നുഷ്യരാശിയെ കാലങ്ങളായി ഭീതിയിലാഴ്ത്തിയ മാരകമായ രോഗങ്ങളിലൊന്നാണ് പേവിഷബാധ അഥവാ റാബീസ്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ വൈറസ് രോഗം നാഡീവ്യവസ്ഥയെ ബാധിക്കുകയും ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞാൽ മരണം ഏതാണ്ട് ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാൽ കൃത്യസമയത്തുള്ള പ്രതിരോധ കുത്തിവെപ്പിലൂടെ പൂർണ്ണമായും തടയാൻ കഴിയുന്ന ഒന്നാണ് ഈ വിപത്ത്.
പേവിഷബാധയ്ക്കെതിരെയുള്ള ലോകത്തിന്റെ പോരാട്ടത്തിൽ വിപ്ലവം സൃഷ്ടിച്ച ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത മഹാനായ ശാസ്ത്രജ്ഞൻ ലൂയി പാസ്ചറുടെ ചരമദിനമായ സെപ്റ്റംബർ 28 ആണ് അന്താരാഷ്ട്ര തലത്തിൽ ലോക പേവിഷബാധാ ദിനമായി ആചരിക്കുന്നത്. രോഗത്തെക്കുറിച്ച് പൊതുസമൂഹത്തിൽ കൃത്യമായ അവബോധം വളർത്തുന്നതിനും പ്രതിരോധമാർഗ്ഗങ്ങൾ കർശനമായി പാലിക്കുന്നതിനും വേണ്ടിയാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്.

1822 ഡിസംബർ 27 ആം തിയതി ഫ്രാൻസിലെ ദോളിലാണ് ലൂയി പാസ്ചർ ജനിച്ചത്. ചെറുപ്പകാലത്ത് ചിത്രകലയിലും പ്രകൃതിനിരീക്ഷണത്തിലും തല്പരനായിരുന്ന അദ്ദേഹം പിന്നീട് രസതന്ത്രത്തിലും സൂക്ഷ്മജീവശാസ്ത്രത്തിലും ആകൃഷ്ടനായി. ശാസ്ത്രരംഗത്ത് അക്കാലത്തുണ്ടായിരുന്ന പരമ്പരാഗത ധാരണകളെ തിരുത്തിക്കുറിച്ച പാസ്ചർ, രോഗങ്ങൾക്ക് കാരണം അദൃശ്യരായ സൂക്ഷ്മജീവികളാണെന്ന ‘ജേം തിയറി’ മുന്നോട്ടുവെച്ചു. പാൽ കേടാകാതെ സൂക്ഷിക്കാനുള്ള ‘പാസ്ചറൈസേഷൻ’ സാങ്കേതികവിദ്യയും ആന്ത്രാക്സ്, ചിക്കൻ കോളറ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകളും അദ്ദേഹം വിജയകരമായി വികസിപ്പിച്ചു.
പേവിഷബാധയ്ക്കുള്ള പ്രതിവിധി കണ്ടെത്താൻ പാസ്ചറെ പ്രേരിപ്പിച്ചത് തന്റെ ഒമ്പതാം വയസ്സിൽ കണ്ട അതിദാരുണമായ ഒരു കാഴ്ചയായിരുന്നു. ഗ്രാമത്തിൽ പേപ്പട്ടി കടിച്ചവരെ വേദനയോടെ ചൂടുള്ള ഇരുമ്പുദണ്ഡ് വെച്ച് പൊള്ളിച്ച് ചികിത്സിക്കുന്നതും പലരും ദയനീയമായി മരണത്തിന് കീഴടങ്ങുന്നതും കണ്ട ആ ബാലന്റെ മനസ്സ് വല്ലാതെ നൊന്തു.

ഈ കറുത്ത ഓർമ്മ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പിന്നീട് പേവിഷബാധയ്ക്കെതിരായ ഗവേഷണത്തിലേക്ക് നയിക്കുകയും ചെയ്തു. ബാക്ടീരിയകളെപ്പോലെ മൈക്രോസ്കോപ്പിലൂടെ കാണാൻ കഴിയാത്ത വൈറസായിരുന്നു റാബീസിന്റെ കാരണം എന്നത് അദ്ദേഹത്തിന്റെ പഠനങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തി. എന്നിരുന്നാലും പേവിഷബാധയേറ്റ മുയലുകളുടെ സുഷുമ്നാ നാഡി ഉണക്കി വൈറസിന്റെ തീവ്രത കുറച്ചുകൊണ്ട് അദ്ദേഹം ഒരു വാക്സിൻ വികസിപ്പിച്ചു. മൃഗങ്ങളിൽ ഇത് ഫലപ്രദമാണെന്ന് തെളിഞ്ഞെങ്കിലും മനുഷ്യരിൽ പ്രയോഗിക്കാൻ അദ്ദേഹം മടിച്ചുനിന്നു.

1885 ജൂലായ് 6 ആം തിയതി ജോസഫ് മെയ്സ്റ്റർ എന്ന ഒമ്പതുകാരനായ ബാലനെ പേപ്പട്ടി ക്രൂരമായി കടിച്ചുകീറി പാസ്ചറുടെ അടുത്ത് കൊണ്ടുവന്നു. മരണത്തിന് വിട്ടുകൊടുക്കാതെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഒടുവിൽ അദ്ദേഹം തന്റെ വാക്സിൻ പ്രയോഗിക്കാൻ തീരുമാനിച്ചു. ദിവസങ്ങളോളം തീവ്രത കൂട്ടിയുള്ള കുത്തിവെപ്പുകൾക്ക് ഒടുവിൽ ആ കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഈ വിജയം വൈദ്യശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുകയും പാസ്ചറെ ലോകപ്രശസ്തനാക്കുകയും ചെയ്തു.

തുടർന്ന് സ്ഥാപിതമായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ ഗവേഷണങ്ങൾ തുടർന്ന അദ്ദേഹം തന്റെ 73 ആം വയസ്സിൽ 1895 സെപ്റ്റംബർ 28 ആം തിയതി അന്തരിച്ചു. വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് വാക്സിൻ നൽകിയും കടിയേറ്റാൽ ഉടൻ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റോളം മുറിവ് കഴുകി ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ കുത്തിവെപ്പുകൾ എടുത്തും മാത്രമേ പേവിഷബാധയെ നമുക്ക് തുരത്താനാകൂ. ശാസ്ത്രം നൽകിയ വലിയ ആയുധങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായ ഒരു നാളെയെ സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *