രചന : വലിയശാല രാജു ✍
നൂറ് വട്ടം നന്മ ചെയ്ത ഒരാൾ അബദ്ധവശാൽ ചെയ്യുന്ന ഒരു ചെറിയ പിഴവ് ലോകം മുഴുവൻ കൊട്ടിഘോഷിക്കുന്നു. എന്നാൽ എപ്പോഴും പിഴവുകൾ മാത്രം വരുത്തുന്ന ഒരാൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും ശ്രദ്ധിക്കാറുമില്ല. എന്തുകൊണ്ടാണ് മനുഷ്യ മനസ്സ് ഇങ്ങനെ പ്രതികരിക്കുന്നത്? ഈ വൈരുദ്ധ്യത്തിന് പിന്നിൽ വ്യക്തമായ ചില മനഃശാസ്ത്ര തത്വങ്ങളുണ്ട്.
പഴുതുകൾ തിരയുന്ന കണ്ണുകൾ
മനുഷ്യ മസ്തിഷ്കം പരിണാമപരമായി തന്നെ രൂപപ്പെട്ടിരിക്കുന്നത് നെഗറ്റീവ് കാര്യങ്ങളെ പെട്ടെന്ന് തിരിച്ചറിയാനാണ്. ഇതിനെ നെഗറ്റിവിറ്റി ബയാസ് (Negativity Bias) എന്ന് വിളിക്കുന്നു. പണ്ട് കാലത്ത് കാട്ടിലെ മനോഹരമായ പൂക്കളെക്കാൾ, പുല്ലിനിടയിലെ പാമ്പിനെ തിരിച്ചറിയുന്നതായിരുന്നു അതിജീവനത്തിന് പ്രധാനം. ഇന്നും ആ ശീലം നമ്മെ വിട്ടുപോയിട്ടില്ല. അതുകൊണ്ടാണ് ഒരാളുടെ പത്ത് നന്മകളെക്കാൾ അയാളുടെ ഒരു ചെറിയ വീഴ്ച നമ്മുടെ കണ്ണിൽ പെട്ടെന്ന് ഉടക്കുന്നത്.
മുൻവിധിയുടെ തടവറകൾ
ഒരാളെക്കുറിച്ച് നമ്മൾ ആദ്യം രൂപപ്പെടുത്തുന്ന ധാരണ അയാളുടെ ബാക്കിയുള്ള എല്ലാ പ്രവൃത്തികളെയും ബാധിക്കും. ഇതിനെയാണ് ഹോൺ ഇഫക്റ്റ് (Horn Effect)എന്ന് പറയുന്നത്. ഒരാൾ ‘മോശക്കാരൻ’ ആണെന്ന ലേബൽ വീണു കഴിഞ്ഞാൽ, അയാൾ ചെയ്യുന്ന നല്ല കാര്യങ്ങളെയും സംശയത്തോടെ മാത്രമേ സമൂഹം നോക്കൂ. “ഇത് അയാളുടെ പുതിയ തന്ത്രമായിരിക്കും” എന്ന മുൻവിധി ആ നന്മയുടെ തിളക്കം കുറയ്ക്കുന്നു.
പെർഫെക്ഷനിസവും ആത്മവിശ്വാസക്കുറവും
മറ്റുള്ളവരുടെ തെറ്റുകൾ കണ്ടുപിടിക്കുമ്പോൾ തങ്ങൾ അവരേക്കാൾ മികച്ചവരാണെന്ന ഒരു മിഥ്യാബോധം ചിലർക്കുണ്ടാകുന്നു. സ്വന്തം കുറവുകൾ മറച്ചുവെക്കാൻ മറ്റൊരാളുടെ വെള്ള വസ്ത്രത്തിലെ കറുത്ത പുള്ളി ചൂണ്ടിക്കാണിക്കുന്നത് ഇത്തരക്കാരുടെ രീതിയാണ്. ഓരോ കാര്യത്തിലും കുറ്റമറ്റ രീതി (Perfectionism) പ്രതീക്ഷിക്കുന്നവരും ചെറിയ വീഴ്ചകളെ പോലും വലിയ പാതകങ്ങളായി കാണാറുണ്ട്.
വിമർശനങ്ങൾ പലപ്പോഴും ചെയ്യുന്നത് ആളിന്റെ സ്വഭാവത്തേക്കാൾ,
വിമർശിക്കുന്നവന്റെ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. പട്ടുനൂലിലെ കെട്ട് പോലെയാണ് തെറ്റുകൾ.അവ എത്ര ചെറുതാണെങ്കിലും വേഗത്തിൽ കണ്ണിൽപ്പെടും. എന്നാൽ ഇത്തരം നെഗറ്റീവ് ചിന്താഗതികളെ തിരിച്ചറിയുകയും, മുൻവിധികൾ മാറ്റിവെച്ച് നന്മകളെ അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ മനോഭാവത്തിൽ ഗുണപരമായ മാറ്റമുണ്ടാകുന്നത്.

