രചന : കെ.ആർ.സുരേന്ദ്രൻ ✍
അരൂപി
നിന്നിലേക്കെത്ര ദൂരം എന്നെനിക്കറിയില്ല.
ആർക്കുമറിയില്ല.
ഒരു പക്ഷെ നീ അടുത്താവാം.
അല്ലെങ്കിൽ കുറച്ച് ദൂരെയാകാം.
അല്ലെങ്കിൽ ഏറെ ദൂരെയാകാം.
നീ അരൂപിയാണ്.
നിനക്ക് ഒളിച്ചുകളി
ഏറെ ഇഷ്ടമാണ്.
നീ അടുത്തും അകലെയുമായി
വിനോദിക്കുന്നു.
അരൂപിയായ നിനക്ക്
അങ്ങനെയൊക്കെയാവാം.
നിന്നെക്കുറിച്ച് ആരും
അത്ര ചിന്തിക്കുന്നുണ്ടാവില്ല.
നീ ഒരനിവാര്യതയാണ് എന്ന്
എല്ലാവർക്കുമറിയാം.
അതുകൊണ്ട് തന്നെ
നിന്നെ തേടി നടക്കേണ്ടതിന്റെ
ആവശ്യമില്ല.
നീ എവിടെയെങ്കിലുമാകട്ടെ.
അനിവാര്യതയെ ഭയപ്പെടുന്നതെന്തിന്?
ഓരോരുത്തരും നിന്നിലവസാനിക്കുന്നു.
കാലദേശങ്ങൾ മാത്രം മാറിയേക്കാം.
ഒന്നുമാത്രമറിയാം.
ഓരോ സെക്കന്റിലും
നിന്നിലേക്കുള്ള ദൂരം
കുറയുന്നു എന്ന്…..
ഗ്രീഷ്മം
കിഴക്കേ ദിക്കിൽ നിന്ന്
കാറ്റിന്റെ ചിറകേറി വന്ന
പക്ഷി കിഴക്കേ തൊടിയിലെത്തി
എന്തോ മറന്ന പോലെ
ചിറകൊതുക്കി
ഒരു നിശ്ചലചിത്രമായി.
ഒപ്പം കടലിരമ്പമായെത്തിയ മഴയും
ഒരു ക്ഷമാപണം പോലെ
പക്ഷിക്കൊപ്പം നിശ്ചലമായി.
മാനത്ത് രക്തഞരമ്പുകൾ പോലെ
വെള്ളിത്തേരുകൾ തെളിഞ്ഞു.
ഇടി മുഴങ്ങി.
അവരും ഒരു മാത്ര കൊണ്ട്
മാനത്തൊളിച്ചു,
എന്തോ ഓർത്തിട്ടെന്ന പോലെ.
മാനം തെളിഞ്ഞ് ചിരിച്ചു.
ഗ്രീഷ്മ സൂര്യൻ മാരകമായി
ഭൂമിയെ ഭോഗിച്ചു.
മഴയെ ധ്യാനിച്ച ഭൂമി
സൂര്യചുംബനങ്ങളാൽ പുളഞ്ഞു.

