രചന : ദത്താത്രേയ ദത്തു ✍️
അഞ്ചാം പീരിയഡിനിടയിലെ
ഉറക്കച്ചടവിനിടയിൽ മാലതി ടീച്ചർ,
ഇഷ്ടവ്യക്തിയെപ്പറ്റിയൊരു വാങ്മയചിത്രം
തയ്യാറാക്കാൻ ആവശ്യപ്പെട്ടു.
ഇഷ്ടത്തിനും വ്യക്തിക്കും കൂടി
ടീച്ചറെത്ര അനായാസേനയാണ്
അഞ്ചെന്ന് വിലയിട്ടത്.
അവളുടെ നെറ്റിത്തടത്തിൽ
പഴകിയൊരുമിനീർപ്പശ
വീണ്ടുമൊട്ടിപ്പിടിച്ചു.
വേണ്ട.
അമ്മയെപ്പറ്റി എഴുതിയാൽ,
ഇനിയും അനാഥത്വം ചൂലെടുക്കും.
ഒറ്റയുമ്മയിൽ നിരന്തരം വിളയില്ലെന്ന മന്ത്രം
പൊക്കിൾച്ചുഴിയുടെ മധ്യംനോക്കി
ഉന്നംപിടിക്കും.
ഇനി എഴുതാമെന്നിരിക്കിലോ,
ഓർത്താൽ കരിമ്പൻകുത്തിയൊരടിയുടുപ്പ്,
വലതുതോളിലെ തേരട്ടപ്പാട്,
മൗനത്തിന്റെ പൊട്ട്.
ദീർഘനിശ്വാസത്തിൽക്കുഴിച്ചിട്ട
സങ്കടങ്ങളുടെ നെഞ്ചുപെരുക്കം.
അല്ലാതെന്തെഴുതാൻ?
ഒന്നരമാർക്കു കഷ്ടി.
അപ്പനിലേക്കു കുതിച്ചുചാടി
മുങ്ങാത്ത പുഴകളിലൊക്കെ ഒന്നിച്ചൂളിയിട്ടു.
കയറ്റാത്ത തോളത്തു മിഴിനൂലുകൊണ്ട്
വലിഞ്ഞു കയറി.
പക്ഷേ, ആത്മഹത്യയുടെ ഭ്രമിപ്പിക്കുന്ന
നീലകയത്തിലേക്കു അച്ഛനിറങ്ങിപ്പോയത്
അവളുടെ നെഞ്ചിൻക്കൂടു ചവിട്ടിമെതിച്ചിട്ടല്ലേ..
ദുർബലചിന്തയ്ക്ക് അരമാർക്കിന്റെ ബലമേ
ഉണ്ടാകൂ.
പിൻവാങ്ങി.
ഇനി ആരെപ്പറ്റിയെഴുതിയൊന്നു
കരപിടിക്കും.
തൊട്ടടുത്തു ” എനിക്കുമാത്രമാരുമില്ലെന്ന് “
പറഞ്ഞയൊരുവളിലേയ്ക്കു കണ്ണുനട്ടു.
എത്ര ചന്തം! എത്രയഗാധം!
തൊട്ടുപോയാൽ പൊട്ടിപ്പോകുന്ന
സ്നേഹക്കുമിള,
അവഗണനയുടെ പിച്ചളത്തഴമ്പേറിയ
നരച്ചകൃഷ്ണമണി,
എന്നെ പകർത്തിയെഴുതിയെഴുതി
അറ്റംപതിഞ്ഞ ചൂണ്ടുവിരൽ,
മതി.
മെനെഞ്ഞെഴുതാനും പഠിക്കണമല്ലോ.
ഇഷ്ടവ്യക്തിയില്ലെന്നു കേട്ട്
മുപ്പത്തിയാറുജോഡി കണ്ണുകൾ
എന്നെ ക്രൂശിക്കുന്നതിലും ഭേദമല്ലേ
അൻപുള്ള നുണ.
നാലു മാർക്ക് നുണയ്ക്കു കിട്ടിയത്
അങ്ങനെയാണ്.
വാക്കനൽ
