രചന : ലീലാമ്മതോമസ്, ബോട്സ്വാന ✍️
തേനീച്ചകളെ ഞാൻ സ്നേഹിച്ചതിനാണ്
എന്റെ വീട്ടിൽ എനിക്ക് ഒരുപാടു വഴക്കുകേൾക്കേണ്ടിവന്നത്.
അവർക്ക് അത് മനസ്സിലായില്ല.
വാക്കുകൾ ഉയർന്നു, മനസ്സുകൾ അകന്നു.ഞാൻ
പിണങ്ങി ഞാൻ കാടിലേക്കു നടന്നു.
അവിടെ, Zumb കുടുംബം
ഒരു കിണ്ണത്തിൽ തേൻ തന്നു
എന്നെ സ്വീകരിച്ചു.
വാക്കുകൾ കുറവായിരുന്നു,
പക്ഷേ സ്നേഹം നിറഞ്ഞിരുന്നു.
കാട്ടുതേനീച്ചകളുടെ നടുവിൽ
നിൽക്കുമ്പോഴും
എനിക്ക് ഭയം തോന്നിയില്ല.
അവ മനുഷ്യർ
പ്രകൃതിയോട് ഇണങ്ങി,
ഭയമില്ലാതെ ജീവിക്കുന്നവരായിരുന്നു.
അവരുടെ ജീവിതരീതി
എന്റെ മനസ്സിൽ
അസാധാരണമായൊരു ശാന്തത പകര്ന്നു.
എന്റെ വീട്ടിലുള്ളവരെക്കാൾ
എനിക്ക് സ്നേഹം തോന്നിയത്
ആ തേനീച്ചകളോടായിരുന്നു.
കാരണം അവ
എന്നെ വിധിച്ചില്ല,
തള്ളിയില്ല,
ഭയപ്പെടുത്തി ഇല്ല.
ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ
പ്രകൃതിയുമായുള്ള
ഒരു ആത്മബന്ധം
എന്റെ ഉള്ളിൽ രൂപപ്പെട്ടു.
ആ ശാന്തത
വാക്കുകൾക്ക് അപ്പുറമായിരുന്നു.
ആഫ്രിക്കൻ ഗ്രാമത്തിലെ
ആ ദിവസങ്ങൾ
എന്റെ ഉള്ളിൽ
വലിയ മാറ്റങ്ങൾ വരുത്തി.
പതിനായിരക്കണക്കിന്
തേനീച്ചകളുടെ നടുവിൽ
ഭയമില്ലാതെ
മനസ്സിനെ ശാന്തമാക്കി
നിർത്താൻ പഠിച്ച നിമിഷങ്ങൾ
എന്റെ ചിന്തകളെ മാത്രമല്ല,
എന്റെ ഭാവങ്ങളെപ്പോലും
മാറ്റിമറിച്ചു.
പ്രകൃതിയോടും
ജീവജാലങ്ങളോടും
പൂർണ്ണമായി ഇണങ്ങി ചേർന്നപ്പോൾ
എന്റെ മനസ്സിൽ നിറഞ്ഞത്
ആത്മവിശ്വാസവും സമാധാനവും ആയിരുന്നു.
അത് എന്റെ മുഖത്ത്
ഒരു പ്രത്യേക പ്രകാശമായി
പ്രതിഫലിച്ചു —
ഒരു Glow പോലെ.
കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾക്ക്
ഒരിക്കലും നൽകാൻ കഴിയാത്ത
ഒരു ആന്തരിക സൗന്ദര്യം (Inner Beauty)
പ്രകൃതി എനിക്ക് സമ്മാനിച്ചു.
ഭയത്തെ അതിജീവിച്ചവളുടെ
ആത്മവിശ്വാസവും,
പ്രകൃതിയോട് ലയിച്ചവളുടെ
ശാന്തതയും
ഒത്തുചേർന്നപ്പോൾ
എന്റെ മുഖത്ത് വിരിഞ്ഞത്
വെറുമൊരു പുഞ്ചിരിയല്ലായിരുന്നു.
അത്
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള
ആഴമേറിയ ബന്ധത്തിന്റെ
ജീവസ്സുറ്റ സൗന്ദര്യമായിരുന്നു.
