രചന : സുരേഷ് S ബാബു ✍️
എന്റെ നിള നിങ്ങളുടെ പുഴ
എവിടെയാ,ണെവിടെയാണിപ്പോൾ
ചെറു ചെറു കുഴികൾ മാത്രം
മണ്ണിന്റെ മാറിൽ തിളയ്ക്കുന്നു
ചെറു നുര ഹൃത്തിൽ പടരുന്നു
പാഴ്ച്ചെടികൾ മാത്രം വളരുന്നു.
ജലമൊഴുകിയ വഴികളെല്ലാം
അടഞ്ഞു ശ്വാസം മുട്ടിമരിച്ചു
നിളയവൾ മണ്ണ് മൂടിപ്പുതച്ചു
ശവ കുടിരങ്ങൾ മാത്രമായി
മാമങ്കത്തിന്ന് വായ്ത്താരികളില്ല
ഉടവാള് കഴുകിയ ചോരപ്പാടില്ല.
രക്തക്കറയില്ല കനിവില്ല
ബലിപ്പുല്ലുപ്പടർന്ന കാടുകളിൽ
ശേഷക്രിയ്യയ്ക്കായി പവിത്രംക്കെട്ടുന്നു
നിളമരിച്ചു നിലമാഴങ്ങളിലൊളിച്ചു
ഉറവയില്ലാതെ മലിനമാ,മനസ്സിന്റെ
ജലമടർന്ന പേക്കൂത്തുകൾ.
നിളയുടെ ജീവനടർത്തി മാറ്റി
തോണിയില്ല കടത്തുകാരനില്ല
കഴുക്കോലുകുത്തിയ പാടുമില്ല
കാലണത്തുട്ടിന്റെ ചരിത്രമില്ല
തോണിപ്പാട്ടിന്റെ ഈണമില്ല
നീലിമ തഴുകിയ ഓളപരപ്പിന്റെ.
താളമില്ല തടശിലമീട്ടും രാഗമില്ല.
കയറിട്ടു കെട്ടിയക്കുറ്റികളൊന്നുമില്ല
കന്നിനെക്കുളിപ്പിച്ച കർഷകരില്ല
കുട്ടിളാർത്ത് നീന്തിക്കളിച്ച,
കളിക്കൂട്ടില്ല പിണങ്ങിക്കരഞ്ഞു പിരിയുന്നു നിള
കുണുങ്ങി ചിരിച്ചു കൂടുന്നു കള.
നിള മരിച്ചു നിലമൊഴിഞ്ഞു
നിശബ്ദത കാട് കേറി മേയുന്നു
മണ്ണിൽ മനസ്സിൽ മാനവരിൽ
വെന്തു നീറിയ നിള കരയുന്നു
നൊന്തു പെറ്റോരമ്മയാ ഭൂമിയും
ഭ്രാന്ത്ചൊല്ലി പിരിയുന്നു പലവഴിയിൽ.
