രചന : അനിൽ ചേർത്തല ✍️
ആക്രിക്കൂമ്പാരത്തിന്റെ പിന്നിൽ
ടൈപ്‌റൈറ്റർ കിടക്കുന്നു.
ഇരുമ്പല്ല.
പഴയ ശബ്ദങ്ങളുടെ ഭാരമാണ്.
കീകളിൽ
മണ്ണ് പിടിച്ചിരിക്കുന്നു.
എങ്കിലും
ചില അക്ഷരങ്ങൾ
ഇപ്പോഴും അകത്ത് കുടുങ്ങിയതുപോലെ.
ഞാൻ തൊട്ടപ്പോൾ
ശബ്ദം ഉണ്ടായില്ല.
പക്ഷേ
ഭിത്തിയിൽ
ഒരു വരി തെളിഞ്ഞു:
“ഞാൻ ഇവിടെ തന്നെയുണ്ട്.”
ഞാൻ തിരിഞ്ഞു നോക്കി.
ആക്രിക്കൂമ്പാരത്തിൽ
ആരും ഇല്ല.
എങ്കിലും
ടൈപ്‌റൈറ്റർ
എന്നെ നോക്കുകയായിരുന്നു.
കീകൾ താഴേക്ക് വീണു
വിരലില്ലാതെ.
ഒന്നൊന്നായി
വാക്കുകൾ പുറത്ത് വന്നു.
പ്രണയം.
സൈക്കിള്‍ ബെല്ലിന്റെ കാതോർക്കൽ.
ഒരു പുസ്തകത്തിന്റെ നടുവിൽ
മടക്കി വച്ച കത്തുകൾ.
വർഷങ്ങൾ കഴിഞ്ഞിട്ടും
പുറത്തെടുക്കാൻ ധൈര്യമില്ലാത്ത
ഒരു പേര്
വായന ശാലയിലെ നോവൽ കൈമാറ്റം
പിന്നെ
എല്ലാം നിശ്ശബ്ദമായി.
അവസാനം
ഒരു കീ മാത്രം നീങ്ങി.
അതിൽ എഴുതിയത്
ഒരു പേരായിരുന്നു.
ഞാൻ അത് വായിച്ചു.
പക്ഷേ
അത് പൂർത്തിയാകുന്നതിന് മുമ്പ്
അക്ഷരങ്ങൾ
തിരികെ കയറിപ്പോയി.
ടൈപ്‌റൈറ്റർ
ഒന്നും എഴുതാത്തപോലെ
മൗനമായി കിടന്നു.
