അച്ഛൻ!!
അച്ഛന്റെ കരസ്പർശമേറ്റ് നിറംമങ്ങിയ പുസ്തകം.
‘ഡോക്ടർ സീറോ’ Batten Bose
ഓർമ്മവച്ച കാലം മുതൽ കാണുന്നതാണ്, ചിറ്റലഞ്ചേരി വായനശാലയിൽ നിന്നും നോവലുകളും കഥകളും മുടങ്ങാതെ എടുത്തു വായിക്കുന്ന ഒരാൾ. കളഞ്ഞു കിട്ടുന്ന ഒരു തുണ്ട് പേപ്പറിൽ എന്ത് എഴുതിയിരിക്കുന്നു എന്ന് ആകാംക്ഷയോടെ വായിക്കുന്ന അച്ഛനെ കണ്ടിട്ടുണ്ട്. ഒരു പുസ്തകം വായിച്ചു തീർന്ന ഉടനെ അടുത്ത പുസ്തകം എടുക്കുവാനുള്ള വ്യഗ്രത കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരു നോവൽ ആയിരം പേജ് ഉള്ളതാണെങ്കിലും ഒരൊറ്റ രാത്രികൊണ്ട് വായിച്ചുതീർക്കുവാൻ അച്ഛൻ ഉറക്കമളച്ച് വിളക്കിന്റെ ചോട്ടിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. ചില നോവലുകൾ വായിച്ചു തീരാതാവുമ്പോൾ പണിക്ക് പോകാതെ കള്ളമടിച്ചിരുന്നു കഥകൾ വായിച്ചിട്ടുണ്ട്.

എം.ടിയുടെ “കണ്ണാന്തളി പൂക്കളുടെ കാലം” എന്ന പുസ്തകം ഞാൻ ആദ്യമായിട്ട് അച്ഛന്റെ കയ്യിലാണ് കാണുന്നത്. പുസ്തകത്തിന്റെ പുറംചട്ട കാണുമ്പോൾ വായിക്കാൻ പലതവണ കൊതിച്ചിട്ടുണ്ട്. പക്ഷേ വായിക്കാൻ അച്ഛൻ ആർക്കും കൊടുക്കാതെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു. കാരണം ലൈബ്രറിയിൽ അതിനൊരു പോറലുപോലും ഏൽക്കാതെ തിരിച്ചു കൊടുക്കണം. എന്നിരുന്നാലും ഇടയ്ക്കൊക്കെ ഞാനും മറിച്ചു നോക്കിയിട്ടുണ്ട്. പിള്ളേരല്ലേ ശ്രദ്ധിക്കില്ല എന്നുള്ളതുകൊണ്ടാണ് അച്ഛൻ തരാത്തത്. കഥകൾ,നോവലുകൾ എന്നുവച്ചാൽ അച്ഛന് ജീവനാണ്.

എം മുകുന്ദൻ എഴുതിയ” ദൈവത്തിന്റെ വികൃതികൾ” എന്ന നോവൽ അച്ഛൻ കൊണ്ടുവരുമ്പോഴാണ് ആദ്യമായി അദ്ദേഹത്തിന്റെ ഫോട്ടോ ഞാൻ കാണുന്നത്.അത്‌ എടുത്തുവച്ചു നോക്കിയത് ഇന്നും ഓർക്കുന്നു. കാരണം ആ നോവൽ ഞാൻ ജനിക്കുംമുൻപേ അദ്ദേഹം എഴുതിയതാണ്. അന്നാണ് മുകുന്ദൻ സാറിന്റെ മുഖം മനസ്സിൽ പതിപ്പിച്ചത്.
“അദ്ദേഹത്തിന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ” എന്ന നോവൽ അച്ഛൻ പലതവണ വായിച്ചിട്ടുണ്ട്. ഇഷ്ടമുള്ള നോവലുകൾ എത്ര തവണ വേണമെങ്കിലും അച്ഛൻ വായിക്കും.അതുകൊണ്ടുതന്നെ വായനശാലയിൽ ഏൽപ്പിക്കാത്ത രണ്ടു പുസ്തകങ്ങളിൽ ഒന്ന് ഈ നോവൽ ആയിരുന്നു. ഞാനും വായിച്ചു പലതവണ. അത്‌ വായിക്കുന്നവർക്ക് മറക്കാൻ പറ്റാത്ത സംഭാഷണമാണല്ലോ നോവലിൽ പലവട്ടം ആവർത്തിക്കപ്പെടുന്ന ലസ്ലീ സായിപ്പിന്റെ അഭ്യർത്ഥനയും കുറമ്പിയുടെ മറുപടിയും.

“ കൊറമ്പീ, കൊറമ്പീ,
ഇച്ചിരി പൊടി തര്വോ?
അതിനെന്താ സായിപ്പേ? അതൊന്നു ചോദിക്കാനുണ്ടോ?”
ഐറിഷ് എഴുത്തുകാരനായ ബ്രാം സ്റ്റോക്കർ 1897-ൽ എഴുതിയ ഭീകര നോവലാണ് ഡ്രാക്കുള.അതിന്റെ മലയാളം പരിഭാഷ അച്ഛൻ വായിച്ചിട്ടുണ്ട്.ഇതൊരു എപ്പിസ്റ്റോളറി ശൈലിയിലുള്ള നോവലാണ്. അച്ഛനിതൊക്കെ വായിക്കാൻ വല്ല്യ ഇഷ്ടം ആണ്. ഞാൻ ഈ ബുക്ക്‌ മാത്രം തൊട്ട് നോക്കിയിട്ടില്ല.

അച്ഛന് ഏറ്റവും ഇഷ്ടം അപസർപ്പക നോവലുകളിലൂടെയും ക്രൈംത്രില്ലറുകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനും ബാറ്റൺ ബോസ് എന്ന തൂലികാനാമധാരിയുമായ കെ എം ചാക്കോയുടെ കഥകൾ ആണ്.ബാറ്റൺ ബോസിന്റെ 200 ഓളം നോവലുകളിൽ
” ഡോ. സീറോ” “ആഫ്റ്റർ ഡെത്ത്” എന്നിവയാണ് അച്ഛന് ഇഷ്ടം.അതിൽ അച്ഛൻ ഏറ്റവും കൂടുതൽ ഇഷ്ടം ബാറ്റൺ ബോസിന്റെ കന്നി നോവൽ ആയിട്ടുള്ള ഡോ.സീറോ ആണ്.അച്ഛൻ ഏറ്റവും കൂടുതൽ തവണ വായിച്ച ഡിറ്റക്റ്റീവ് നോവലും ഏറ്റവും അവസാനമായി വായിച്ച നോവലും ഇതുതന്നെയാണ്. കറുത്ത പുറംചട്ടയുള്ള ഈ നോവൽ അച്ഛന്റെ കരസ്പർശം ഏറ്റു ഭൂരിഭാഗവും വെളുത്ത കളറായി അക്ഷരങ്ങൾ മാഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു. സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോഴും അച്ഛന്റെ കയ്യിൽ ഈ പുസ്തകം ഉണ്ടായിരുന്നു.

അന്ന് ഞാൻ ചോദിക്കുകയും ചെയ്തു
” ഈ പുസ്തകമൊക്കെ എത്ര തവണ വായിച്ചതാണച്ഛ….”
അപ്പോൾ അച്ഛൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇരിക്കട്ടെ… എന്നാലും വെറുതെ വായിക്കാല്ലോ “
അങ്ങനെ എത്രയെത്ര പുസ്തകങ്ങൾ ആണ് എന്റെ അച്ഛൻ വായിച്ചിട്ടുള്ളത് എന്നതിനൊരു കണക്കില്ല.മംഗളം മനോരമ ആഴ്ചപ്പതിപ്പുകളിലെ എല്ലാ നോവലികളും മുടങ്ങാതെ വായിക്കും. പണി കഴിഞ്ഞു വരുമ്പോൾ അച്ഛന്റെ ഇടുപ്പിൽ തിരുകി ആരും കാണാതെ കൊണ്ടുവന്ന മംഗളങ്ങളും മനോരമകളും ഇന്നും തൂക്കി വിൽക്കാതെ വീട്ടിൽ ചാക്കുകളിൽ കെട്ടി ഭദ്രമാക്കിയിട്ടുണ്ട്.

അച്ഛൻ ആരോഗ്യത്തോടെ തിരിച്ചു വരുമ്പോൾ വായിക്കുവാൻ വേണ്ടി ഒരുപാട് പുസ്തകങ്ങൾ എടുത്തു വച്ചു. ആശുപത്രിയിൽ അച്ഛനെ കാണാൻ പോകുമ്പോൾ ഇളവൂർ ശശിയുടെ “കോന്ദ്ര”യും “വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും” എന്ന രണ്ടു കഥകളും കൊണ്ടുപോകുവാൻ ഭദ്രമായി പൊതിഞ്ഞു വെച്ചെങ്കിലും മറന്നുപോയി. അത്‌ കൊടുക്കും മുൻപ് അച്ഛൻ ഞങ്ങളെ വിട്ടു പോയി.
ഒടുവിൽ അച്ഛൻ യാത്രയായി അന്ത്യകർമ്മങ്ങൾ കഴിഞ്ഞു ഞാൻ തിരുവനന്തപുരത്തെത്തിയ ശേഷം ഒരുദിവസം എന്റെ ഓർമ്മയിൽ ആ നോവലിന്റെ പുറംചട്ട മിന്നിമറഞ്ഞുകൊണ്ടിരുന്നു.അച്ഛന്റെ മരണത്തെ തുടർന്ന് പതിനാറുദിവസവും ആ പുസ്തകം അവിടെ ഒരു സ്റ്റൂളിൽ ഇരിപ്പുണ്ടായിരുന്നു.

ഞാൻ ഉടനെ അമ്മയെ വിളിച്ചു പറഞ്ഞു ആ പുസ്തകം ഒന്നെടുത്തു വയ്ക്കാൻ.
“അതെന്തിനാണ്? ” എന്ന് അമ്മ ചോദിച്ചപ്പോൾ ഞാൻ ഒന്നും മിണ്ടിയില്ല. “വായിക്കാനാണോ? ” എന്ന് അമ്മ വീണ്ടും ചോദിച്ചു.ഞാൻ “ആ… അതെ.. എന്ന് പറഞ്ഞു.
അച്ഛൻ അവസാനമായി വായിച്ച പുസ്തകത്തിൽ ഏതെങ്കിലും ഏടുകളിൽ അച്ഛന്റെ മണം ഉണ്ടാകാതിരിക്കില്ല.അത്‌ ഒന്ന് തൊട്ടറിയണം. അച്ഛനെ ഒന്ന് കാണാൻ തോന്നുമ്പോൾ ഈ പുസ്തകം എടുത്ത് മുറുകെപിടിക്കാല്ലോ….എന്ന് കരുതി.
കുഞ്ഞുനാൾ മുതൽ എഴുത്തും വായനയും എനിക്ക് ഏറെ ഇഷ്ടമാണ്. ആ വാസന എവിടെനിന്നും വന്നു എന്ന് ഞാൻ മുൻപ് ഒരിക്കൽ പോലും ഓർത്തിട്ടില്ല. ഇന്ന് അത്‌ തിരിച്ചറിയുന്നു. അച്ഛന്റെ വേർപാടിനൊടുവിൽ.

ഞാൻ ഇന്ന് അച്ഛനെ പോലെ….
എല്ലാം വായിക്കാൻ ഇഷ്ടമുള്ളവളായി മാറുന്നുണ്ടോ എന്ന് തോന്നാതെയില്ല.
പുതിയ എഴുത്തുകാരുടെ കഥകളും കവിതകളും റേഡിയോയുടെ അഡ്രെസ്സിൽ വരുമ്പോൾ ആദ്യം കവർ പൊട്ടിച്ചു മണത്തു നോക്കും. എത്രയെത്ര പുസ്തകങ്ങൾ ആണ് ഇന്ന് എന്നെത്തേടിയെത്തുന്നത്…..
ഓരോ പുസ്തകങ്ങളും അച്ഛന്റെ ഓർമ്മകളിലേക്ക് ചുരുക്കുന്നുണ്ടെന്നെ.

By ivayana

Leave a Reply

Your email address will not be published. Required fields are marked *