രചന : ബിബിത് കോഴിക്കളത്തിൽ ✍️
ശക്തികൊണ്ട് മാത്രമല്ല യുദ്ധം ജയിക്കുന്നത്, യുക്തികൊണ്ടു കൂടിയാണ്. ഇറാൻ തുറന്നിരിക്കുന്ന പുതിയ യുദ്ധമുഖം ലോക രാഷ്ട്രങ്ങളെ പ്രത്യേകിച്ചും അമേരിക്കയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.
തൻറെ രണ്ടാമൂഴം എന്ന ക്ലാസിക് നോവലിൽ എം ടി, ഹസ്തിനപുരിയിൽപ്പോയി തിരിച്ചുവന്ന മക്കളോട് ചോദ്യങ്ങൾ ചോദിക്കുന്ന കുന്തിയെ അവതരിപ്പിക്കുന്നുണ്ട്.,
യാത്രപറയുമ്പോൾ ഇളയഛൻ എന്താണ് പറഞ്ഞതെന്നാണ് അവൾ മക്കളോട് ചോദിക്കുന്നത്. എന്തൊക്കെയോ ഭംഗിവാക്കുകൾ പറഞ്ഞുവെന്ന് അലസമായി യുധിഷ്ഠിരൻ പറയുമ്പോൾ കുന്തിക്ക് ദേഷ്യംവരുന്നുണ്ട്. എന്തെങ്കിലും പറയാതിരിക്കാൻ ന്യായം കാണുന്നില്ലല്ലോ എന്നാണവൾ പറയുന്നത്.
അല്പം അസുഖത്തോടെ യുധിഷ്‌ഠിരൻ
“ഉവ്വ്, പതിവുപോലെ അല്പം തത്ത്വജ്ഞാനവും പറഞ്ഞു.’
അമ്മയുടെ സ്വരം കർക്കശമായി:
‘പറഞ്ഞതു കൃത്യമായി പറയൂ. തത്ത്വജ്ഞാനം നടക്കുന്നേടത്തൊക്കെ വാരിവിതറാനുള്ളതല്ല അദ്ദേഹത്തിന്. പറഞ്ഞ വാക്കുകളാണ് എനിക്കു കേൾക്കേണ്ടത്.’
യുധിഷ്ഠിരൻ കൈയിൽ നെറ്റിയമർത്തിയിരുന്ന് എന്തോ ആലോചിച്ചു. പിന്നെ ഓർമ്മിച്ചുകൊണ്ട് വിജയഭാവത്തിൽ മുഖമുയർത്തി
‘ലോഹംകൊണ്ടു മാത്രമല്ല, ആയുധമുണ്ടാക്കുന്നതെന്നു പറഞ്ഞു.’
‘പിന്നെ?’
അമ്മ ഇമവെട്ടാതെ നോക്കിക്കൊണ്ട് ഒരിക്കൽക്കൂടി ആവർത്തിച്ചു:
‘പിന്നെ?’
“മഞ്ഞിൽ രക്ഷ നൽകുന്നവർതന്നെയാണ് ചിലപ്പോൾ കാടെരിക്കുന്നതെന്നും പറഞ്ഞു.’,
അമ്മയുടെ മുഖത്താണിപ്പോൾ വിജയഭാവം.
‘പിന്നെ? പിന്നെ?’
‘കാട്ടിൽ കഴിയുന്നവർക്കു മുള്ളമ്പന്നിയിൽനിന്നുകൂടി പാഠങ്ങൾ പഠിക്കേണ്ടിവരുമെന്നും പറഞ്ഞു. വേറെ കാര്യമായൊന്നും പറഞ്ഞില്ല.’
അമ്മ നെടുവീർപ്പോടെ എഴുന്നേറ്റു.
‘മനസ്സിൽ ആ മഹാത്മാവിന് വിദൂരപ്രണാമം ചെയ്യൂ. ഓരോരുത്തരും.’
എന്നിട്ട് മരച്ചുമരുകൾക്കടുത്തു നടന്ന് വിരലോടിച്ചു തിരിച്ചുവന്ന് അമ്മ പറഞ്ഞു: ‘തീയാണിവിടെ ശത്രു. കോലരക്കിന്റെയും നെയ്യിന്റെയും ഗന്ധം തട്ടിയപ്പോൾത്തന്നെ മനസ്സിലാക്കേണ്ടതായിരുന്നു. തീവെച്ചു ചുടാൻപാ കത്തിലൊരുക്കിയതാണ് ഈ ഗൃഹം.’
പാണ്ഡവർ താമസിക്കുന്ന അരക്കില്ലം ചുട്ടെരിക്കപ്പെടുന്നതിന് മുമ്പ് നടക്കുന്ന സംഭാഷണമാണ്.
ആയുധങ്ങൾകൊണ്ടു മാത്രമല്ല യുദ്ധങ്ങളെന്നും അത് ഫ്ലോചാർട്ടുകളും ലാപ്ടോപ്പുാകളും ഉപയോഗിച്ചാണെന്നും അരുന്ധതി റോയി വർഷങ്ങൾക്ക് മുമ്പ് പറയുന്നുണ്ട്.
അത്തരത്തിലൊരു യുദ്ധമുഖമാണ് ഇറാൻ ഇപ്പോൾ തുറന്നിരിക്കുന്നത്.
സൈനികശക്തികൊണ്ടുമാത്രമല്ല തങ്ങൾ ജയിക്കാൻപോകുന്നതെന്ന് ഓരോ ദിവസവും ഇറാനെടുക്കുന്ന നിലപാടുകളിൽനിന്നും മനസ്സിലാക്കാവുന്നതാണ്.
ആദ്യം അവർ ജി.സി.സി രാഷ്ട്രങ്ങളെ ആക്രമിച്ചു. തുടർച്ചയായി ആക്രമിച്ച് അവർ സാമ്പത്തിക രംഗത്തെ രാജ്യങ്ങളെ കുരുക്കിയിട്ടു. അവരുടെ നിലപാടുകളെ കൺഫ്യൂഷനിലാക്കി.
പിന്നീടവർ ഹോർമൂസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തി. ഇപ്പോഴാകട്ടെ അവർ ഓയിൽ വ്യാപാരം ഡോളറിനുപകരം ചൈനീസ് യുവാനിൽ മതിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഡോളറിന്റെ തകർച്ചയും യുവാന്റെ കുതിപ്പിനുമാണ് ലോകം സാക്ഷിയാകാൻ പോകുന്നത്. ഇറാനെതിരായ ഉപരോധമേർപ്പെടുത്തിയതോടെ ഇറാനുമായി വ്യാപാരം നടത്തുന്നത് നേരത്തേ തന്നെ പല രാജ്യങ്ങൾക്കും ബുദ്ധിമുട്ടായി മാറിയിരുന്നു. ഈയൊരു തീരുമാനം വന്നതോടെ ഉപരോധത്തെ മറികടക്കാനും ഡോളർ ആശ്രിതത്വവും ആധിപത്യവും കുറയ്ക്കാനും മറ്റു രാജ്യങ്ങളെ സഹായിക്കും. ലോകത്ത് ചൈനയുടെ സ്വാധീനം വർധിക്കുകയും ചെയ്യും. ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും ഇതുവഴിയാണ് നടക്കുന്നത്.
1974-ൽ തുടങ്ങിയ അമേരിക്കൻ പെട്രോഡോളർ വ്യാപാരത്തിന് കനത്ത തിരിച്ചടിയാകുമെന്നാണ് പറയപ്പെടുന്നത്. ലോകത്തെ ഏറ്റവും കരുത്തുറ്റ കറൻസിയാക്കി ഡോളറിനെ മാറ്റിയത് പെട്രോഡോളറിലുള്ള കൈമാറ്റമായിരുന്നു.
40 വർഷത്തിലേറെയായി അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നേരിടുന്ന ഇറാൻ കണ്ടെത്തിയ പ്രധാന പങ്കാളിയായി ചൈന മാറുകയാണ്. ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം തടയുന്നതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയും അത് പണപ്പെരുപ്പത്തിന് കാണമമാവുകയും ചെയ്യും. അമേരിക്കയെന്ന ലോകത്തിലെ ഏറ്റവും വലിയ സൈനികക്തിയെ നേരിട്ട് തോൽപ്പിക്കുകയെന്നത് അസാധ്യമാണ്.
ഇതോടെ റഷ്യ, ചൈന, ബ്രിക്സ് രാഷ്ട്രങ്ങളെല്ലാം ചേർന്ന് ഡോളറിന് പകരം മറ്റ് സംവിധാനങ്ങൾ പരീക്ഷിക്കാനുള്ള സാധ്യതയിലേക്കാണ് പോകുന്നത്. വീണ്ടും ശീതയുദ്ധകാലത്തിന്റെ അവസ്ഥയിലേക്ക് ലോകം പോകാനുള്ള സാധ്യതയാണ് നിരീക്ഷകർ കാണുന്നത്. ആഗോള സമ്പദ് വ്യവസ്ഥ ആര് നിയന്ത്രിക്കണമെന്ന യുദ്ധത്തിന്റെ നാന്ദിമാത്രമാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഇറാനിലെ അമേരിക്കൻ കടന്നാക്രമണം.
ആയുധങ്ങൾ കൊണ്ട് മാത്രമല്ല യുദ്ധം എന്ന് ഇറാൻ തെളിയിക്കുകയാണ്.
