുങ്ങിയിരുന്ന സോഷ്യൽ മീഡിയ അധ്യാപകരും മാധ്യമപ്രവർത്തകരും എഴുത്തുകാരും സാമൂഹിക പ്രവർത്തകരും ബിസിനസ്സുകാരും ഉൾപ്പെടെ സമൂഹത്തിലെ മിക്ക വിഭാഗങ്ങളെയും ആകർഷിച്ചു. സിനിമ, രാഷ്ട്രീയം, സാഹിത്യം, പരിസ്ഥിതി, സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം – എല്ലാം ചർച്ച ചെയ്യുന്ന ആയിരക്കണക്കിന് ഓൺലൈൻ ഗ്രൂപ്പുകൾ മുള പൊട്ടി.
ചായക്കടയിൽ നിന്ന് സാമൂഹിക മാധ്യമങ്ങളിലേക്കുള്ള കൂടുമാറ്റത്തിനിടയിൽ സംഭവിച്ച ഒരു പ്രധാന മാറ്റം ഇതാണ് : സോഷ്യൽ മീഡിയ നമ്മുടെ സംഭാഷണങ്ങളെയും ശബ്‌ദങ്ങളെയും ജനാധിപത്യവൽക്കരിച്ചു. മുഖ്യധാരാ മാധ്യമങ്ങളിൽ ഇടം ലഭിക്കാത്ത പല ശബ്ദങ്ങൾക്കും ഇവിടെ ഉടലും ഉയിരും ലഭിച്ചു. ശബ്ദമുള്ളവർക്ക് സംവദിക്കാൻ അവരവരുടേതായ പൊതു സൈബറിടങ്ങൾ രൂപം കൊണ്ടു. എഴുത്തുകാർ എഡിറ്ററുടെ സാന്നിദ്ധ്യമില്ലാതെ നേരിട്ട് വായനക്കാരുമായി ആശയങ്ങൾ പങ്കിട്ടു. ഫോട്ടോഗ്രാഫർമാർ അവരുടെ ചിത്രങ്ങൾ സ്വതന്ത്രമായി പ്രദർശിപ്പിച്ചു. സാമൂഹിക സേവനപ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് അവരുടെ ശരീര സാന്നിദ്ധ്യമില്ലാതെ അനുയായികളെ കണ്ടെത്താനായി.യാത്രയും യാത്രാവിവരണവും എല്ലാവർക്കും പ്രാപ്യമായ ഒരു ജനകീയ വിഷയമായി.
2016 മുതൽ 2020 വരെ കേരളത്തിൽ സോഷ്യൽ മീഡിയ അതിൻ്റെ കൊടുമുടി വളർച്ചയിലേക്ക് കടന്നു. കൗമാരക്കാരുടെ കൗതുകങ്ങൾക്കപ്പുറം അനുഭവസമ്പന്നരായ മുതിർന്ന പൗരർ വരെ സോഷ്യൽ മീഡിയയയിലെ സാന്നിദ്ധ്യം ഒരു ആവശ്യമായി കണ്ടുതുടങ്ങി. വാട്സാപ് ഗ്രൂപ്പുകൾ കുടുംബങ്ങളിലും സമൂഹങ്ങളിലും അറിയിപ്പുകളുടെയും ക്ഷണനങ്ങളുടെയും ആശയവിനിമയത്തിന്റെയും പ്രധാന വേദിയായി. അതേസമയം YouTube ഉം Instagramഉം വീഡിയോകളും ദൃശ്യകഥകളുമായി സോഷ്യൽ മീഡിയയുടെ ദൃശ്യപരതയെ കൂടുതൽ ജീവനുള്ളതാക്കി.
സോഷ്യൽ മീഡിയ കേരളത്തിന്റെ പൊതുചർച്ചകളെ ശക്തമായി സ്വാധീനിച്ച കാലം കൂടിയാണിത്. സാമൂഹിക സാംസ്കാരിക വിഷയങ്ങളും വിവാദങ്ങളും മുന്നേറ്റങ്ങളും പലപ്പോഴും സാമൂഹ്യമാധ്യമ സൈബർ ഇടങ്ങളിൽ നിന്നാണ് വ്യാപകമായ പൊതുചർച്ചകളിലേക്ക് മാറിയത്.
2020-ലെ കോവിഡ് മഹാമാരിക്കാലം ഒരു ഓൺലൈൻ സാമൂഹിക ബദൽ ജീവിതത്തിൻ്റെ പരീക്ഷണ കാലമായിരുന്നു. ലോക്ക്ഡൗണുകളും സാമൂഹിക സമ്പർക്ക വിലക്കുകളും മനുഷ്യരെ വീടുകളിലേക്കും സ്ക്രീനുകളിലേക്കും കൂടുതൽ അടുക്കാൻ നിർബ്ബന്ധിതരാക്കി. വിദ്യാഭ്യാസം, ജോലി, വിനോദം, ആരോഗ്യപരിപാലനം എന്നിവ മുതൽ സാമൂഹിക ഇടപെടലുകൾ വരെ എല്ലാം ഡിജിറ്റൽ ലോകത്തിലേക്ക് മാറി. സോഷ്യൽ മീഡിയയുടെ ഉപയോഗം അതിവേഗം ഒരു അനിവാര്യതയായി മാറി. ഓൺലൈൻ ക്ലാസുകളും വെബിനാറുകളും ലൈവ് ചർച്ചകളും സാധാരണ ജീവിതത്തിൻ്റെ ഭാഗമായി.
മലയാളിയുടെ സൈബർ ജീവിതത്തിന് വ്യാപ്തി കൂടിയ കാലമാണ് കോവിഡ് കാലം . സോപ്പിനും മാസ്‌കിനും സാമൂഹിക അകലത്തിനുമിടയിൽ നഷ്‌ടപ്പെട്ടുപോയ ചലനാത്മകമായ സാമൂഹിക ജീവിതത്തിൻ്റെ ചൂടും ചൂരും മുഖപുസ്തകത്തിൽ തിരയുകയായിരുന്നു അവർ. കേരളത്തിൽ 70 ശതമാനത്തിലധികം ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്ന് ചില കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന സോഷ്യൽ മീഡിയ പങ്കാളിത്തങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഇന്ന്, 2020കളുടെ മധ്യത്തിൽ, സോഷ്യൽ മീഡിയ കേരളത്തിന്റെ പൊതുജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഒരിക്കൽ കുറച്ച് ആളുകൾക്കിടയിൽ മാത്രമായി ഒതുങ്ങിയിരുന്ന രഹസ്യങ്ങളും ചർച്ചകളും ഇന്ന് K കൾക്കും M കൾക്കും മുന്നിലേക്കാണ് ഞൊടിയിs കൊണ്ട് എത്തിച്ചേരുന്നത്. ഒരു വാക്കിൻ്റെ വൈറസ് നിമിഷ നേരം കൊണ്ട് ലോകം മുഴുവൻ പടർന്നു പിടിക്കുന്നു. ഒരു വീഡിയോ ക്ലിപ്പിലെ കണ്ണീരൊപ്പാൻ K കണക്കിന് സഹായ ഹസ്‌തങ്ങൾ എവിടെ നിന്നൊക്കെയോ നീണ്ടുവരുന്നു. അശ്രദ്ധമായ ഒരു ജീവിതസന്ദർഭത്തിൻ്റെ നിമിഷനീളമുള്ള ദൃശ്യങ്ങളുണ്ടാക്കുന്ന കൊടുങ്കാറ്റിൽ വൻമരങ്ങൾ പിഴുതെറിയപ്പെടുന്നു.
സൈബർജീവിതം അവസരങ്ങളുടെ സമത്വസുന്ദരമായ തുറന്ന ലോകം മാത്രമല്ല നമുക്കുമുന്നിൽ പണിതുയർത്തിയിരിക്കുന്നത്. നീല വെളിച്ചത്തിൽ ഒളിഞ്ഞിരിക്കുന്ന ഇരുട്ടറകളുണ്ട്. തേൻ പുരട്ടിയ കെണിക്കളുണ്ട്. ഒരിക്കലും കുരുക്കഴിക്കാൻ കഴിയാത്ത ചങ്ങലകളുണ്ട്.
സൈബർലോകം പടച്ചുവിടുന്ന വിവരങ്ങൾ നമ്മുടെ ചിന്തകൾക്ക് പ്രാപ്യമല്ലാത്തവിധം അമിതമാകുമ്പോൾ ഒരു വിവരത്തിലും ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാത്ത പൊള്ളമനുഷ്യരായി നമ്മൾ മാറുന്നുണ്ടോ?
നൈമിഷകവിവരങ്ങളുടെ അനന്ത പ്രവാഹത്തിൽ നമ്മുടെ ചിന്തക്ക് ആഴം നഷ്‌ടപ്പെടുന്നുണ്ടോ?
ഒരു ചിന്തയോ ആശയമോ സൃഷ്‌ടിയോ ആദ്യാന്തം ആസ്വദിക്കാനുള്ള സമയവും ക്ഷമയും നമുക്കിപ്പോഴുണ്ടോ?
സൈബർ ലോകത്തും അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യവിരുദ്ധമായ കടുത്ത തർക്കങ്ങളായി മാറുന്നില്ലേ? നിങ്ങൾ എത്രപേരെ പൊങ്കാലയിട്ടു? എത്രപേരെ എയറിലാക്കി? തെറ്റായ വിവരങ്ങൾ പലതും സത്യത്തേക്കാൾ നൂറിരട്ടി വേഗത്തിൽ അൽഗോരിതങ്ങൾ താണ്ടുന്നില്ലേ?
ഇങ്ങനെയൊക്കെയായിരിക്കുമ്പോഴും സൃഷ്ടിപരമായ നിരവധി ഓൺലൈൻ വികസന സാധ്യതകൾ ഇന്നും സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. സാഹിത്യം, സിനിമ, ഫോട്ടോഗ്രഫി, പരിസ്ഥിതി,കല, യാത്ര,സാമൂഹിക മാറ്റം, സാമൂഹിക വിമർശം- ഇതെല്ലാം ഗൗരവതരമായി ചർച്ച ചെയ്യുന്ന ശക്തമായ ഡിജിറ്റൽ കൂട്ടായ്മകൾ മലയാളിയുടേതായി സൈബർ ലോകത്ത് വളർന്ന് പന്തലിച്ചിട്ടുണ്ട്. ചിന്താപരമായ വളർച്ചയുടെയും വികസനത്തിൻ്റെയും കാറ്റും വെളിച്ചവുമുള്ള തുറന്ന സർഗാത്മക ഇടങ്ങളാണ് അവയിൽ പലതും. ചോദ്യങ്ങൾ ചോദിക്കാനും ചിന്തിക്കാനുമുള്ള മലയാളിയുടെ സഹജസ്വഭാവം ഈ സൈബർ സമൂഹങ്ങളിലും അതേ ശക്തിയോടെ നിലനിൽക്കുന്നു.
സമ്പൂർണ്ണ അക്ഷര സാക്ഷരതയുടെ കാലം നമ്മൾ കേരളീയർ സുന്ദരമായി കടന്ന് പോയിരിക്കുന്നു. പക്ഷെ നാമിപ്പോഴും സാമൂഹിക മാധ്യമ സാക്ഷരതയിൽ എവിടെയുമെത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. നവ സാമൂഹിക മാധ്യമങ്ങളുടെ സാമൂഹിക വികാസ സാധ്യതകൾ നാമിനിയും പൂർണ്ണമായും തിരിച്ചറിയുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്തിട്ടില്ല. രാജ്യത്തെ ഏറ്റവും ഉയർന്ന സാമൂഹികമാധ്യമ പ്രാതിനിധ്യ ശതമാനമുളള സംസ്ഥാനങ്ങളിലൊന്നായിരിക്കുമ്പോഴും നമ്മളിൽ ഭൂരിഭാഗവും സാമൂഹിക മാധ്യമങ്ങളിൽ വെറും കാഴ്ചക്കാർ മാത്രമാണ്. ഒരു നേരംപോക്കിനോ തോണ്ടൽ പ്രവണതക്കോ അപ്പുറം വളർച്ചയും വികാസവുമുള്ള ഒരു നവസമൂഹ നിർമ്മിതിയിൽ പങ്കാളികളാകുമ്പോൾ മാത്രമേ നാം സോഷ്യൽ മീഡിയ സൃഷ്‌ടിപരമായി ഉപയോഗിക്കുന്നവരായി മാറുന്നുള്ളൂ.
അല്ലെങ്കിൽ നമ്മളറിയാതെ സോഷ്യൽ മീഡിയ നമ്മളെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം !സോഷ്യൽ മീഡിയ ലിറ്ററസിയുടെ അനിവാര്യതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.കേരളത്തിലെ സോഷ്യൽ മീഡിയയുടെ കഥ സാങ്കേതികവിദ്യയുടെ കഥ മാത്രമല്ല. അത് ഒരു സമൂഹത്തിന്റെ സംഭാഷണ സംസ്കാരം പുതിയൊരു മാധ്യമ സംസ്‌കാരത്തിലേക്ക് മാറുന്നതിൻ്റെ കഥയാണ്. ചായക്കടയിലെ ചൂടാറാ ചർച്ചകളും ഫേസ്‌ബുക്കിലെ കമന്റ് ത്രെഡുകളും വ്യത്യസ്തമായി തോന്നാമെങ്കിലും അവയെ ബന്ധിപ്പിക്കുന്നത് ഒരേ സ്വഭാവമാണ് – ചോദ്യങ്ങൾ ചോദിക്കാൻ മടിയില്ലാത്ത മലയാളിയുടെ മനസ്സ്.
നമ്മുടെ മുന്നിലുള്ള ചോദ്യം വളരെ ലളിതമാണ്, എന്നാൽ അത്രത്തോളം ആഴമുള്ളതും.
സംഭാഷണങ്ങൾ നീലവെളിച്ചത്തിലേക്ക് മാറിയപ്പോൾ,ചിന്തയുടെ ആഴവും പരപ്പും നന്മയുടെ നറുവെട്ടവും നമുക്ക് നിലനിർത്താൻ കഴിയുന്നുണ്ടോ?
മാനവ സ്വാതന്ത്ര്യത്തിൻ്റെയും വികാസത്തിൻ്റെയും ചുവരെഴുത്തുകൾ
തീർക്കാൻ നമുക്ക് മനസ്സുണ്ടോ?
കാരണം, മാധ്യമങ്ങൾ മാറി മാറി വരാം.
പക്ഷേ ഒരു സമൂഹത്തിന്റെ സംഭാഷണങ്ങളുടെയും സംവാദങ്ങളുടെയും ഗുണമേന്മ നിർണ്ണയിക്കുന്നത് ഇന്നും ആ സമൂഹത്തിലെ മനുഷ്യരുടെ കെട്ടുപോകാത്ത മനസ്സാണ്.
