രചന : അൻവർ ഷാ ഉമയനല്ലൂർ✍️
പുതിയ കല്പടവുകൾക്കയറിയ ന്നൻപാർന്ന-
യറിവുകളേറേ നുകർന്ന കാലം
ശ്രുതിമധുര സലില സംഗീതമായരുവികൾ
ഹരികീർത്തനങ്ങളുരച്ച കാലം
മതിലാലകം വേർപെടുത്താതെയൊരു നല്ല-
സദ്യപോൽ ജന്മം രുചിച്ച കാലം
കനിവിന്റെ നെൽപ്പാടമരികിലുണ്ടായിരു-
ന്നഴകാർന്ന ഗ്രാമങ്ങളായിരുന്നു
കതിരുകൾ മധുതൂകി നിന്നയക്കാലമെൻ
കനവുപോലതിരമ്യമായിരുന്നു.
മിഴികളന്നാർദ്ര നിലാവു പോലൊരുമതൻ
പനിനീരു തൂകിത്തുടുത്തിരുന്നു
സുമതോരണങ്ങളണിഞ്ഞ ദ്രുമങ്ങൾതൻ
ശീതളച്ഛായയൊന്നാസ്വദിക്കാൻ
തെല്ലു വലുപ്പവും കാട്ടാതെ പതിവുപോൽ
കവിതകൾ പാടിനാ,മന്നഞ്ഞു;
കുളിരേകിയെങ്ങുമുയർന്ന സ്വരങ്ങൾ തൻ
നിരകളാലോണം തളിരണിഞ്ഞു.,
ചേറു പുരണ്ടവർക്കകതാരിലൊരു ഹരിത-
ഗീതകം മുറിയാതുയർന്നിരുന്നു.,
മതിവരുന്നില്ലയെൻ സ്മരണയിലുണരുന്ന-
പൊന്നോണമേ, മമ ഗ്രാമബാല്യം.,
നിളപോലൊഴുകിയ കന്നുവല്ലോ സൗമ്യ-
ശാലീന ഭാവം നുകർന്ന കാലം.
കനിവാകെ വറ്റിയിപ്പുലരിതൻ ചിരി മാഞ്ഞ-
പോലായി വാനവുമിന്നു പാരും
പേരിന്നുപോലുമില്ലാതായി ശാന്തിതൻ
നൈർമ്മല്യ കാവുമാ,പ്പൂ നിലാവും
വിധിയിന്നിതാകെയുമെന്നു കരുതുവാ-
നാകില്ല വ്യഥയാലുടഞ്ഞു ചിത്തം
കഥകഴിഞ്ഞെന്നപോൽ മൂകമായ് കാരുണ്യ-
കാവ്യങ്ങൾ കേൾപ്പിച്ച ജന്മഗ്രാമം.,
ഹർമ്മ്യങ്ങളെങ്ങുമുയർന്നു, മറഞ്ഞുപോയ്
നൈർമ്മല്യ കോകിലാനന്ദ ഗീതം;
വറ്റുന്നു പിന്നെയും സ്നേഹാർദ്ര സരസ്സുകൾ
തെറ്റിവന്നീടുന്നൃതുക്കൾ പാരിൽ.
വന്നടുത്തെത്തുന്നതെങ്ങനെൻ ലോകമേ-
യനുപമ കാലങ്ങളനുഭവത്താൽ
വീണടിഞ്ഞെത്രയിന്നിവിടെയീ ധരണിയി-
ലീണങ്ങളാകേണ്ട ജീവിതങ്ങൾ
ശുഷ്ക്ക ചിത്തങ്ങളിൽ നിറയുന്ന വൈകല്യം
ഹൃത്തിനേകില്ല കൈവല്യസൂനം
വ്യർത്ഥമാക്കേണ്ടതല്ല വനിയിൽ ജീവിതം,
ശക്തമാക്കേണ്ടതാണാർദ്രലോകം.,
വറ്റിടാനനുവദിച്ചീടായ്ക കവിതപോൽ
കാത്തുസൂക്ഷിക്കേണ്ടതാണു കാലം.
ചുറ്റുമിരുൾ പടർത്തീടും തടുക്കായ്കിൽ
മുറ്റിനിൽക്കുന്നതാം ഛിദ്രഭാവം
കാവൽ നില്ക്കാ,മീ പ്രപഞ്ച സുഖതാളം
തെളിമയോടുയരട്ടെ നിത്യകാലം;
തളിരണിഞ്ഞീടാനൊരുങ്ങുന്നു കേരളം
തളരാതെ സ്പന്ദിച്ചിടട്ടെ ലോകം..

