തെളിർ വാനമേ കതിർമേഘമേ,
എരിവേനലിൽ നീ പൂത്തു നിന്നു.
കാറ്റിലാടും നിൻ ചില്ലകളിൽ
ഒരു ശിശിരകാലം വിടർന്നുനിന്നു.
മുകിൽ മാനമേ കാർമേഘമേ,
നനമഴയിൽ നീ നനഞ്ഞു നിന്നു.
മഴയിലാടും നിൻ പൂക്കളിൽ
ഒരു വർഷകാലം നിറഞ്ഞു നിന്നു.
നനചില്ലതൻ കുട ചൂടി നീ
നനമണ്ണിൽ അലിഞ്ഞു നിന്നു.
മഴത്തുള്ളികൾ തൻ താളങ്ങളിൽ
ഒരു വർഷകാലം അലിഞ്ഞു നിന്നു.
ശരത്കാലത്തിൻ ചിറകിലേറി
മേഘങ്ങൾ ദൂരെ മറഞ്ഞു നിന്നു.
പൂക്കൾ എല്ലാം കൊഴിഞ്ഞുവീഴേ
വാക തൻ മൗനം വിരിച്ചുനിന്നു.
പൊൻതളിരുകൾ തൻ കുടചൂടി നീ
മലർമേടയിൽ വാക വിരിഞ്ഞു നിന്നു.
ഏഴഴകിൻ വർണ്ണങ്ങളിൽ
ഒരു വസന്തകാലം വിരിഞ്ഞു നിന്നു.
മഞ്ഞു വീഴും തണുപ്പിൽ മെല്ലെ
വാക തൻ മേനി മരച്ചുനിന്നു.
കൊഴിഞ്ഞ പൂവിൽ ഓർമ്മയെല്ലാം
വാക തൻ വേരിൽ അലിഞ്ഞു നിന്നു.
ഇനിയും അണയും വസന്തത്തിനായി
വാക തൻ നെഞ്ചം കാത്തിരുന്നു.

By ivayana

Leave a Reply

Your email address will not be published. Required fields are marked *