രചന : സ്മിത.സി ✍
നീ പോയെന്ന്
കരുതാൻ വയ്യാത്ത പോലെ
എന്തോ ഒന്ന് എന്നിൽ
ബാക്കിയാവുന്നു
മരിച്ചു പോയെന്ന്
അവര് പറയുമ്പോൾ
മറ്റാരെയോ കുറിച്ചെന്ന്
കേൾക്കുന്നു
അയൽപക്കത്തുപോയ നീ
വൈകുന്നതെന്തെന്ന്
മനസ്സ് വേവുന്നു
എല്ലാം വെറും
തോന്നലെന്ന് മകൾ
ചേർത്തുപിടിക്കുന്നു
പോയോര് പോയെന്ന് ,
വന്നോര് കൈമലർത്തുമ്പോൾ
കൈ വെള്ളയിൽ
നിൻ്റെ മണം നിറയുന്നു
മുങ്ങി നിവർന്ന്
നനഞ്ഞു വന്നപ്പോൾ
മുഖം വീർപ്പിച്ച്
അടുക്കളപ്പടിയിൽ നീ
അതേ നിൽപ്പു തന്നെ!
കഞ്ഞി വിളമ്പാതെ
എന്തു നില്പെന്ന്
നിൻ്റെ തോളിൽ തൊട്ടപ്പോൾ
മക്കള് കണ്ണ് തുടയ്ക്കുന്നതെന്തിന് ?
ചത്തപ്പോളെവിടുന്നു വന്നീ
സ്നേഹമെന്ന് കൂടപ്പിറപ്പുകൾ
മൂക്ക് പിഴിയുമ്പോൾ
കിണ്ണത്തിൽ കണ്ണീരു വീഴുന്നെടീ
സങ്കടം തുടയ്ക്കാൻ
തോളത്ത് നീയിടുന്ന
തോർത്തും തപ്പി ഞാനീ
കുഴിമാടത്തിൽ വന്നു പോയെടീ….
വാക്കനൽ
