രചന : ദിവാകരൻ പികെ ✍️
ആഘോഷപ്പൊലിമകൾക്കിടയിലും യുദ്ധത്തിന്റെ ഭീകരത വേട്ടയാടുന്നു കുരുന്നു മനസ്സുകൾ… എന്റെ പുതിയ കവിത: കണിമനസ്സും കരിപുരണ്ട ലോകവും.”
പൊന്നണിഞ്ഞു ചിരിച്ചു നിൽപ്പുണ്ട്-
എൻ തൊടിയിലീ കൊന്നപ്പൂക്കൾ.
വിളവെടുപ്പിൻ കാഹളത്തിനു പകരം
ചെവിയിലലയ്ക്കുന്നു പീരങ്കി നാദങ്ങൾ,
കരിപുരണ്ട ലോകത്തിൻ വിലാപങ്ങൾ.
പുത്തനുടുപ്പിൻ ഗന്ധം നുകരാൻ കൊതിച്ച-
ഉള്ളിലൂതുന്നു വറുതിതൻ തീക്കാറ്റുകൾ.
പുകഞ്ഞു കത്തുന്ന ചിന്തകൾക്കിടയിലും
പുലരിതൻ പൊൻവെളിച്ചം കാത്തിരിപ്പൂ ഞാൻ.
ആഘോഷപ്പടക്കത്തിൻ മധുരശബ്ദങ്ങൾ-
ഇന്നു കുരുന്നുകൾക്ക് ഭീതിതൻ ഗർജ്ജനം.
പൂത്തിരിതൻ വർണ്ണക്കാഴ്ചകളൊക്കെയും
ചുടുചോര ചിതറുന്ന ഓർമ്മച്ചിത്രങ്ങൾ!
മരണക്കളിപ്പാട്ടങ്ങൾ കൈയ്യിലേന്തി-
അമ്മാനമാടും നീചശക്തികൾ,
അറിയുന്നില്ല നിങ്ങൾ; ഈ യുദ്ധക്കൊതിക്ക്-
അറുതിവരുത്തും കാലം വരുന്നുണ്ടെന്ന്.
മാപ്പില്ലാത്ത പാപത്തിൻ കറ കഴുകാൻ-
മരണമല്ലാതെന്തുണ്ട് പ്രായശ്ചിത്തം?
ഇരുട്ടിന്റെ കൂട്ടാളികൾ കരുതിയിരിക്കുക;
കവർന്നെടുത്ത സ്വസ്ഥത വീണ്ടെടുക്കാൻ-
ചരിത്രം തിരുത്താൻ വരുന്നുണ്ട് പുതുതലമുറ!
🌹🙏❤️

