രചന : ഹിമവാൻ രുദ്രൻ ✍️
പ്രണയം പൊടിഞ്ഞുതുടങ്ങുന്നനാളുകളിൽ ഞാനൊരു ട്രേഡ് മാർക്കുള്ള കൊഞ്ഞാണൻ ആയിരുന്നു…
ഇപ്പഴും വലിയ മാറ്റം ഒന്നുമില്ലേലും അന്ന് കാണുന്ന എല്ലാ പുഷ്പങ്ങളോടും പ്രണയമായിരുന്നു..
ആരോടേലും ഒന്ന് തുറന്ന് പറയാന്ന് വെച്ചാൽ ധൈര്യവുമില്ല ഒടുക്കലത്തേ അപകർഷതയും..
പിന്നേ ടേസ്റ്റ് സ്വിംഗും…
ഒരാളുടേയും പുറകേ നടക്കാൻ വയ്യാ എന്നൊരു മാനസികാവസ്ഥയും.
അത്കൊണ്ട് ഈ ആഴ്ചത്തേ പൂജാ വിഗ്രഹം ആയിരിക്കില്ല അടുത്താഴ്ച..
പക്ഷേ ശ്രീകോവിലിൽ കയറി ഒന്ന് പൂജ ചെയ്യാൻ മുപ്പത്താറ് വയസ്സ് വരേ ഞാൻ ക്ഷീരസാഗരമൊഴുക്കി വൃഥാ..
അങ്ങനൊക്കേ ആയിരുന്നേലും ഞാനൊരു സീറോ പ്രതിരോധമുള്ള പ്രണയ ചാലകനായിരുന്നു,ആര് പ്രണയിച്ചാലും അവർക്ക് റൂം വരേ ബുക്ക് ചെയ്ത് കൊടുക്കും..
സിനിമ പാട്ട് കേട്ട് പ്രണയലേഖനം എഴുതും,അതിൽ ദാഹാർത്തനായ സുഹൃത്തിന് വേണ്ടി രക്തക്കറ വരേ ഒഴുക്കി പാവം പെണ്ണുങ്ങളേ സെൻ്റിമെൻ്റലിൽ എത്തിച്ച് വളച്ച് കൊടുക്കുമായിരുന്നു…
വേലി ചാടുന്നവർക്ക് വേണ്ടി ഏണി ഞാൻ സ്വന്തമായി പണിഞ്ഞ് വെച്ചിരുന്നു…
രജിസ്റ്റർ മാര്യേജിനുള്ള എല്ലാ നിയമ സഹായം, തല്ല് സഹായം, പോലീസ് സഹായം രജിസ്റ്റർ ഓഫിസിലേ തരികിട സാറുമാർ എന്ന് വേണ്ട അത്യാവശ്യം ഗൈനക്കൊളജിസ്റ്റ് വരേ എൻ്റേ പ്രണയ ചാലക ശക്തിയിൽ കരുതിയിരുന്നു…
ഒറ്റവാക്കിൽ പറഞ്ഞാൽ സ്റ്റുഡൻ്റ് കേഡർ ഓഫ് മൂന്നാൻ..
പക്ഷേ എൻ്റേ പ്രാഗൽഭ്യം ഇതിലൊന്നുമല്ലായിരുന്നൂ,
ഒത്തുതീർപ്പിലായിരുന്നു…
പ്രണയിച്ച് തുടങ്ങിയാൽ മൂന്നാം പക്കം ഇവറ്റകൾ തമ്മിലടി തുടങ്ങുമെന്നേ,
അപ്പോ അരയന്നമായി ചെന്ന് ദൂത് കൈമാറി എല്ലാം പറഞ്ഞ്
സെറ്റിൽമെൻറ്റാക്കി,കുരുത്തക്കേട് വല്ലതും വേണേൽ ആവാം എന്നൊരു പ്രോൽസാഹനവും നൽകും..
എന്നാലും ഈ തമ്മിലടികൾ രൂക്ഷമായി പകയും പടവെട്ടലും ആത്മഹത്യ ഭീക്ഷണി വരേ ഉണ്ടാകുമ്പോഴും ഒരു പരൽമീൻ കണക്കേ അവരുടേ ഇടയിൽ ഉണ്ടാവും…
ഈഗോ തന്നേ ആവും എല്ലാ പ്രശ്നത്തിൻ്റേയും മൂലാധാരം..
പക്ഷേ തൈക്കിളവൻ ആയപ്പോൾ എനിക്കൊരു ചുറ്റിക്കളി തരപെട്ടപ്പോൾ ആണ് ഞാൻ ഒരു സത്യം മനസിലാക്കുന്നത്..
ഞാൻ ഈ ഈഗോയുടേ അപ്പോസ്തലൻ ആണെന്നും,
ഒരുവിധപ്പെട്ട എല്ലാ പെണ്ണുങ്ങളിലും പ്രണയം സൈക്കോ മെറ്റീരിയൽ ആണെന്നും..
ഈ ഈഗോ കാരണം പഴുത്ത മാങ്ങകൾ പലതും കാക്ക കൊത്തി പോകുന്നത് കണ്ടോണ്ട് നിന്ന് തൊണ്ടക്കുഴിയിൽ കിണറ് കുത്തിയിട്ടുണ്ട് ഞാൻ..
ആ ഈഗോ പുരുഷൻമാരുടേ ഒരു വർഗ്ഗ സ്വഭാവവും ശാപവും അഹങ്കാരദണ്ഡും ആണെന്ന് ഒരാൾ വാദിച്ചപ്പോൾ അപ്പോസ്തലൻ ആയ ഞാൻ എൻ്റേ അഭിപ്രായം ഒന്ന് തള്ളി മറിക്കാമെന്ന് വെച്ചു..
സത്യം പറയട്ടേ…
ഈ പറയുന്ന ഈഗോയും ഇൻ്റിമസിയും കുശുമ്പും എൻ്റേ മാത്രമെന്ന് ഉള്ള വാശിയും ചട്ടവും നിയമവും പിണക്കവും പരിഭവവും ഓർത്ത് വെക്കലും പകരം ചോദിക്കലും കുത്തലും കൂവലും കളായാക്കലുകളും ചോദ്യം ചെയ്യലുകളും സംശയങ്ങളും അള്ള് വെപ്പും അനന്തപുര രഹസ്യങ്ങളും കരുതലും,കൂട്ടിരുപ്പും,സമർപ്പണവും തലയിണമന്ത്രവും എല്ലാം മൂർദ്ധന്യാവസ്ഥയിൽ സ്ഥായിയായുള്ളത് പെണ്ണുങ്ങൾക്ക് ആണ്….
പക്ഷേ നെഗറ്റീവും പോസിറ്റീവുമായുള്ള ഈ ഗുണങ്ങളെല്ലാം അവരുടേ പ്രണയാംബുജത്തിൻ്റേ ഓരോ ദളങ്ങളാണ്,അത് അംഗീകരിച്ചേ പറ്റൂ,അതിൽ ചോദ്യമില്ല എന്നൊരു മാനസികാവസ്ഥ ഇവരുടേ ജീനുകളിൽ തന്നേ ഉള്ളതാണ്…പറഞ്ഞ് നേടാൻ പറ്റില്ല…
തിരിച്ച് ഈ നെഗറ്റീവ് ഗുണങ്ങളിൽ ഏതേലും ഒന്ന് പുരുഷനിൽ കണ്ടാൽ അവളതിനേ അവൻ്റേ കുറവായി കണ്ട് സകലമാന ദോക്ഷങ്ങളുടേയും കാരണം ഈ സ്വഭാവങ്ങാണ് എന്ന് പറഞ്ഞ് മുഖം തിരിച്ച് ഇരിക്കും..
പിന്നേ കാല് പിടിച്ച് കരഞ്ഞാലും മൈൻഡ് ചെയ്യില്ല..
അവസാനം മ്മളിൽ ഒരു വാശി വരുമ്പോൾ ഓള് മ്മടേ ഈഗോ കൗണ്ട് ചെയ്ത് തുടങ്ങും..
പ്രണയത്തിന് ഏറ്റവും ആവശ്യം എന്താണെന്ന് ഒരു പെണ്ണിനോട് ചോദിച്ചാൽ ഉടനേ അവൾ പറയും..
എന്നേ ചതിക്കരുത്..
പരസ്പര വിശ്വാസം വേണം..
കെയർ വേണം…
ഇൻ്റിമസി വേണം..
കള്ളം പറയരുത്…
ഞാൻ മാത്രമേ ഈ നെഞ്ചിൽ ആവാകൂ..
എന്നൊക്കേ…
ഇനി ഈ ചോദ്യം ആണിനോട് ചോദിച്ചാൽ..
അവൻ ബൾബ് വിഴുങ്ങി നിൽക്കും.
വളച്ചെടുത്ത പാട് തന്നേ അവനറിയാം..അതിനിടയ്ക്ക് ഒരുമ്മ ചോദിക്കാനുള്ള ഒരു ചിന്തയിലാവും അവൻ..
ഇത്തിരി മാംസം കൂടുതലാണ് അവൻ്റെ ചിന്തയ്ക്ക്..
സത്യത്തിൽ പ്രണയം വിജയിക്കണമെങ്കിൽ Tolerance..സഹിഷ്ണുത ആണ് വേണ്ടത്…
ഒരാളുടേ കുറവൂകളും സ്വഭാവ സവിശേഷതകളും സാഹചര്യങ്ങളും ചിന്താമേഖലകളും ജീവിത സൈദ്ധാന്തികയും തിരിച്ചറിഞ്ഞ് പ്രണയിക്കുക..
നിങ്ങൾക്ക് എവിടെ വരേ കോംപ്രമൈസ് ചെയ്യാം എന്നൊരു ധാരണയുണ്ടാവണം..
കോംപ്രമൈസ് ചെയ്യാൻ കഴിയാത്തതാണ് അധികം എങ്കിൽ ഫാൻ്റസിയുടേ ലോകത്ത് നിന്ന് ജീവിതം കാണാതേ ഓടി രക്ഷപെട്ടോളുക..
എവിടെയാണ് ഈഗോ ആദ്യം തുടങ്ങുന്നത് എന്ന് ചോദിച്ചാൽ..
പ്രണയം ഒന്ന് പടർന്ന് കയറുമ്പോൾ പെണ്ണ് അവളുടേ ലോകം അവന് ചുറ്റുമായി മാത്രം ചുറ്റീകെട്ടും..
ചെക്കൻ അവള് കരവലയത്തിൽ ആയാൽ പിന്നേ..
പഴയ തൊഴിൽ സൗഹൃദം രാഷ്ട്രിയം ഗെയിം കലാപരിപാടികൾ ഇടയിലേക്ക് ഓക്കേ തിരിച്ച് വിടും..
അവനാ ലോകത്തേക്ക് പോയില്ലേൽ പെങ്കോന്തൻ എന്ന് വിളിക്കുന്നതും അമ്മായിമ്മ ആവും..
അവിടെ പെണ്ണിന് മിസ്സിംഗ് അടിക്കും.
പരാതി പറയും..
വിഷമം പറയും..
പിണക്കം വരും..
തമ്മിലടിക്കും…
പിന്നേ എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും പ്രണയസോപാന സമയത്തേ അവനേ കിട്ടാതേ അവൾ അടങ്ങില്ല..
കിട്ടിയില്ലേൽ അതൊരു മടുപ്പായി അവൾ മനസിൽ കുറിയ്ക്കും..
പിന്നേ എല്ലാത്തിലും ഈ മടുപ്പ് കണ്ടെത്തും..
പിന്നെയങ്ങ് തുടങ്ങുവല്ലെ….
മുഖം വീർത്തു തുടങ്ങും.
ഏങ്ങലുകൾ കരച്ചിലുചകളായി പരിണമിക്കും..
പിന്നെ ചൊറിച്ചിലുകളായി രൂപാന്തരപെടും..
അവസാനം പുല്ലിനേ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും..
എന്നാലും തമ്മിൽ മൽസരിച്ച് പഴി പറഞ്ഞ് പിടിച്ചു നിൽക്കും…
പീരിഡസ് സമയം വല്ലതും ആണേൽ ചിരവയ്ക്ക് ഇട്ട് തലയിലും അടിക്കും..
ഇനി ഒന്നടങ്ങണമെങ്കിൽ മ്മക്ക് വൈറൽ ഫീവർ വരണം അല്ലേൽ അവൾക്കെന്തേലൂം ‘ആവശ്യം തോന്നണം..
പരിഹാരം ഒന്നേ ഉള്ളു..
ആവേശത്താൽ പ്രണയിക്കാതിരിക്കുക..
ആളറിഞ്ഞ് പ്രണയിക്കുക..
അതിനുള്ള ബുദ്ധിയും സാവകാശവും പരമേശ്വരനോട് ചോദിക്കുക…
എന്നാലും അവള് ഇത്തിരി കാച്ചെണ്ണ മണവുമായി വന്നാൽ…തീർന്നു..
