പണ്ടൊക്കെ,
എൻ്റെ
എല്ലാ ചോദ്യങ്ങൾക്കുമുത്തരം
അയൽപക്കത്തെ
തങ്കമ്മട്ടീച്ചറായിരുന്നു
ഷെർലക് ഹോംസിനെ
സൃഷ്ടിച്ചതാര് ?
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട
ലോകമഹാദ്ഭുതങ്ങളേതൊക്കെ?
ഗ്രീക്ക് അക്ഷരമാലയിലെ
രണ്ടാമത്തെ അക്ഷരമേതാണ്?
എന്നീ ചോദ്യങ്ങൾക്കൊക്കെ
തങ്കമ്മട്ടീച്ചർ
കൃത്യമായ ഉത്തരമായിരുന്നു
വെറും ചോദ്യങ്ങൾക്കുള്ള
ഉത്തരമായിരുന്നില്ല
തങ്കമ്മട്ടീച്ചർ
ചക്കമൂത്താൽ
ഉപ്പേരി വെക്കാൻ
നല്ല ചുളയുള്ളയിനം
ചക്കത്തുണ്ടം
മതിലിനിപ്പുറം കാട്ടി
“സുരേശാ…” ന്ന്
നീട്ടി വിളിക്കുമായിരുന്നു
തങ്കമ്മട്ടീച്ചർ
മുരിങ്ങയില ഒടിച്ചിടാൻ
വരുന്ന ടീച്ചർ
തൊടിയിൽ
ഇഞ്ചിയും
മധുരക്കിഴക്കുമൊക്കെ നട്ട് നടക്കുന്ന
എന്നെ കാണുമ്പോൾ
” ൻ്റെ സുരേശാ
നിനക്കാ ഡിഗ്രിയൊന്ന്
എഴുതിയെടുത്തുകൂടെ…”
എന്ന പോലുള്ള
ചില ചോദ്യങ്ങളും
മുരിങ്ങയിലക്കൊപ്പം
ടീച്ചർ ഉതിർത്തിയിടുമായിരുന്നു
കല്യാണം കഴിച്ചപ്പോൾ
ഭാര്യയുടെ
പല ചോദ്യങ്ങൾക്കുമുള്ള
ഉത്തരം
അമ്മയായിരുന്നു
“അമ്മേ,
മീൻ കറിയിൽ
കടുക് വറുത്തിട്ടാൽ
കൊള്ളാമോ? “
വെള്ളേപ്പത്തിന് പച്ചരിയാണോ പുഴുക്കല്ലരിയാണോ നല്ലത്?
അഷ്ടമിരോഹിണി
വ്രതമെടുത്താണോ
സദ്യയുണ്ടാണോ
ആഘോഷിക്കേണ്ടത്?
എന്നുള്ള ചോദ്യങ്ങളൊക്കെ അവൾ
അമ്മയുടെ
കാതിൽ പോയി
സ്വകാര്യമായി
സെർച്ച് ചെയ്യുമായിരുന്നു
അമ്മ
അവളുടെ
വയറു നിറക്കാൻ
ഒരടുക്കളയും
മനസ്സു നിറക്കാൻ
പല പുരാണങ്ങളും
തുറന്നു വെച്ചു
ഇന്ന് ഞങ്ങൾ
ഡോക്‌ടർ
പോൾ ആൻ്റണിയുടെ
വീട് തേടി
കുറേ അലഞ്ഞു
ഗൂഗിൾ മാപ്പ്
തുറന്നു വെച്ച്
ഒരു മനുഷ്യനോട്
ചോദിക്കാതിരിക്കാൻ
ഞങ്ങൾ
പരമാവധി ശ്രമിച്ചു
ആൽത്തറയിൽ
സൊറ പറഞ്ഞിരിക്കുന്ന
ചേട്ടന്മാരെ കണ്ടു
അങ്ങോട്ടുമിങ്ങോട്ടും
സൈക്കിൾ ചവിട്ടിപ്പാവുന്ന
മക്കളെ കണ്ടു
ജോലി കഴിഞ്ഞ്
ബാഗും തൂക്കി വരുന്ന
പെണ്ണുങ്ങളെ കണ്ടു
അമ്പലമുറ്റത്തെ
അന്തിവട്ടവും കണ്ടു
പക്ഷേ,
പല വളവുതിരിവുകളും
ഞങ്ങളെ
കൊണ്ടുചെന്നെത്തിച്ചത്
പല പോയിൻ്റുകളിലായിരുന്നു
ദൂരവും സമയവും
പലപ്പോഴും ഒത്തുപോയില്ല
ആൽത്തറയും
അന്തിവട്ടവും
അങ്ങാടിച്ചോപ്പും
ചോദ്യങ്ങൾ മാത്രം
ചോദിച്ചു പോരുന്നു.

രാജേഷ് കോടനാട്

By ivayana

Leave a Reply

Your email address will not be published. Required fields are marked *