നിൻ്റെ സ്വാതന്ത്ര്യം,
അതെനിക്ക് പ്രശ്നമേയല്ല,
ഒന്നുണ്ട്, അത് മൗനത്തിൽ ചേരണം
മനുഷ്യാവകാശങ്ങൾ,
നിയമത്തിൽ അങ്ങനെയും
ചിലതു കാണാം,
അതു പാടി നിരത്തിലിറങ്ങേണ്ട
വിശ്വാസങ്ങളും ആചാരങ്ങളും
അത് ചോദ്യം ചെയ്യണമെന്നോ?
ദൈവത്തിനു എതിരേ നിന്നാൽ,
ജീവൻ ബാക്കിയാവില്ലന്നോർക്കുക
“ജനാധിപത്യം” എന്ന വാക്ക്,
അധികാരത്തിൻ ഇടനാഴികളിൽ
അങ്ങനെ പലതും മുഴങ്ങും,
അതു കേട്ട് ജാഥയ്ക്കിറങ്ങേണ്ട
മാനവികതയോ?
അതൊക്കെ വേദികളിലെ
അലങ്കാരപദം മാത്രം.
ജീവൻ പോയവർ,
അതോർക്കാറില്ലന്ന് അറിയുക
നീ അഴിമതിയുടെ നേരെ
ഒരു വിരൽ ചൂണ്ടിയാൽ,
കൈ തന്നെ പോയേക്കാം,
അവിടെ മൗനം പാലിക്കുന്നവരാണ്
“നല്ല പൗരൻമാർ.”
ചോദ്യം ചെയ്യുന്നവൻ
“അരാഷ്ട്രീയവാദി”
നീ പാർട്ടികളെക്കാൾ
മനുഷ്യനെക്കുറിച്ച് സംസാരിച്ചാലും
കൊടികളേക്കാൾ
പക്ഷപാതിത്തം ചൂണ്ടിക്കാട്ടിയാലും
അധികാരത്തേക്കാൾ
സത്യത്തെ സ്നേഹിച്ചാലും.
നീ അങ്ങനെ തന്നെ മുദ്രകുത്തപ്പെടും
ഒടുവിലൊരു സത്യം മാത്രം ബാക്കി വരും
എല്ലാ വിപ്ലവങ്ങളും
ആദ്യം വിളിക്കപ്പെട്ടത്
“അരാഷ്ട്രീയം” എന്ന പേരിലായിരുന്നു.
അത് ജെൻസി എന്ന് പേരു മാറ്റിയാലും

ജോയ് പാലക്കമൂല

By ivayana

Leave a Reply

Your email address will not be published. Required fields are marked *