തിരഞ്ഞെടുപ്പൊരുനെറ്റിപ്പൊട്ടുo ചൂടി
തളിരാംഗനയായി കുണുങ്ങി കുണുങ്ങി
താളത്തിലായികങ്കണമിളക്കിയിളക്കി
തന്മയീഭാവമണിഞ്ഞൊരുങ്ങിയണഞ്ഞു.

തിരഞ്ഞെടുപ്പിലെ മത്സരാർത്ഥികൾ
താൽപ്പര്യമോടെ അഭ്യർത്ഥനപത്രിക
തെറ്റില്ലാതെ സമക്ഷമേകുമ്പോളതു
തടസ്സമില്ലാതങ്ങനെമത്സരമുഖത്തായി.

താപ്പാനയേപ്പോലേറിയ തന്ത്രവുമായി
തെരുവിലൂടെ കൊട്ടിക്കലാശമോടെ
തൊള്ളതുറന്നുംഅലറിവിളിച്ചുമാകെ
തലതിരിഞ്ഞൊരു മത്സരമുഖമായി.

തീപ്പാറുന്നൊരു തരംഗത്തനിമയിൽ
തോൽക്കില്ലെന്നൊരു വാശിയുമായി
തൊലിക്കട്ടിയേറുംസ്ഥാനാർത്ഥികളോ
താളംതട്ടിക്കണ്ടിടമെല്ലാമിളക്കിമറിച്ച്.

തുള്ളിക്കയറിയ വെപ്രാളപ്പാച്ചിലിൽ
തണ്ടെല്ലുവളച്ചും ഇരന്നു തൊഴുതും
തെണ്ടിച്ചെന്നോരിടമുരുണ്ടുകയറി
തെളിവുനിരത്താൻപത്രികകൈളിൽ .

തഞ്ചം നോക്കിയടവുകളാവർത്തനം
താഴ് മയേറിയ അപേക്ഷകളുമായവർ
തങ്ങൾക്കൊരവസരമേകിയെന്നാൽ
തളരാതെല്ലാമൊന്നാന്തരമാക്കിടും.

തുടക്കമാർന്നോരോളങ്ങളിലായാദ്യം
തീവ്രതയേറുമൊഴുകിയയിടയിലായി
തലങ്ങുoവിലങ്ങുമെതിരുപ്പറഞ്ഞവർ
ത്രിശുങ്കുവിലുയരും അന്ത്യത്തിലായി.

തിളക്കമാർന്നതാംകൊടിയുയർത്തി
തെരുവിലലഞ്ഞ് ഗ്വോഗ്വാവിളിയാൽ
താളപ്പെരുമയിൽനൃത്തച്ചുവടുകളാൽ
തത്തടത്തിത്തടത്തരികിടകിടതൈ.

തിരുവായിലുതിർന്ന എളിമത്തരമത്
തെളിവായൂറും ദിനപത്രത്തിലൂടെ
തീയ്യതിയാലതു പരസ്യമാകുകിൽ
തിരയായി ഒഴുകി കേസായീടുവാൻ.

തോന്ന്യാസത്താൽവിടുവായത്തരം
തടിയന്മാരുടെ അടിതടയിടത്തായി
തെരുവിലാകെ മുട്ടാപ്പോക്കും കാട്ടി
തരികിട വീഥിയിൽധിമിതകധിത്തക.

ത്രിപഥമാകിയ കൂട്ടായ്മയിലെല്ലാം
തമ്മിൽ തമ്മിൽ സംവാദത്തിനായി
തുടക്കമിടുന്ന ചാനൽ ചർച്ചകളിൽ
തരംഗമായ സ്ഥാനാർത്ഥിപരിചയം.

തടസ്സമൊഴിഞ്ഞോരുയന്തർധാര
താന്തോന്നിത്തത്തിന്നലകളാകെ
തുടരെ തുടരെ വെടി പൊട്ടുമ്പോൾ
തുടിച്ചു പൊന്തിയൊരു ത്രിപുടതാളം.

തിരയുന്നതുതനിയാവർത്തനമായി
തലതാഴ്ത്താതെഅജയ്യരണിയായി
തണ്ടു കാട്ടിയ അധികാരഢംമ്പുകൾ
തിരുവുള്ളക്കേടായതുതിരിച്ചറിയേണം.

തീവെട്ടിക്കൊള്ള കൂട്ടായ്മകളെല്ലാം
തനിനിറമുള്ളിൽ മൂടിതെളിഞ്ഞൊരു
തോലുരിഞ്ഞിട്ടാടീടുമ്പോളയ്യയ്യോ!
തൂങ്ങാറായടിമകളല്ലാമെന്നറിയേണം.

തേച്ചുമിനുക്കിയ ഓർമ്മകളെല്ലാം
തിരയണമാര് സമർത്ഥന്മാരതിൽ
തൂക്കിനോക്കിതിരിച്ചറിവാകുമ്പോൾ
തൊടുകുറിയായതുതിരയാക്കേണം.

തിരഞ്ഞെടുത്തവരധികാരത്താൽ
തത്തിപ്പിടിച്ചു കിടക്കുമ്പോഴൊന്നും
തിരിഞ്ഞുനോക്കാതുള്ളപ്പോക്കുകൾ
തലപുകഞ്ഞൊരോർക്കേണമതും.

അഡ്വ: അനൂപ് കുമാർ കുറ്റൂർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *