1.ശ്രീരാമദേവപദഭക്തരിലഗ്രഗണ്യ –
നാരാജപുത്രനനുജൻ ഭരതൻ കുമാരൻ
ഹാ! രാജമാനതര സദ്ഗുണസദ്യശസ്സാർ-
ന്നാരാമമായി വിലസുന്നിതയോദ്ധ്യ തന്നിൽ

2 ദംഭോളിധാരിയുടെ വീരപരാക്രമങ്ങൾ
അൻപോട് ചേർന്ന് വിലസും കരയുഗ്മകങ്ങൾ
അമ്പോ! ശരാസി മുസലാദിയണിഞ്ഞിടുമ്പോ –
ളംബോധി പോലുമൊരല്പമിളക്കമാളും.

  1. ആപത്തടിപെടാതെ പടുത്വമോടുൾ –
    ത്താപം തപസ്വികളിലാകെയകറ്റി ടുന്നോർ
    കാപട്യമറ്റു കരളിൽ കമലേക്ഷണന്റെ
    കാൽ നിർത്തി നിത്യമതിരറ്റ് ഭജിച്ചിടുന്നു.
  2. ദുർവാരവിക്രമപരാക്രമമേറിടുന്ന
    ശർവാദി പൂജിത, നിജാഗ്രജനുറ്റ തോഴൻ
    സർവാഭിലാഷമരുൾവോന ഭയാർത്ഥികൾക്ക്
    ഗർവ്വാതിരേക മെഴുവോർക്കരുണാത്മജാതൻ
  3. നിഷ്കാമകർമനുടൽ പൂണ്ടതുപോലെ
    നിഷ്ക്കാഭനുജ്വലവിഭാതരവി പ്രതാപൻ
    നിഷ്ക്കാരണം മലിന ചിന്ത പെടാതെ, ദോഷ-
    നിഷ്കാസിതമലമനസ്വി, മഹാൻ വിളങ്ങി.
  4. മർത്യന്ന് ജീവിതസുഖത്തിന് സൽസ്വഭാവം
    ഹൃത്താരിലെന്ന വിധമിസ്സഹജാതനല്ലോ
    അത്യന്ത മുത്തമ ചരിത്രപവിത്രനാക്കി
    സത്യത്തിൽ സത്യനിധി രാമായണമസ്തശങ്കം.
  5. നിസ്വാർത്ഥകർമ്മനിരതൻ, നിതരാം പ്രജൈക –
    വിശ്വാസപാത്ര,മവനീ രണാവതംസം
    വിശ്രാമമറ്റ തുണയാൽ പിതൃരാജ്യഭാര –
    ക്ലേശാഭിവേശമൊരുമട്ടു ലഘൂകരിച്ചു.
  6. സൽപ്പുത്രഭാവപരിപാവന ഭാഗധേയ –
    മുൽകൃഷ്ട മാനസസുഖങ്ങളേവർക്കു മേകും
    ഉത്പത്തി ദോഷമതുപോലെയനർത്ഥ സമ്പദ് –
    ഗർത്തത്തിലാഴ്ത്തുമിതുതാനുലകിൻ പ്രമാണം.
  7. മർത്യന്ന് വേണ്ടൊരു മനോഗുണങ്ങൾ
    പ്രത്യക്ഷമായുടലെടുത്തതു പോൽ വിളങ്ങി
    പ്രത്യംഗഭാസ്സിയലുമോമന സൽക്കുമാരൻ
    പ്രത്യർത്ഥവർഗ്ഗമതി നന്തകനെന്ന പോലെ

10.ദുഗ്ദ്ധോദധിയിലുപ്പുകണക്ക് വാമാ –
മുഗ്ദ്ധാംഗിയാം ജനനി തൻ വിപരീതശീലം
ചിത്തേ വിഷാദവിഷവഹ്നി പടർന്നു കേറി
നിത്യേന തൻ ഹൃദയ മൊട്ട് ദഹിച്ചിരുന്നു.

11.നാലാണ് പുത്രരവരോ മഹനീയ ശീല –
മാലാകലാപ സുഭഗത്വമിയന്നിടുന്നോർ
വേലാദിരേക കുതുകാബ്ധിയിൽ മഗ്നനായി –
ഭൂപാലനുറ്റ വിഷമായി ദയിതാവിചാരം

12.അന്നാളൊരിക്കലു ടനെത്തണമെന്നു കാണി –
ച്ചമ്മാവനേകിയൊരു കത്തു നിമിത്തമായി
സന്നാഹമോട് ഭരതൻ നടകൊണ്ടു രാജ്യ-
ത്തിന്നാദരാൽ വിനയവാരിധി, വിശ്വവന്ദ്യൻ

13.ശത്രുഘ്നാമനുജനുയാത്രചെയ്തു
സത്വസ്ഥ ഗൃഹത്തിന് ഗുണോൽക്കരമെന്നപോലെ
ശുഭ്രപ്രകാശമിയലും ശശിലേഖ വിട്ടു
മുററത്ത് കൗമുദി കളിച്ചിടുമോ യഥേഷ്ടം

14.ആരാണയോദ്ധ്യയിൽ വസിക്കുമവർക്ക് കണ്ണി –
നാരാമസൂനമവനീതല ഭാഗ്യചന്ദ്രൻ
ആ രാമചന്ദ്രനഭിഷേകമുടൻ കഴിപ്പാ –
നാരാജനാം ദൃഢമാജ്ഞ നൽകി

15.സംഭാരസഞ്ചയമൊരുക്കിസുമന്ത്രരപ്പോൾ
വൻഭാവുകസ്ഥിതിയിലാപ്പുരിയൊന്ന് മിന്നി
ശമ്പാമതല്ലി പുണരും ഘനമെന്ന പോലെ
തൻ ഭാവിയോർത്ത് പുരവാസികളുല്ലസിച്ചു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *