ഒരിക്കലീ കരിമ്പാറതന്‍ മടിത്തട്ട്
ഉള്ളം കുളിര്‍പ്പിക്കുമായിരുന്നു…
ഒളിച്ചുംബനങ്ങളുടെ സ്വര്‍ണനാളുകള്‍,
മനസ്സും മനസ്സും
മൗനഗാഥകള്‍ പറഞ്ഞ വേളകള്‍.
ഇന്നിതാ, വീണ്ടുമീ കല്‍പ്പടവുകളില്‍
ആലിംഗനത്തിന്റെ മധുരം നുകര്‍ന്ന്
പരിണയം കഴിഞ്ഞ ഇണക്കിളികള്‍ …
പുഴയോരത്ത് പറന്നുല്ലസിക്കുന്നു,
പൂത്തുമ്പികള്‍പോലെ!…..
പൂന്തേന്‍ നുകര്‍ന്ന പ്രണയശലഭങ്ങള്‍
ചേക്കേറും മുമ്പേ
മതിമറന്ന്
ഉന്മാദലഹരിയിലാണ്ടു….
പാദങ്ങളാല്‍ നീ
പുഴയില്‍ താളമിട്ടപ്പോള്‍
വെള്ളിച്ചില്ലുകള്‍ ചിതറി..
ഓളങ്ങള്‍ ചിരിച്ചു..
കിലുങ്ങുന്ന നിന്‍ വെള്ളിക്കൊലുസുകള്‍
കാറ്റിനോടൊപ്പം പൊട്ടിച്ചിരിച്ചു.
നിന്റെ നഗ്നപാദങ്ങളെന്‍
സിരകളില്‍ അഗ്നിജ്വാലകള്‍ പടര്‍ത്തി….
കരിമേഘങ്ങള്‍ ദൂരേക്ക്
പറന്നകന്നുകൊണ്ടിരുന്നു……
മുലക്കച്ച കെട്ടി നീ
നീരാട്ടിനിറങ്ങിയപ്പോള്‍..
നിന്റെ കാവല്‍ക്കാരനായ ഞാന്‍
വെണ്‍കല്‍പ്പടവില്‍ ശ്വാസം പിടിച്ചു.
തീരത്തെ ഇലച്ചാര്‍ത്തുകള്‍
കാമുകനാം കാറ്റിന്റെ
താളത്തില്‍
മന്ദമന്ദം ഇളകിയാടി….
അപ്പോള്‍
പടവുകള്‍ കയറി
വ്രീളാവതിയായ്
മനോഹരി നീയെന്നരികിലെത്തി.
മാകന്ദത്തിൽ പടർന്ന വളളിയിൽ നിന്ന്
മുല്ലപ്പൂവൊന്നടര്‍ത്തി
നിന്റെ മുടിയില്‍ ചാര്‍ത്തിയപ്പോള്‍
ആ മുടിയിലെ മാദകഗന്ധം
എന്നിൽ നിറഞ്ഞൊഴുകി……
ഒരു നിമിഷം…..
മനസ്സിന്റെ കടിഞ്ഞാണുകള്‍
പൊട്ടിയത്
നാമിരുവരുമറിഞ്ഞില്ല..
ഇറുകെ പുണര്‍ന്നപ്പോള്‍
നിന്‍ കഴുത്തിലെ
പളുങ്കുമണികള്‍
നക്ഷത്രങ്ങളായി
ചിതറിത്തെറിച്ചതും
ആരുമറിഞ്ഞില്ല…..
ആകാശം വര്‍ണ്ണങ്ങളായി
വിരിഞ്ഞത് പെട്ടെന്നായിരുന്നല്ലോ!
വര്‍ണ്ണപ്രപഞ്ചത്തിന്റെ വിശാലതയില്‍
നാം അശ്വാരൂഢരായി
വെള്ളിത്തേരില്‍ കയറി
മേഘപാളികള്‍ക്കിടയിലൂടെ
ദൂരങ്ങളിലേയ്ക്കൊഴുകി…..
പ്രണയത്തിന്റെ വഴികളിലൂടെ
അനന്തമായൊരു യാത്ര!……

By ivayana

Leave a Reply

Your email address will not be published. Required fields are marked *