പാതിരാപ്പുള്ളുപോലുള്ളിലൊരു പുതുസ്വരം
ഭയരഹിതമാകില്ലെ പാരിതിൽ ജീവിതം
പാതിമാത്രം തുറന്നീടുന്നു കൺകുടം
പാടേ ഭയക്കുന്നിരുളിലീ, ബാല്യകം.
കാടുപോലോരോ ഭയപ്പാടുകൾ ദ്രുതം
പേടിപ്പെടുത്തുന്നുലകിൽ നിരന്തരം
പാമ്പുപോലോർമ്മതൻ ചില്ലയിൽത്തൂങ്ങുന്നു
പാതിവഴിയാകിലും പിൻതിരിഞ്ഞോടുന്നു.
ബാല്യമൊരു പേലവാനന്ദമാം സുസ്മിതം
താളംപിടിക്കുന്നതില്ലേയതിൻ സുഖം
കാലങ്ങളേറെക്കഴിഞ്ഞേ, നമുക്കതിൻ
വാരുറ്റ മധുരം പകർന്നേകു ഹൃത്തടം.
കുളിരോർമ്മകൾപോലെ,യേറെയാനന്ദമായ്
നിളയായൊഴുകുന്നതില്ലേയൊരു ഹരം
തളിരിടുന്നെത്രയോ നന്മാർദ്ര സ്മരണകൾ
കരളിലൂടൊഴുകുന്നു കനിവാർന്ന പുലരികൾ.
വാനിലായഴകിൻ പനിനീരുമായ് വരും
തേൻ നിലാവേ, നിന്റെയോരോ വിചാരവും
കാവ്യമായൊഴുകുന്നുണർവ്വിൻ നിദാനമായ്
നിറയുന്നു ഹൃദയാർദ്ര നോവായി നിൻ പ്രിയം.
ബാല്യകാലാനന്ദ മെന്നപോൽ പകരുമോ,
തുള്ളിയായിന്നുള്ളിലതിമധുര സുസ്മിതം
തെന്നലായുണരുന്നരികിലായാ, രവം;
നിന്നിലൂടറിയുന്നു സ്നേഹാർദ്രമാം വരം.
തിങ്കൾസ്മിതാനന്ദ സാമ്യമൊരു ബാല്യമായ്
ഉണരുനീ പൈതലേ,യുലകിലൊരു പുലരിയായ്
ഗ്രാമീണ കാരുണ്യഹൃദയമാം കവിതയായ്
നിറയട്ടെ,യുള്ളിൽ വർഷിക്കട്ടെ സ്മരണകൾ.
കനകതാരങ്ങളാ,യുദയ ബാല്യങ്ങളായ്
തുടരുന്നു തലമുറകൾ നിത്യവർണ്ണമായ്
പേടിമാറുന്ന കാലങ്ങളില്ലിരുളിലെൻ
മടിമേലിരുന്നുരുമ്മുന്നെൻ പ്രിയ മകൾ…

By ivayana