രചന : എം ബഷീർ ✍
ചെഗുവേരയുടെ
അതേ മുഖഛായയുള്ള ഒരാളുണ്ടായിരുന്നു
പണ്ട് ഞങ്ങളുടെ തെരുവിൽ
അതേ നക്ഷത്രം പതിച്ച തൊപ്പി
അതേ പട്ടാളക്കുപ്പായം
അതേ കണ്ണുകൾ അതേ മൂക്ക്
കണ്ണുകളിലെ അതേ തീനാളം
താടിമാത്രം അനുസരണയില്ലാതെ
നീണ്ടുകിടന്നു.
ഒറ്റ നോട്ടത്തിൽ
ആരും പറയും ചെ എന്ന്
ഏത് ദേശക്കാരനാണെന്നറിയില്ല
ഭാഷയെതേന്നും തിരിയില്ല
വിശക്കുമ്പോൾ മാത്രം കൈനീട്ടും
വല്ലതും കിട്ടിയാൽ കഴിക്കും
ഇല്ലെങ്കിൽ മിണ്ടാതെ ചുരുണ്ടുകിടക്കും
മലയാളം തമിഴ് ഹിന്ദി ഇംഗ്ലീഷ്
അറബി ലാറ്റിനമേരിക്കൻ
തുടങ്ങി
ഏതാണ്ടെല്ലാ ഭാഷകളിലും
ആളുകൾ മിണ്ടിനോക്കിയിട്ടും
മൗനം മാത്രമായിരുന്നു മറുപടി
പിള്ളേര് മോട്ടോർസൈക്കിളിൽ കേറ്റി
നാട് മുഴുവൻ ചുറ്റിച്ചു നോക്കി
കളിത്തോക്ക് കാട്ടി
ചുമ്മാ പ്രലോഭപ്പിച്ചു നോക്കി
വാസനച്ചുരുട്ടു കത്തിച്ച്
വലിപ്പിച്ചു നോക്കി
മെഴുകുപ്രതിമ പോൽ
ഒടുക്കത്തെ നിസ്സംഗത പുതച്ച്
മരവിച്ചു നിന്നതേയുള്ളു മൂപ്പര്
അങ്ങനെയിരിക്കേ
തെരുവിലെ പൂമരത്തിന്റെ ചില്ലകളിൽ നിന്നൊരു
കൊച്ചു പൂവിനെ ക്രൂരനാം കാറ്റ്
കശക്കിയെറിഞ്ഞതിൽ പ്രതിഷേധിച്ച്
ഇലകളുടെ കൂട്ട പ്രതിഷേധജാഥ പോകുമ്പോൾ
അയാൾ അതിന്റെ മുമ്പിൽ
കയറി നിൽക്കുമെന്ന് കരുതി മരങ്ങൾ
ബൊളീവിയൻ കാടുകൾ
ബൊളീവിയൻ കാടുകളെന്ന്
ആർത്തുവിളിച്ച്
തെരുവിലെ പക്ഷികൾ
അയാളെ വലംവെച്ചു പറന്നു
എന്നാൽ അയാളാകട്ടെ
കാണങ്കാലിലെ വരട്ടുചൊറി
മാന്തി മാന്തി
ആ സുഖത്തിൽ കണ്ണടച്ചിരിക്കുകയായിരുന്നു
പിന്നൊരിക്കൽ
നാട്ടിൽ പുലിയിറങ്ങി
ആട്ടിൻ കുട്ടികളെ നായാടിപ്പിടിച്ച്
കടിച്ചു കീറിക്കൊന്നു തിന്നപ്പോൾ
നെഞ്ചത്തടിച്ചു കരഞ്ഞ ഇടയന്മാർ
അയാൾ രക്ഷക്കായ്
ചാടിയിറങ്ങി വരുമെന്നോർത്ത്
കാത്തിരുന്നു
ഗറില്ലാ വാർ ഗറില്ലാ വാറെന്ന്
പാട്ട് പാടി കടന്നലുകൾ
അയാളുടെ തലയ്ക്കു ചുറ്റും
കൂട്ടത്തോടെ പാറി ഹൂങ്കാരം മുഴക്കി
പ്രകോപനം അഴിച്ചു വിട്ടു
എന്നാൽ അയാളാകട്ടെ
ചെളിപിടിച്ച മുടികളിൽ നിന്ന്
പേനുകളെ നുള്ളിയെടുത്ത്
അരുമയോടെ പൊട്ടിക്കുന്ന തിരക്കിലായിരുന്നു
കാട്ടാനയിറങ്ങി വിള നശിപ്പിച്ചപ്പോഴും
കടല് കേറി കുടിലുകൾ തകർത്തപ്പോഴും
മലയിടിഞ്ഞ് മരങ്ങൾ മരിച്ചപ്പോഴും
മണ്ണും വാനവും
അയാളെ നോക്കി നോക്കി
കണ്ണുകളിൽ വിളക്ക് കൊളുത്തി
കാത്തു നിന്നു
ലോങ്ങ് ലൈവ് റെവല്യൂഷ്യൻ
ലോങ്ങ് ലൈവ് റെവല്യൂഷ്യൻ
എന്ന മന്ത്രമുരുവിട്ടുകൊണ്ട്
മണ്ണ് പുരണ്ട ദേഹവുമായി
പാടത്തു നിന്ന് കേറിവന്ന
ആസാമികളും ബംഗാളികളും
അയാൾക്ക് മുന്നിലൂടെ
മാർച്ചു ചെയ്തുപോയി
അന്നേരമയാൾ
വയറിൽ കൈവെച്ച്
അവരോട് ഭക്ഷണത്തിന്
യാചിച്ചുകൊണ്ടിരിക്കുകയായിരുന്നു
ആൾപ്പാർപ്പില്ലാത്ത വീടുപോലെ
തെരുവിലെ പീടികക്കോലയകളിൽ
അയാൾ പൊടിപിടിച്ചു കിടന്നു
അങ്ങനെയൊരുനാൾ
പാതിരാവിൽ
മൂന്നുവട്ടം വെടിയൊച്ച കേട്ട്
പ്രാവുകൾ ഉറക്കം ഞെട്ടി
തെരുവിന്റെയാകാശത്തേക്ക്
ചിതറിത്തെറിച്ചു
നേരം വെളുത്തപ്പോൾ
നക്ഷത്രം പതിച്ച ഒരു തൊപ്പി
ചോരയിൽ കുതിർന്ന്
നിരത്തിൽ അനാഥമായിക്കിടന്നു
അതിന് ശേഷം
ചെഗുവേരയുടെ മുഖഛായയുള്ള
അയാളെ
ആരും പിന്നെ കണ്ടതേയില്ല..

