ഭൂതകാലത്തിൽ
നിറഞ്ഞു പൂത്ത
പൂന്തോട്ടത്തിൽ
ശലഭങ്ങളെ തിരയുന്ന
വേളയിലായിരുന്നു
വർണ്ണച്ചിറകുമായ്
നീയെൻ്റെ കണ്ണുകളിലെ
വിരുന്നായത്.
ഋതുകളുടെ
ചുംബനത്താൽ
ചുവക്കുമ്പോൾ
നിൻ്റെ ചുണ്ടിൽ
പുതിയ പ്രണയമന്ത്രങ്ങൾ..
ദൈവച്ചിത്രങ്ങളിലെ
മാസ്മരികഭാവം
എന്നിലേക്ക് മാത്രം
പകരുന്നുവെന്ന
വിസ്മയത്തിൽ
നമുക്ക് ഭാഷകളുണ്ടായി,
നിന്നിലൂടെ
കൗതുകങ്ങളുടെ
ആഴങ്ങൾ തേടിയുള്ള
യാത്രകൾ
നീലസാഗരങ്ങൾ,
ആകാശച്ചുഴികൾ
ഭൂമിയിലെ പച്ചപ്പുകൾ
വഴിതെറ്റാത്ത
സുന്ദരമായ
ദേശാടനങ്ങൾ..
ജീവിതപ്പാതകളിലെ
ആഴമളക്കാനാവാത്ത
ഗർത്തങ്ങളിൽ
മുങ്ങിത്താഴുമ്പോൾ
നേരിയ പ്രതീക്ഷപോലെ
ഒരൊറ്റയിലയായ്..നീ,
ഇനിയൊരിക്കലും
നിറഞ്ഞു പൂക്കാത്ത കവിതകൾ,
കുറുങ്കഥകൾ,പൊട്ടിച്ചിരികൾ
നിൻ മിഴികളിൽ
അസ്തമിച്ച
കാത്തിരിപ്പിലിപ്പോഴും
ചുവപ്പുപടരുന്നു
ഈ തോരാത്ത മഴയിലും.

സന്തോഷ് മലയാറ്റിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *