രചന : കെ.ആർ.സുരേന്ദ്രൻ ✍️
നിന്നെ ഓർക്കുമ്പോഴൊക്കെ,
ആ പുഴയും
നിന്നെ അനുഗമിക്കാറുണ്ട്.
സൗമ്യശാന്തമായ ഉപരിതലവും
അടിയൊഴുക്കുകളും അപ്പോഴൊക്കെ
ഓർമ്മയിൽ തെളിയാറുണ്ട്.
മലരികളും, ചുഴികളും,
കാണാക്കയങ്ങളും
നമ്മുടെ വർത്തമാനങ്ങളിൽ
കടന്നുവരാറുണ്ട്.
പുഴ കണ്ടൽക്കാടുകളെ
തഴുകിയൊഴുകുന്നത്
നീ എന്നെ കാണിച്ചുതരാറുണ്ട്.
വള്ളങ്ങൾ തുഴഞ്ഞ്
നമുക്ക് മുന്നിലൂടെ
കടന്നു പോകുന്നവരെ
നീ ചൂണ്ടിക്കാട്ടാറുണ്ട്.
നിന്നെയോർക്കുമ്പോഴൊക്കെ
ആ പുഴക്കടവും
നിന്നെ അനുഗമിക്കാറുണ്ട്.
പുഴക്കടവിലെ
നമ്മുടെ സായാഹ്‌നങ്ങൾ
നീ ഓർമ്മിപ്പിക്കാറുണ്ട്.
അവിടെ വെച്ചല്ലേ,
നമ്മൾ ആദ്യമായി
പ്രണയം പറഞ്ഞതെന്ന് നീ
മന്ദഹസിക്കാറുണ്ട്.
നിന്നെ ഓർക്കുമ്പോഴൊക്കെ
പുഴക്കടവിന് പിന്നിലെ തറവാട്
നമ്മെ നിർന്നിമേഷയായി,
നറുപുഞ്ചിരിയോടെ
നോക്കി നില്‍ക്കുന്നത്
നീ കൺകോണുകളിലൂടെ
മന്ദഹസിക്കാറുണ്ട്.
നിന്നെയൊർക്കുമ്പോഴൊക്കെ
നിന്റെയോ, എന്റെയോ അല്ലാത്ത
തെറ്റുകൾക്ക്
തമ്മിൽ പിരിയേണ്ടിവന്നത്
കണ്ണീരൊഴുക്കി നീ ഓർമ്മപ്പെടുത്താറുണ്ട്.
പിരിഞ്ഞതിന്റെ തലേന്ന് രാത്രി
മുഴുവൻ നീ
കണ്ണീർ വാർത്തത്
ഓർമ്മകളിൽ ഇന്നും
ഗദ്ഗദങ്ങളാകാറുണ്ട്.
നിനക്ക് ആ പുഴയോടോ,
പുഴക്കടവിനോടോ,
പൗരാണികതയുടെ ഗന്ധം പേറുന്ന
തറവാടിനോടോ
വേർപെട്ട് ഒരസ്തിത്വമില്ലെന്ന്
ഞാനോർക്കാറുണ്ട്.
ഇന്ന് പുഴ വരണ്ടും,
പുഴക്കടവ് കാടിൽ മുങ്ങിയും,
തറവാട് ചിതലരിച്ചില്ലാതായതും
വിദൂരനഗരത്തിലിരുന്ന്
നീ ഓർക്കുന്നോയെന്നെനിക്കറിയില്ല.
ഈ ഞാനും
നിന്റെ മറവിയുടെ
മഞ്ഞുമലക്കപ്പുറം
മാഞ്ഞുപോയോയെന്നെനിക്കറിയില്ല.
നിന്നെയോർക്കുമ്പോഴൊക്കെ
പുഴയും, പുഴക്കടവും, തറവാടും
പക്ഷെ നിന്നോടൊപ്പം
എന്നെത്തേടിവരുന്നു…
നീ മറന്നാലും….
