തളർന്നൊരീ ദേഹത്തിൻ തടവറയ്ക്കുള്ളിൽ ഞാൻ,
തനിയെ കരയുന്ന നിഴൽരൂപമായ്.
ശ്വാസത്തിൻ നൂലിനാൽ കെട്ടിയിട്ടീവിധി,
വേദനതൻ കടലിലെന്നെ നീറ്റുന്നുവോ?

കണ്ണിലെ വെളിച്ചമണഞ്ഞുപോയ്‌ പണ്ടേ,
കാതുകൾ കേൾക്കുന്നു മരണത്തിൻ മന്ത്രണം.
യന്ത്രങ്ങളൂതുന്ന കൃത്രിമ ശ്വാസവും,
മരുന്നിൻ കയ്പും മതിയാക്കിടട്ടെ ഞാൻ!

പിടയുന്ന പ്രാണനെ താലോലിച്ചിട്ടിനി,
ബാക്കിയെന്തുള്ളു നീറുന്ന ഓർമ്മകൾ?
ജീവിക്കുവാനുള്ളവകാശം പോലെയീ-
മണ്ണിൽ മരിക്കാനും വേണമൊരവകാശം!

മാന്യമായ് മടങ്ങുവാനനുവദിക്കൂയെന്നെ,
മൗനത്തിൻ താഴ് വരയിലലിഞ്ഞുചേരാൻ.
ഉറ്റവർ തൻ കണ്ണിൽ നോക്കിയൊന്നുചിരിക്കുവാൻ,
യാത്ര ചോദിക്കുവാനൊരുനിമിഷം തരൂ!

രോഗത്തിൻ ക്രൂരത തിന്നുതീർത്തീടുമീ-
പാഴ്ജന്മമിനിയും തളിർക്കുകില്ല.
സ്നേഹത്തിൻ പേരിൽ പിടിച്ചുനിർത്തുന്നതും,
ക്രൂരതയല്ലേപ്രിയരേ ഓർക്കുക!

സ്വാതന്ത്ര്യമാകട്ടെ എൻ അന്ത്യമൊഴിയും,
പൂവിതൾ പോലെയൊന്നു കൊഴിഞ്ഞു വീഴാൻ.
അനുവദിക്കൂ ഒടുവിലീ കനിവായെങ്കിലും,
ശാന്തിതൻ ചുംബനം കൊണ്ടുഞാനുറങ്ങട്ടെ!

ഏറ്റവുമൊടുവിലായൊരു നിദ്രതന്നീടുകിൽ,
ഏറ്റം നല്ലൊരുശാന്തിലഭിച്ചിടും.
എല്ലാമനിതരും ജീവിക്കുവാൻ പൊരുതുന്നെങ്കിലും,
എത്രയും പെട്ടെന്നീജീവൻ വെടിഞ്ഞുമറഞ്ഞിടട്ടെ ഞാൻ!

ബി സുരേഷ്കുറിച്ചിമുട്ടം

By ivayana