അനുഭവിച്ചിട്ടില്ലാത്ത ഒരു സ്നേഹത്തെക്കുറിച്ചും, സ്വന്തമാക്കാനാകാതെ പോയ ഒരു വാത്സല്യത്തെക്കുറിച്ചും എന്താണ് പറയാനാവുക…
ബാല്യത്തിന്റെ പല വഴികളിലും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്.
ഒരിക്കലെങ്കിലും അച്ഛന്റെ മടിയിൽ തലചായ്ച് കിടക്കാൻ… ആ വിരലിൽ മുറുകെപ്പിടിച്ച് പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും നടക്കാൻ… സ്കൂൾ വിട്ടിറങ്ങുമ്പോൾ കൂട്ടുകാരുടെ മുന്നിൽ അഭിമാനത്തോടെ, “ഇതാ എന്റെ അച്ഛൻ” എന്ന് പറഞ്ഞ് നെഞ്ച് വിരിക്കാൻ…
മറ്റു കുട്ടികൾ അച്ഛന്റെ തോളിലിരുന്ന് ലോകം കാണുമ്പോൾ, ഞാൻ കാണാതിരുന്ന ആ തോളിന്റെ ചൂട് എങ്ങനെയായിരുന്നിരിക്കുമെന്ന് മാത്രം മനസ്സിൽ വരച്ചുനോക്കി.

ജീവിതത്തിൽ ചില നഷ്ടങ്ങൾ അങ്ങനെയാണ്… കാലം മുറിവുകൾ ഉണക്കിയാലും, ചില ശൂന്യതകൾ ഒരിക്കലും നിറയില്ല. അച്ഛന്റെ സ്നേഹം അറിയാതെ വളരുന്ന ഒരു കുഞ്ഞിന്റെ ഹൃദയത്തിൽ, പറയാതെ കിടക്കുന്ന ഒരു കൊച്ചു വേദന എന്നും ഉണ്ടാകും.
ഇന്ന് ഫാദേഴ്സ് ഡേ ആഘോഷിക്കുന്ന ലോകത്തിനിടയിൽ, ഞാൻ ഓർക്കുന്നത് ഒരിക്കലും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ആ സ്നേഹത്തിന്റെ രൂപത്തെക്കുറിച്ചാണ്.
എന്റെ ബാല്യത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു “അച്ഛൻ” എന്ന വിളിക്ക് മറുപടിയായി ഒരു പുഞ്ചിരി എങ്കിലും ലഭിച്ചിരുന്നെങ്കിൽ എന്നത്.
അനുഭവിക്കാതെ പോയ സ്നേഹങ്ങളാണ് പലപ്പോഴും ഹൃദയത്തിൽ ഏറ്റവും ആഴത്തിൽ ജീവിക്കുന്നത്. അതുകൊണ്ടാവാം, ഇന്നും മനസ്സിന്റെ ഏതോ കോണിൽ ഒരു കുഞ്ഞ് കാത്തിരിക്കുന്നത് …

ഒരിക്കലും നടക്കില്ലെന്ന് അറിയാവുന്ന ഒരു കൂടിക്കാഴ്ചയ്ക്കായി, ഒരിക്കലും കേൾക്കാനാവാത്ത ഒരു വിളിക്കായി, ഒരിക്കലും മറക്കാനാവാത്ത ഒരു ശൂന്യതയുമായി….
കാലം മുന്നോട്ട് പോയി. പ്രായം കൂടി. ജീവിതം പലതും പഠിപ്പിച്ചു. എങ്കിലും ഉള്ളിലെ ആ കുഞ്ഞ് ഇന്നും അച്ഛന്റെ സ്നേഹത്തിനായി കാത്തിരിക്കുന്നു.
ചില ഓർമ്മകൾ നമ്മൾ അനുഭവിച്ചതല്ല, അനുഭവിക്കാൻ കഴിഞ്ഞില്ല എന്ന വേദനയിൽ മനസ്സ് സൃഷ്ടിച്ചെടുത്തവയാണ്.

അതുകൊണ്ടാവാം ഇന്നും എവിടെയെങ്കിലും ഒരു അച്ഛൻ മകളുടെ കൈപിടിച്ച് നടക്കുന്നത് കാണുമ്പോൾ ഹൃദയത്തിൽ ഒരു ചെറുനൊമ്പരം ഉണരുന്നത്…
കാരണം ചില നഷ്ടങ്ങൾ കാലം മായ്ക്കില്ല…
അത് നമ്മളോടൊപ്പം ജീവിക്കും…
ഒരു തീരാത്ത കൊതിയായും,
ഒരു മൗന വേദനയായും,
ഒരു അച്ഛനോർമ്മയായും…
അച്ഛന്റെ സ്നേഹം വാനോളം അനുഭവിച്ചവർക്കും അതിന് ഭാഗ്യമില്ലാതെ പോയവർക്കും
Happy Father’s day ❤️

By ivayana

Leave a Reply

Your email address will not be published. Required fields are marked *