രചന : ബിന്ദു കുറ്റിപ്പാല ✍️
കരയിൽ നിന്ന്
കടലിലേയ്ക്കുള്ള
ദൂരമളക്കുവോർ
കരയിലലിഞ്ഞോരുപ്പിൻ
കണക്കെടുപ്പിലാണത്രേ …..
നാം തമ്മിലുള്ളൊരീ
പ്രണയമളക്കുവാൻ
എൻ കവിൾപ്പാടിലെ
യുപ്പളന്നേക്കു നീ….
പണ്ടു നിന്നധരത്തിൻ
മധുരമായ്ത്തീർന്നിടം
എങ്ങനെയിത്രമേലുപ്പിൻ
ചവർപ്പാർന്നു…..
കുഞ്ഞുനാളാദ്യമായുപ്പു
നുണഞ്ഞന്നമുണ്ടതിൻ
രുചിക്കൂട്ടറിഞ്ഞില്ലേ നാം
നീ കൈപിടിച്ച നാൾ തൊട്ടീ
ജീവിത രസക്കൂട്ടുമറിഞ്ഞു നാം
കൈവിട്ടു നീ ദൂരെ മായവേ
കാമനകളിൽ കണ്ണീരുപ്പു
ചവർക്കുന്നു ഞാനൊറ്റയാവുന്നു….
എന്നിലിത്രാഴത്തിലാകെ
കലങ്ങിയോരുപ്പു
നീയെന്നറിഞ്ഞീടുവാൻ
എന്തിത്ര വൈകി ഞാൻ
ഉപ്പുകൂടിയാലാകാത്തന്നമായ്
ജീവിതം ദുസ്സഹം
നിന്നോർമ്മയിൽ വീണ്ടുമീ
കണ്ണീർ പൊടിഞ്ഞു
കവിൾ നനയ്ക്കുന്നു…..

