മനോനില തെറ്റിയ സമയത്ത്
ഒരു മനുഷ്യൻ
ചെയ്യുന്നതെല്ലാം
പരമരഹസ്യമായിട്ടായിരിക്കും!
പിറുപിറുക്കും പോലെ പറയും.
അടുത്തുനിൽക്കുന്നവർക്കുപോലും
മനസ്സിലാവില്ല.
കുനുകുനുന്നനെ
എഴുതും.
കൈയ്യിൽകിട്ടിയാലും വായിക്കാനാവില്ല.
വാ നിറയെ പറഞ്ഞുകൊണ്ടിരുന്നു ചേട്ടൻ.
എന്താണു പറയുന്നതെന്നറിയാൻ
ഒരിക്കൽ മാറി നിന്ന്
ശ്രദ്ധിച്ചു കേട്ടു.
ഒന്നും വ്യക്തമായില്ല
എന്താണ് എഴുതുന്നത്
എന്നറിയാൻ
പായക്കടിയിൽ
തിരുകി വെച്ചത്
കാണാതെ എടുത്തു നിവർത്തി.
മുൾക്കമ്പിച്ചുരുൾ പോലെ
കൂടിപ്പിണഞ്ഞ് അക്ഷരങ്ങൾ !
“പാർക്കിൻസൺ രോഗിയുടെ
വിരലുകൾ പോലെ നാക്കിളകുന്നു
പാമ്പിൻ നാക്കുപോലെ
മനസ്സു വിറക്കുന്നു”
എങ്ങോ പോകാൻ ഇറങ്ങി
വൈകിനില്ക്കുന്ന സമയത്ത്
എഴുതാതെ പോകാൻ
നിവൃത്തി ഇല്ലാത്തതുകൊണ്ട് മാത്രം
എഴുതി വച്ച പോലെ!
വായിച്ചു കഴിഞ്ഞ്
പായക്കടിയിൽത്തന്നെ
തിരിച്ചുവെച്ചു
വായിച്ചു കഴിഞ്ഞും
മനസ്സുവിറക്കാൻ
കാരണമെന്തെന്നു മാത്രം
കണ്ടെത്താനായില്ല.
കണ്ടത്
കഴുത്തു മുറുകും മുമ്പ്
കണ്ടുപിടിക്കപ്പെട്ട
ഫാനിലെ കയർക്കുരുക്ക്,
ചോര മുഴുവൻ വാരും മുമ്പ്
ചേർത്തുകെട്ടിയ
കൈഞരമ്പ്.
ഒടുക്കം,
കിണറാഴത്തിൽ
നിന്ന് പൊങ്ങി വന്ന്
ചുവന്നു കലങ്ങിയ
കണ്ണാലെ ലോകത്തെ നോക്കി
വീണ്ടും
ജലപാളിയിലേക്ക് ആഴ്ന്നുപോയ ആ മുഖം !

വാക്കനൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *