“ഗൗരി ചേച്ചി…. ചേച്ചി കല്യാണത്തിന് മുൻപ് ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ ചേച്ചി?”
ഉച്ചഭക്ഷണം കഴിഞ്ഞു വെറുതെ സൊറ പറയാൻ ഒത്തുകൂടിയപ്പോൾ മീരയുടെ മകൾ പ്ലസ് ടു ക്കാരിയായ ലച്ചു ആണ് ഗൗരിയോട് ആ ചോദ്യം ചോദിച്ചത്.കൂടെ മീരയുമുണ്ട്.. തൊട്ടയല്പക്കമാണ്.. ഗൗരിയെ ഗോപൻ കല്യാണം കഴിച്ചു ഇവിടെ കൊണ്ടു വന്ന അന്നുമുതൽ ഗൗരിയുടെ കൂട്ടുകാരിയാണ് മീര
” എന്തെ മോൾ അങ്ങനെ ചോദിക്കാൻ “
” നാളെ വാലന്റയ്ൻസ് ഡേ അല്ലേ? അപ്പോൾ ഫ്രണ്ട്സിനൊക്കെ പറഞ്ഞുകൊടുക്കാൻ ഒരു സ്റ്റോറി കിട്ടുമല്ലോ “
പ്രണയം… ആ മനോഹരവികാരത്തിന്റെ മധുരം മനസ്സിലെങ്കിലും നുണയാത്ത ആരുമുണ്ടാവില്ല. ആദ്യമായി കണ്ട നിമിഷങ്ങളും, പരസ്പരം പങ്കുവച്ച സ്വപ്നങ്ങളും മരിക്കുവോളം മനസ്സിൽ നിന്നും പോകില്ല.
ഗൗരി നെടുവീർപ്പെട്ടു.

അവൾ പഴയ ഓർമ്മകളിലേക്ക് മടങ്ങി
“ആദ്യ പ്രണയത്തെ കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യമോടിയെത്തുന്നത് കുറെ മയിൽപ്പീലികളാണ്.. കൂടെ നറുമണം പകരുന്ന കുടമുല്ലപ്പൂവുകളും അടക്കമില്ലാതെ ചിരിക്കുന്ന കുപ്പിവളകളും..
അന്ന് പഠനമൊക്കെ കഴിഞ്ഞു ജോലി നോക്കുന്ന സമയമാണ്
രാവിലെ പാട വരമ്പിലൂടെ കൃഷ്ണന്റെ അമ്പലത്തിലേയ്ക്കുള്ള ഓട്ടത്തിനിടയിലാണ് ഉണ്ണിയേട്ടനെ അന്നാദ്യമായി കാണുന്നത്. എതിരെ നടന്നു വരികയായിരുന്നു ഉണ്ണിയേട്ടൻ. കൂടെ ഒരു പെൺകുട്ടിയുമുണ്ട്.. ആ കുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു.. തിരികെ ഞാനും…
“ചേച്ചി അമ്പലത്തിലേക്കാ?”
അവൾ ചോദിച്ചു.
” അതെ. “
” ന്നാ വേഗം ചെല്ലു.. നടയടയ്ക്കാറായി “
മറുപടി ഒന്നും പറയാതെ ഒറ്റ ഓട്ടമായിരുന്നു.

ആ ഓട്ടത്തിനിടയിലും കണ്ടു രണ്ടു കണ്ണുകൾ തന്നെ നോക്കുന്നത്.
ആ നോട്ടത്തിൽ എന്തോ ഒരു പ്രത്യേകത അനുഭവപ്പെട്ടു.
എന്നാലും ഇവർ ആരായിരിക്കും. ഇതുവരെ കണ്ടിട്ടില്ലല്ലോ?
അതും ചിന്തിച്ചു അമ്പലത്തിൽ ചെന്നതറിഞ്ഞില്ല..
” എന്തെ കുട്ടി.. ഇന്ന് വൈകിയല്ലോ.. അടയ്ക്കാറായീട്ടോ “
ഞാൻ ചിരിക്കുക മാത്രം ചെയ്തു..
അപ്പോഴാണ് കിഴക്കുംതാഴത്തെ ലക്ഷ്മിയും അമ്മയും കൂടി അവിടെ നിൽക്കുന്നത് കണ്ടത്. എന്റെ വീട് കഴിഞ്ഞാണ് അവരുടെ വീട്.
” നിൽക്ക് ഗൗരി ഞങ്ങളും വരുന്നു “
തൊഴുതിറങ്ങിയ ഞങ്ങൾ മെല്ലെ നടക്കാൻ തുടങ്ങി.
” ഡീ നീയറിഞ്ഞോ നമ്മുടെ ദീപ്‌തീടെ മാമനും ഭാര്യയും മക്കളുമൊക്കെ വന്നിട്ടുണ്ട്.. ബോംബെയിൽ നിന്ന് “
” ഏത് പണ്ട് നാട് വിട്ടുപോയ മാമനാണോ “?
” അതേ… അത് തന്നെ. അങ്ങേർക്ക് അറ്റാക്ക് ഒക്കെ വന്നൂന്ന്.. അങ്ങനെയാണത്രെ നാട്ടിൽ തിരിച്ചെത്തിയത്. ഇപ്പോൾ പഴയ പോലെയല്ല ഒരുപാട് സ്വത്തൊക്കെ ഉണ്ടാക്കിയിട്ടുണ്ടെന്ന്.
മക്കൾ കുറച്ചു മുൻപേ അമ്പലത്തിൽ വന്നിട്ട് പോയല്ലോ. ഉണ്ണികൃഷ്ണനും ഉമയും. അങ്ങനെയാ അവരുടെ പേര്.

ഞാൻ ഇന്നലെ ദീപ്‌തീടെ വീട്ടിൽ പോയിരുന്നു. പരിചയപെട്ടിരുന്നു. നല്ലൊരു ചേട്ടൻ”
ലക്ഷ്മി കണ്ണിറുക്കി
ഓ.. അപ്പോൾ അവരായിരിക്കുമത്.
” നല്ല ചുള്ളൻ ചെക്കൻ. എനിക്കിഷ്ടായി “
ലക്ഷ്മി കള്ളച്ചിരിയോടെ പറഞ്ഞു.
എന്തോ അത് കേട്ടപ്പോൾ അറിയാതെ ഉള്ളിലൊരു കൊളുത്തു വീണു.
പിന്നീട് പല തവണ കണ്ടുവെങ്കിലും പരസ്പരം നോക്കി നിന്നതല്ലാതെ ഒന്നും സംസാരിച്ചില്ല.അടുത്ത് കാണുന്നത് ദീപ്തിയുടെ വീട്ടിൽ വച്ചാണ്.
പശുവിനു വൈക്കോൽ വാങ്ങാൻ വേണ്ടി അമ്മയോടൊപ്പം അവിടെ പോകേണ്ടി വന്നു.
” വിരുന്നുകാരൊക്കെ വന്നിട്ട് പോയോ വസന്തേച്ചി”
എന്റെ അമ്മ ദീപ്തിയുടെ അമ്മയോട് ചോദിച്ചു.
” ഇല്ല.. ഇപ്പോൾ അവർ കൃഷ്ണേട്ടന്റെ വീട്ടിൽ പോയേക്കുവാ. ങ്ങാ മോൻ ഇവിടെയുണ്ട്.. അവൻ പോയില്ല. “
“ദീപ്തിയെവിടെ അമ്മേ”
ഉമ്മറത്തുണ്ടായിരുന്ന ദീപ്തിയുടെ അമ്മയോട് ഞാൻ ചോദിച്ചു.
അവൾ അകത്തു മുറിയിലാ. കമ്പ്യൂട്ടറിൽ എന്തോ ചെയ്യുവാ. മോളങ്ങോട്ട് ചെല്ല്. ഞാൻ നിന്റെ അമ്മയോട് കുറച്ചു സംസാരിക്കട്ടെ..
ഞാൻ അകത്തേക്ക് ചെന്നു..
അവളുടെ മുറിയിൽ ഉണ്ടായിരുന്നു ഉണ്ണിയേട്ടൻ. എന്നെ കണ്ടതും ആ മിഴികൾ തെളിയുന്നത് ഞാൻ കണ്ടു..

” ങ്ങാ നീയോ.. വാ… ഇത് ഉണ്ണിയേട്ടൻ.. മാമന്റെ മോനാ.. എന്റെ കമ്പ്യൂട്ടർ കംപ്ലയിന്റ് ആയി. അത് ശരിയാക്കുവാ ഞങ്ങൾ രണ്ടാളും “
അവൾ എന്നെ ഉണ്ണിയേട്ടന് പരിചയപ്പെടുത്തി.
” ഉണ്ണിയേട്ടാ ഇവളെന്റെ കൂട്ടുകാരിയാ. ഗൗരി .. വല്യ പാട്ടുകാരിയാ.. പിന്നെ കവിത എഴുതും “
ഉണ്ണിയേട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു.
ഞാൻ അവിടെ ഒരറ്റത്തിരുന്നു.. ഉണ്ണിയേട്ടന്റെ നോട്ടം ഇടയ്ക്ക് എന്റെ മേൽ വീഴുന്നത് ഞാൻ കണ്ടു.
ഇടയ്ക്ക് ഇപ്പോൾ വരാമെന്ന് പറഞ്ഞു ദീപ്തി പുറത്തേക്ക് പോയി…
എന്തിനെന്നറിയാതെ എന്റെ ഉടൽ വിറച്ചു. ആദ്യകാഴ്ചയിൽ തന്നെ മനസ്സിൽ പ്രണയം തോന്നിയ രണ്ടു മനസ്സുകൾ ഒന്നും പറയാനാവാതെ വീർപ്പുമുട്ടി.
” എനിക്ക് ഒരു കാര്യം പറയാനുണ്ട് പറഞ്ഞോട്ടെ “
ഞാൻ എന്താണെന്ന മട്ടിൽ നോക്കി…
” എനിക്കിയാളെ ഇഷ്ടാണ്.. കുറെ ദിവസായിട്ട് പറയണമെന്ന് വിചാരിക്കുന്നു. ഇപ്പോഴാ കഴിഞ്ഞത് “
എന്റെ മിഴികൾ പിടഞ്ഞു. ഹൃദയം പടപട മിടിച്ചു.
” താനെന്താ ഒന്നും മിണ്ടാത്തത്. എന്നെ ഇഷ്ടമല്ലേ.. “
” അത്.. “
ഞാൻ നിന്നു പരുങ്ങി
ധൈര്യമായി പറഞ്ഞോ.
ഞാൻ പുഞ്ചിരിച്ചു..
ഈ പുഞ്ചിരി ഞാൻ സമ്മതമായെടുക്കുന്നു.

ഉണ്ണിയേട്ടൻ പറഞ്ഞു.
എന്റെ മനസ്സ് ഒരു പൂത്തുമ്പിയെപ്പോലെ പാറിനടക്കാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോ യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി…
പിന്നീട് പല തവണ ഞങ്ങൾ പലയിടത്തും വച്ചു കണ്ടുമുട്ടി. അമ്പലത്തിൽ… വയൽ വരമ്പിൽ.. തോട്ടിറമ്പിൽ..
എനിക്ക് എപ്പോഴും കുപ്പിവളയും മയിൽപ്പീലികളും മുല്ലപ്പൂ മാലയും വാങ്ങിക്കൊണ്ടു വരും.. അവയൊക്കെ എന്റെ പ്രിയപ്പെട്ട ഇഷ്ടങ്ങളാണെന്നറിഞ്ഞുകൊണ്ടു തന്നെ.
ഞങ്ങൾക്ക് പിറക്കാൻ പോകുന്ന കുട്ടികൾക്ക് വരെ പേര് കണ്ടുപിടിച്ചു.
അവർ ഇനി ഉണ്ണിയേട്ടന്റെ അച്ഛന്റെ ഓഹരിയിൽ തന്നെ വീട് വച്ചു താമസിക്കാൻ പോവുകയാണെന്ന് കൂടി കേട്ടപ്പോൾ എനിക്ക് സന്തോഷംഇരട്ടിയായി..
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാനും ദീപ്തിയും കൂടി അമ്പലത്തിൽ പോകുകയായിരുന്നു.
പൊടുന്നനെ അവളെന്നോട് ചോദിച്ചു.
” ഉണ്ണിയേട്ടൻ ആളെങ്ങനെ ഉണ്ടെടി? “
ഞാൻ പതർച്ചയോടെ അവളെ നോക്കി. അവൾ അറിഞ്ഞിട്ടുണ്ടാവുമോ?
” അതെന്താ നീ അങ്ങനെ ചോദിച്ചത്?
” അല്ലാ വീട്ടിൽ ഒരാലോചന.. ഉണ്ണിയേട്ടന്റെയും എന്റെയും വിവാഹം നടത്തിയാലോ എന്ന് “
ചവിട്ടി നിൽക്കുന്ന മണ്ണ് ഇളകി ഞാൻ താഴേക്ക് പോകുന്നത് പോലെ എനിക്ക് തോന്നി.

” എല്ലാവർക്കും ഇഷ്ടമാണോ? “
“ഉണ്ണിയേട്ടനോട് ഇന്ന് പറയുമെന്ന് അവർ പറയുന്നത് കേട്ടു. ഇനിയെങ്കിലും ബന്ധങ്ങൾ അറ്റുപോകരുതെന്നാ അവർ പറയുന്നേ.”
അന്നു രാത്രി ഞാൻ ഉറങ്ങിയില്ല. ചിന്തകളിൽ ഉണ്ണിയേട്ടൻ നിറഞ്ഞു നിന്നു. തനിക്ക് അദ്ദേഹത്തെ നഷ്ട്പ്പെടുമോ…
ഒരാഴ്ചയോളം ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല.. പിന്നീട് ഒരു ദിവസം പുല്ലാഞ്ഞിക്കാടിന്റെ അരികിൽവച്ചു ഞങ്ങൾ കണ്ടുമുട്ടി.
പതിവില്ലാതെ ആ കണ്ണുകൾ നിറഞ്ഞിരുന്നു.
” ഗൗരി .. ഇതെങ്ങനെ പറയണമെന്ന് എനിക്കറിയില്ല. വീട്ടിൽ ആകെ പ്രശ്നമാണ്.. ദീപ്തിയുമായുള്ള വിവാഹം അവർ നിശ്ചയിച്ചു.ഒഴിഞ്ഞു മാറാൻ നോക്കിയിട്ട് അവർ സമ്മതിക്കുന്നില്ല. അച്ഛന് സുഖമില്ലാതെ ഇരിക്കുന്നത് കൊണ്ട് എനിക്കൊന്നും എതിർത്തു പറയാനും കഴിയുന്നില്ല. നമ്മളെന്താ ഗൗരി ചെയ്യേണ്ടേ?

എന്റെ ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയി, താൻ ഭയന്നത് പോലെ സംഭവിക്കാൻ പോകുന്നു.
കണ്ണിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി.
ഉണ്ണിയേട്ടൻ എന്നെ ചേർത്തു പിടിക്കാൻ ശ്രമിച്ചു. സങ്കടത്താൽ ഞാൻ കുതറിമാറി തിരിഞ്ഞോടി.
എന്റെ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങി.. രണ്ടു മാസത്തിനപ്പുറം കൃഷ്ണന്റെ അമ്പലത്തിൽ വച്ചു തന്നെ ഉണ്ണിയേട്ടന്റെയും ദീപ്തിയുടെയും വിവാഹം കഴിഞ്ഞു.
എന്റെ കുപ്പിവളകൾ എല്ലാമുടഞ്ഞുപോയി… വർണ്ണപ്പൊട്ടുകൾ ചിതറിത്തെറിച്ചു.. മയിൽപ്പീലികൾ പറന്നുപോയി. മുല്ലപ്പൂക്കൾ വാടിക്കരിഞ്ഞു..
എന്റെ മുറിയുടെ ജനലരികിൽഇരുന്ന് ഞാനാ കാഴ്ച കണ്ടു.
ഞങ്ങൾ കൈകോർത്തുപിടിച്ചു നടന്ന അതേ പാടവരമ്പിലൂടെ ഉണ്ണിയേട്ടനും ദീപ്തിയും വിവാഹവേഷത്തിൽ നടന്നുപോകുന്നു…
എന്റെ ഹൃദയമിടറി.. ഉള്ളം ആർത്തലച്ചു കരഞ്ഞു..
ആ വിഷമം സഹിക്കാൻ വയ്യാതെ ഞാൻ അവിടെനിന്നും പട്ടണത്തിലുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിലേക്ക് പോയി..

വർഷങ്ങൾക്കിപ്പുറം ഗോപേട്ടനുമായി എന്റെ വിവാഹം കഴിഞ്ഞ ശേഷം ഞാൻ ഉണ്ണിയേട്ടനെ കണ്ടു. ഞങ്ങൾ സ്വപ്നത്തിൽ താലോലിച്ചിരുന്ന രണ്ടു പൊന്നോമനകളുമായ്
ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്… പക്ഷെ ഒരിക്കൽ പോലും ഉണ്ണിയേട്ടൻ എന്റെ മുഖത്തു നോക്കിയിട്ടില്ല… പക്ഷെ എനിക്കറിയാം ആ ഹൃദയത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഈ ഗൗരി ഉണ്ടാവുമെന്ന്… ആരോരുമറിയാതെ… നഷ്ടപ്രണയത്തിന്റെ നൊമ്പരങ്ങളൊക്കെയും ഉള്ളിന്റെ ഉള്ളിൽ കനലായി നീറിനീറി കിടക്കുമ്പോൾ ഉള്ളം പൊള്ളുകയാണ് എപ്പോഴും.
ഒരു വിതുമ്പൽ കേട്ടു ഗൗരി അമ്പരപ്പോടെ നോക്കി… ലച്ചു ഇരുന്നു കരയുന്നു.. മീരയുടെയും മിഴികൾ നിറഞ്ഞിരിക്കുന്നു…
ഗൗരിയുടെയും മിഴികൾ നിറഞ്ഞെങ്കിലും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു…. കാലത്തെ തോൽപ്പിച്ച പുഞ്ചിരി….

By ivayana

Leave a Reply

Your email address will not be published. Required fields are marked *