​ആമുഖം
​നഗരത്തിന്റെ വർണ്ണപ്പൊലിമകൾക്കും ആരവങ്ങൾക്കുമപ്പുറം, അവഗണനയുടെയും ഇരുട്ടിന്റെയും കരിപുരണ്ട തെരുവുകളിൽ ജീവിക്കുന്ന മനുഷ്യരുടെ കഥയാണ് “മാറുന്ന നിഴൽ രൂപങ്ങൾ”. മുഷിഞ്ഞ വസ്ത്രങ്ങളും കയ്പ്പേറിയ ഓർമ്മകളും ഉള്ളിലൊതുക്കി, തെരുവ് നൽകിയ പരുക്കൻ അടയാളങ്ങളുമായി ജീവിക്കുന്ന ആദി എന്ന യുവാവ്. അവന്റെയുള്ളിലെ വന്യതയെ സ്നേഹവും കരുണയും കൊണ്ട് ശാന്തമാക്കുന്ന മീര എന്ന പെൺകുട്ടി.

ഇതൊരു വെറും പ്രണയകഥയല്ല; മറിച്ച്, പ്രതികാരത്തിന്റെ തീക്കനലുകൾ എരിയുമ്പോഴും മനുഷ്യത്വത്തിന്റെ തണുപ്പുകൊണ്ട് അതിനെ കെടുത്താൻ കഴിയുമെന്ന് തെളിയിക്കുന്ന ഒരേടാണ്. അധികാരത്തിന്റെയും പണത്തിന്റെയും അഹങ്കാരത്തിൽ ചതിയുടെ വലനെയ്തവർ, ഒടുവിൽ അതേ തെരുവിന്റെ അഴുക്കുചാലിൽ അഭയം തേടേണ്ടി വരുമ്പോൾ, അവരോട് ക്ഷമിക്കാനും സ്നേഹത്തോടെ ഒരു പൊതിച്ചോറ് നൽകാനും കാണിക്കുന്ന വലിയ മനസ്സ് ആദിയെ ഒരു സാധാരണ തെരുവ് പയ്യനിൽ നിന്ന് വലിയൊരു സത്യം തിരിച്ചറിഞ്ഞ മനുഷ്യനായി മാറ്റുന്നു.

തെരുവിന്റെ പശ്ചാത്തലത്തിൽ വിരിയുന്ന ഈ വൈകാരികമായ കഥ, പണത്തേക്കാളും പത്രാസിനേക്കാളും വലുത് മനുഷ്യത്വമാണെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നു.
നഗരത്തിന്റെ ആഡംബരങ്ങൾ അവസാനിക്കുന്നിടത്ത്, ഇരുട്ടും അഴുക്കും ഇണചേരുന്ന തിരക്കൊഴിഞ്ഞ തെരുവിലാണ് ആദിയുടെ ലോകം തുടങ്ങുന്നത്. അവിടെ ഒരു പഴയ സിമന്റ് തൂണിൽ ചാരിയിരുന്ന് അയാൾ ആകാശത്തേക്ക് നോക്കി സിഗരറ്റ് പുകച്ചു. അകലെ എവിടെയോ ഒരു റേഡിയോയിൽ നിന്ന് പഴയൊരു താരാട്ടുപാട്ടിന്റെ ഈണം ഒഴുകി വന്നു. അയാളുടെ വിരലുകൾ പെട്ടെന്ന് മുറുകി; സിരകളിൽ രക്തം തിളച്ചു. കണ്ണുകൾ ചുവന്നു. സമനില തെറ്റിയവനെപ്പോലെ അവൻ പാഞ്ഞടുക്കാൻ ശ്രമിച്ചു.
“ആദീ… നിൽക്ക്!”

പിന്നിൽ നിന്ന് ഒരു വിളി. മൃദുവായതെങ്കിലും അതിൽ ഒരു അധികാരമുണ്ടായിരുന്നു. മീര കൈയ്യിൽ ഒരു പൊതിച്ചോറുമായി മുന്നിൽ വന്നു നിന്നു. അവൾ അവനെ തടഞ്ഞു. പരുക്കൻ കൈകളിൽ പിടിച്ചു.
“നീ വീണ്ടും തുടങ്ങുകയാണോ? ആ പാട്ട് നിന്നെ കൊല്ലാനൊന്നുമല്ല,” അവൾ ശാന്തമായി പറഞ്ഞു.
ആദി അവളെ രൂക്ഷമായി നോക്കി. “നിനക്കറിയില്ല മീര… അത് കേൾക്കുമ്പോൾ എന്റെ തലയ്ക്കകത്ത് ആരോ ആണിയടിച്ചു കയറ്റുന്നത് പോലെയാണ്. നിർത്തിവെയ്ക്കാൻ പറ അവരോട്!”

മീര ഭയപ്പെട്ടില്ല. അവൾ അവന് തൊട്ടടുത്ത് ചെന്ന് ആ പരുക്കൻ കൈകളിൽ പിടിച്ചു. ആദിയുടെ വിറയൽ പതുക്കെ നിന്നു. അവന്റെ ഉള്ളിലെ വന്യമൃഗം ആ പെൺകുട്ടിയുടെ സ്പർശനത്തിന് മുന്നിൽ ഒരു കുഞ്ഞിനെപ്പോലെ ശാന്തനാകുന്നത് വിചിത്രമായ ഒരു കാഴ്ചയായിരുന്നു.
“നീ കഴിച്ചോ?” അവൻ ശബ്ദം താഴ്ത്തി ചോദിച്ചു. “ഇല്ല, നീ കഴിച്ചിട്ട് വേണം എനിക്ക് കഴിക്കാൻ. വാ…” അവൾ അവനെ ആ സിമന്റ് തിണ്ണയിലേക്ക് പിടിച്ചിരുത്തി.
അവർക്കിടയിലെ പ്രണയം പനിനീർപ്പൂക്കൾ നിറഞ്ഞതല്ല. അത് തെരുവിലെ കരിയും പുകയും കലർന്ന ഒന്നായിരുന്നു. വാക്കുകളേക്കാൾ കൂടുതൽ നിശബ്ദതയും, പരിഭവങ്ങളേക്കാൾ കൂടുതൽ കരുതലുമാണ് അവർക്കിടയിലുള്ളത്.

മീരയ്ക്ക് അറിയാം, ഈ പരുക്കൻ തോടിനുള്ളിൽ ഒരു വലിയ രഹസ്യം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന്. അത് പുറത്തുകൊണ്ടുവരാൻ അവൾക്ക് മാത്രമേ കഴിയൂ.
വട്ടമുഖവും കറുപ്പും ആണെങ്കിലും ആദിയെ കാണാൻ നല്ല ചന്തമുണ്ട്. അവന്റെ സ്നേഹം ഒരുനാൾ പിടിച്ചെടുക്കുമെന്ന വാശിയിലാണ് മീര. മീരയും സുന്ദരിയാണ്; എണ്ണക്കറുപ്പിൽ അവളെ ആരും ഒന്ന് നോക്കിപ്പോകുന്ന ചന്തമുണ്ട്. ഇരുപത്തിയഞ്ചു വയസ്സുള്ള ആദി ആ തെരുവിലെ കൊച്ചു റൗഡി ആണെങ്കിലും പ്രായഭേദമെന്യേ എല്ലാവരും അവനോട് ബഹുമാനവും സ്നേഹവും കാണിക്കുന്നു. തെരുവിന്റെ സമ്പാദ്യമാണവൻ. മുഷിഞ്ഞ ഷർട്ടും, വെട്ടിയിട്ട് നാളുകളായ താടിയും, കണ്ണുകളിലെ വന്യമായ തിളക്കവും തെരുവ് അവന് നൽകിയ അടയാളങ്ങളായിരുന്നു.
ദൂരെ നിന്ന് മാരിയമ്മ അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ആദിയുടെ ജനനരഹസ്യം തന്റെ നെഞ്ചിൽ ഒരു കനലായി കൊണ്ടുനടക്കുന്ന ആ വൃദ്ധയുടെ കണ്ണുകളിൽ ഭയമായിരുന്നു. ആദി സത്യങ്ങൾ അറിയുന്ന ദിവസം ഈ നഗരം പ്രകമ്പനം കൊള്ളുമെന്ന് അവർക്കറിയാമായിരുന്നു. മാരിയമ്മ അൽപ്പം മാറി തന്റെ വീടായ കടയുടെ വരാന്തയിലിരുന്ന് അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“മാരിയമ്മേ… എന്റെ അമ്മ ആരായിരുന്നു?”
ആദി പെട്ടെന്ന് ചോദിച്ചു. ഇന്ന് പറയാതെ വിടില്ല എന്ന വാശിയിലായിരുന്നു അവൻ. “എന്തിനെന്നെ ഇനിയും ശിക്ഷിക്കുന്നു? തെരുവിൽ കിടന്ന എന്റെ കുഞ്ഞു കഴുത്തു ഞെരിച്ചു കൊല്ലാമായിരുന്നില്ലേ നിങ്ങൾക്ക്? എന്തിനെന്നെ വളർത്തി? പറഞ്ഞേ പറ്റൂ.”
മാരിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. “നിന്റെ അമ്മ വെറുമൊരു പെണ്ണായിരുന്നില്ല ആദീ… ഈ നാട് ഒരുകാലത്ത് ആരാധിച്ചിരുന്ന ഒരു സിനിമാ നായികയായിരുന്നു. പക്ഷേ, അധികാരത്തിന്റെ മദമിളകിയ ഒരു മനുഷ്യൻ അവളെ ചതിച്ചു. സത്യം വിളിച്ചു പറയാൻ ഒരുങ്ങിയ അവളെ അയാളുടെ അനുയായികൾ വാഹനം ഇടിച്ചു കൊലപ്പെടുത്തി. നിന്നെ അവൻ തെരുവിലേക്ക് എറിഞ്ഞത് നിന്റെ ചോരയിൽ അവന്റെ അംശമുണ്ടെന്ന സത്യം ലോകമറിയാതിരിക്കാനാണ്.”

ആദിയുടെ കണ്ണുകളിൽ പകൽവെളിച്ചം പോലെ സത്യം തെളിഞ്ഞു വന്നു. അതെ, കോടികൾ അഴിമതിയിലൂടെ സമ്പാദിച്ചുകൂട്ടിയ നേതാവാണ് തന്റെ അച്ഛൻ എന്ന സത്യം അറിഞ്ഞപ്പോൾ ഉള്ളിൽ പക വളർന്നു തുടങ്ങി. തന്നോട് തന്നെ അറപ്പും തോന്നി.
കാലം കണക്കുകൾ തീർക്കാൻ തുടങ്ങിയെന്ന് ആദിക്ക് മനസ്സിലായി. അഴിമതി ആരോപണങ്ങളിൽ നേതാവ് തകർന്നു. ഒരു മഴയുള്ള രാത്രിയിൽ, തെരുവിലെ അഴുക്കുചാലിലേക്ക് എടുത്തെറിയപ്പെട്ട ആ വൃദ്ധൻ ആദിയുടെ മുന്നിൽ കൈനീട്ടി. ആദിയുടെ ഉള്ളിൽ പക തിളച്ചു. അവന്റെ കൈ അരയിൽ ഒളിപ്പിച്ച കത്തിയിലേക്ക് നീളുന്നത് കണ്ട മീര അവനെ തടഞ്ഞു.

“ഇതാണ് നിന്റെ വിജയം. അയാളെ കൊല്ലുന്നതല്ല, അയാൾക്ക് മുന്നിൽ നീ ആരാണെന്ന് കാണിച്ചു കൊടുക്കുന്നതാണ് നിന്റെ നീതി.”
ആദിയുടെ മനസ്സ് തണുത്തു. മീരയുടെ വാക്കുകൾ അവനിൽ അയവു വരുത്തി. ആദി തന്റെ പൊതിച്ചോറ് ആ വൃദ്ധന്റെ കൈകളിലേക്ക് വെച്ചുകൊടുത്തു. സത്യം തിരിച്ചറിഞ്ഞ ആ വൃദ്ധൻ തന്റെ സമ്പാദ്യമായ രേഖകളും സ്വർണ്ണവും ആദിക്ക് നേരെ നീട്ടി. ആദി ആ രേഖകൾ വാങ്ങി പുച്ഛത്തോടെ അയാളുടെ മുഖത്തേക്ക് എറിഞ്ഞു.
“ഈ കടലാസ് കഷ്ണങ്ങൾ കൊണ്ട് എന്റെ അമ്മയുടെ നഷ്ടപ്പെട്ട കാലം തിരിച്ചു തരാൻ നിങ്ങൾക്ക് കഴിയുമോ? എനിക്ക് നിങ്ങളുടെ ഈ സമ്പാദ്യം വേണ്ട. പണത്തിന് കടലാസിന്റെ വിലയേയുള്ളൂ എന്ന് നിങ്ങൾ ഇനിയെങ്കിലും പഠിക്കൂ.”

തെരുവിന്റെ മുക്കിലെ പഴയ ചായക്കടയുടെ തടിബെഞ്ചിൽ ഇരുന്നിരുന്ന നാണുവേട്ടൻ പുകയുന്ന ബീഡിത്തുണ്ട് താഴെയിട്ട് ശങ്കരനെ നോക്കി. “കണ്ടോ ശങ്കരാ… ആ നിൽക്കുന്നത് വെറുമൊരു തെരുവ് പയ്യനല്ല. ആദിയുടെ കണ്ണിലെ ആ തിളക്കം കണ്ടോ? അത് പകയല്ല, ഏതോ വലിയ സത്യം തിരിച്ചറിഞ്ഞവന്റെ വെളിച്ചമാണ്.”
ശങ്കരൻ തലയാട്ടി. “ശരിയാ നാണൂ, നമ്മൾ എത്രയോ കാലമായി ഈ തെരുവിൽ ഇതൊക്കെ കാണുന്നു. പക്ഷേ, ആ കുട്ടിയുടെ ഉള്ളിലെ കനൽ കെടുത്താൻ മീരയ്ക്ക് മാത്രമേ കഴിയൂ എന്ന് തോന്നിപ്പോകുന്നു. നോക്ക്, ആ പഴയ നേതാവ് അവന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്നത് കണ്ടോ? പണവും പത്രാസും ഒടുവിൽ ഈ തെരുവിലെ അഴുക്കുചാലിൽ തന്നെ വന്നു വീണു.”

നാണുവേട്ടൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു, “വിധിക്ക് ഒരു കണക്കുപുസ്തകമുണ്ട് ശങ്കരാ. ഇന്ന് ആദി അത് തിരുത്തി എഴുതുകയാണ്. പണത്തേക്കാൾ വലിയത് മനുഷ്യത്വമാണെന്ന് അവൻ തെളിയിക്കുന്നു.”
അവരുടെ സംഭാഷണം തെരുവിലെ കാറ്റിൽ അലിഞ്ഞു ചേർന്നു. നഗരത്തിന്റെ ആരവങ്ങൾക്കിടയിൽ, ആ പഴയ സിമന്റ് തൂണിനടുത്ത് ആരോ പാടാൻ തുടങ്ങി. ഇത്തവണ അതൊരു വേദനയുള്ള താരാട്ടായിരുന്നില്ല, മുറിവുകൾ ഉണക്കുന്ന ഒരു ഔഷധമായിരുന്നു. ആകാശത്തേക്ക് നോക്കി ആദി നിൽക്കുമ്പോൾ ആ വരികൾ വായുവിൽ അലിഞ്ഞു ചേർന്നു:
“ഓമനത്തിങ്കൾ കിടാവോ… നല്ല- കോമളത്താമരപ്പൂവോ…”

ആ പാട്ടിന്റെ ഈണം ആദിയുടെ ഹൃദയത്തിലെ അവസാന പകയെയും കഴുകിക്കളഞ്ഞു. പണത്തിന് വെറും കടലാസിന്റെ വിലയേയുള്ളൂ എന്ന് ലോകത്തെ പഠിപ്പിച്ച ആദി, മീരയുടെ കൈ ചേർത്തുപിടിച്ചു. അസ്തമയ സൂര്യന്റെ ചുവപ്പിൽ അവരുടെ നിഴലുകൾ ഒന്നായി മാറി. ആ നിഴലുകൾക്ക് ഇപ്പോൾ പഴയകാലത്തിന്റെ കറുപ്പായിരുന്നില്ല, ഒരു പുതിയ പുലരിയുടെ പ്രകാശമായിരുന്നു.

ദിവാകരൻ പികെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *