വീട് അടുക്കളയാണ്…..
അടുക്കളയില്ലെങ്കിൽ വീടില്ല;
വീട്ടുകാരുടെ സ്നേഹവും സന്തോഷവും
പരിഭവവും പിണക്കവുമെല്ലാം
അടുക്കളയിൽ കാണാം..
വീട്ടിലുള്ളവർ പിണക്കത്തിലാവുമ്പോൾ
അടുക്കളയും പിണക്കത്തിലാവും.
പാത്രങ്ങളെല്ലാം വിറങ്ങലിച്ച് ,
മുഖം കറുപ്പിച്ച് വീർത്ത മുഖത്തോടെ,
കിടന്നു കളയും.
തലേന്ന് കഴിച്ച ഭക്ഷണത്തിന്റെ
അവശിഷ്ടങ്ങൾ ദൈന്യതയോടെ
നമ്മെ നോക്കിനിൽക്കും..
അടുക്കളയിൽ സൂക്ഷിച്ച പഞ്ചസാരയും
മുളകും കടുകുമെല്ലാം മധുരമോ എരിവോ
പൊട്ടിത്തെറിയോ ഇല്ലാതെ
നിർജ്ജീവമായിരിക്കും.
മുളകിന്ന് എരിവേറ്റണമെന്നുണ്ടായിരിക്കും
മഞ്ഞളിന്റെ വിളർച്ച കണ്ട് മടുപ്പായിപ്പോയതായിരിക്കും.
പഞ്ചസാരയ്ക്ക് മധുരമായി അലിഞ്ഞ് ചേരണമെന്നുണ്ടായിരിക്കാം
ചായപ്പൊടിയുടെ കൂർത്ത നോട്ടത്താൽ
പിൻതിരിഞ്ഞതാവാം..
ഒന്നു പൊട്ടിത്തെറിച്ചെങ്കിലെന്ന്
കടുകും കൊതിച്ചു കാണും
എണ്ണ മുക്കിത്താഴ്ത്തിയാലോ എന്ന
ഭയത്താലാവാം ആ ശ്രമം ഉപേക്ഷിച്ചത്.
വീട് അടുക്കളയാണ്….
വീട്ടിലുള്ളവർ ദ്വേഷ്യത്തിലാവുമ്പോൾ
അടുപ്പ് പുകഞ്ഞ് കത്തും;
പാചകം ചെയ്ത ഭക്ഷണത്തിനെല്ലാം
കടുപ്പം കൂടും,,
പാത്രങ്ങൾ ശബ്ദമുയർത്താൻ തുടങ്ങും
അടുക്കളയിലിട്ട കുഞ്ഞുകസേര പോലും
തുള്ളി വിറച്ച് താഴെക്കിടക്കും.
വീട് അടുക്കളയാണ്,,,
വീട്ടിലുള്ളവർ സന്തോഷത്തിലാവുമ്പോൾ
പാത്രങ്ങളങ്ങിനെ കലപില
കൂട്ടിക്കൊണ്ടിരിക്കും.
പഞ്ചസാരയും ചായപ്പൊടിയും, മുളകും
മഞ്ഞളും, കടുകും എണ്ണയുമെല്ലാം
പ്രണയത്താൽ ഒന്നായിച്ചേരും.
എരിവും പുളിയും മധുരവുമെല്ലാം ചേർന്ന്
നല്ല രസമായിരിക്കും.
വീട് അടുക്കളയാണ്,,
അതെ, അടുക്കളയാണ് വീട്.
ശ്രീലത രാധാകൃഷ്ണൻ

By ivayana