(അരങ്ങുകൾക്കപ്പുറം കലയുടെ ഒരു സംസ്കാരം പണിത മനുഷ്യൻ)
ബഹിരാകാശനിലയത്തിലെ ശാസ്ത്രജ്ഞന്റെ പാത ഉപേക്ഷിച്ച് കലയുടെ ശ്രീകോവിലിലേക്ക് കടന്നുവന്ന ജീവിതമായിരുന്നു കൃഷിണമൂർത്തിയുടേത്.
കാലത്തിനും കലയ്ക്കും ഒപ്പം സഞ്ചരിച്ച അദ്ദേഹം ഒടുവിൽ ഒരു കലാകാരൻ മാത്രമല്ല, ഒരു സാംസ്‌കാരിക പ്രസ്ഥാനത്തിന്റെ പേരായി മാറുകയായിരുന്നു. ഏത് കലാരൂപത്തിന് പിന്നിലും ഒളിഞ്ഞിരിക്കുന്ന സംസ്കാരത്തെയും ജീവിതത്തെയും ചരിത്രത്തെയും അന്വേഷിച്ചുനടന്ന മനുഷ്യനായിരുന്നു കൃഷ്ണമൂർത്തി.

ഭാരതീയ ക്ലാസ്സിക്കൽ കലകളോടുള്ള അദ്ദേഹത്തിന്റെ അടുപ്പം സൂര്യയുടെ ഓരോ വേദികളിലും പ്രകടമായിരുന്നു. പുതിയ ദൃശ്യഭാവങ്ങളും വെളിച്ചവും ശബ്ദവും ചേർത്ത് കലാനുഭവത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
സൂര്യയ്ക്ക് കീഴിൽ കലയുടെ ഒരു ലോകം 1977 ൽ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ ആരംഭിച്ച സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന വലിയൊരു സാംസ്‌കാരിക പ്രസ്ഥാനമായി വളർന്നു.
നാടകം മാത്രമല്ല, നൃത്തം, സംഗീതം, സിനിമ, ചിത്രകല, ഫോട്ടോഗ്രാഫി, പ്രഭാഷണം തുടങ്ങി വിവിധ കലാരൂപങ്ങൾ സൂര്യയുടെ വേദികളിൽ ഒന്നിച്ചുചേർന്നു.
അരനൂറ്റാണ്ടിനടുത്ത് കാലം സൂര്യയുടെ സാരഥിയായി കൃഷിണമൂർത്തി പ്രവർത്തിച്ചു.
നാടകാവതരണങ്ങൾക്ക് പുതിയ ലൈറ്റ് ആൻഡ് സൗണ്ട് സങ്കൽപ്പങ്ങൾ കൊണ്ടുവന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമായിരുന്നു.110 ലേറെ സ്റ്റേജ് ഷോകൾക്ക് അദ്ദേഹം സംവിധാനം നിർവഹിച്ചു.

‘മേൽവിലാസം’, ‘പുലരി’, ‘തുടക്കം’, ‘തുടർച്ച’, ‘അവതാരം’, സ്ത്രീപർവം തുടങ്ങി നിരവധി സൃഷ്ടികൾ അദ്ദേഹത്തിന്റെ കലാജീവിതത്തിന്റെ അടയാളമായി.
സംഗീതജ്ഞരും നർത്തകരും ഉണർന്ന സൂര്യരാവുകൾ
ഇന്ത്യൻ കലാരംഗത്തെ നിരവധി അതികായർ സൂര്യയുടെ വേദികളിലെത്തി. പത്മാ സുബ്രഹ്മണ്യം, കലാമണ്ഡലം ക്ഷേമാവതി, ചിത്ര വിശ്വേശർ, യാമിനി കൃഷിണമൂർത്തി, അലർമേൽ വള്ളി തുടങ്ങിയ പ്രമുഖ നർത്തകിമാരും
എം. എസ്. സുബ്ബലക്ഷ്മി രവിശങ്കർ, ബിസ്മില്ലാ ഖാൻ, മല്ലികാർജുൻ മൻസൂർ, ഭീംസെൻ ജോഷി, ഹരിപ്രസാദ് ചൗരസ്യ, ഉസ്താദ് സംജത് അലിഖാൻ, പണ്ഡിത് ജസ്‌രാജ് തുടങ്ങിയ സംഗീത സമ്രാട്ടുകളും സൂര്യയുടെ വേദികളെ സമ്പന്നമാക്കി. അങ്ങനെ സൂര്യയുടെ ഓരോ ഉത്സവവും ഒരു പരിപാടിമാത്രമായിരുന്നില്ല വിവിധ കലാപാരമ്പര്യങ്ങൾ പരസ്പരം കണ്ടുമുട്ടിയ വലിയൊരു സാംസ്കാരിക സംഗമമായിരുന്നു.

കൃഷ്ണമൂർത്തിയുടെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖം അദ്ദേഹത്തിന്റെ ലാളിത്യവും മനുഷ്യരോടുള്ള അടുപ്പവുമായിരുന്നു.
സാംസ്‌കാരിക പ്രവർത്തനത്തിന്റെ കിരീടം തലയിൽ ചൂടിയാൽപിന്നെ അകലം പാലിക്കുന്ന വഷളന്മാരെപോലെ ഒരാളായിരുന്നില്ല അദ്ദേഹം. കലാകാരന്മാരോടും യുവപ്രവർത്തകരോടും ഒരുപോലെ സൗഹൃദത്തോടെയും ബഹുമാനത്തോടെയും പെരുമാറിയിരുന്നു. നിസ്വാർഥവും, സമ്പൂർണ്ണവുമായിരുന്നു കൃഷ്ണമൂർത്തിയുടെ എല്ലാ സമീപനങ്ങളും.
സ്വന്തം സ്ഥലത്ത് 400 പേർക്ക് ഇരിക്കാവുന്ന മിനി തിയ്യേറ്റർ ഒരുക്കി നാടക പ്രവർത്തകർക്ക് സൗജന്യമായി ഉപയോഗിക്കാൻ നൽകിയതും അദ്ദേഹത്തിന്റെ കലാസ്നേഹത്തിന്റെ മറ്റൊരു തെളിവാണ്. കല അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടങ്ങൾക്കുള്ള വഴിയായിരുന്നില്ല. മറ്റുള്ളവർക്ക് സൃഷ്ടിക്കാനും അവതരിപ്പിക്കാനും വളരാനും ഇടമൊരുക്കുന്ന ഒരു കൂട്ടായ്മയായിരുന്നു.
അതുകൊണ്ടുതന്നെ സൂര്യയുടെ അരങ്ങുകൾ നീണ്ടുനിൽക്കുന്ന ഉത്സവങ്ങളായിമാറി.
കലാകാരന്മാർക്ക് തുറന്ന വാതിൽ
എന്റെ വ്യക്തിപരമായ ഒരു അനുഭവം ഇന്നും ഓർമയിലുണ്ട്.

പ്രിയ സുഹൃത്തും ഏഷ്യാനെറ്റിലെ ‘കണ്ണാടി’ എന്ന വാർത്താപരിപാടിയുടെ അവതാരകനുമായിരുന്ന
ടി. എൻ. ഗോപകുമാറിലൂടെയായിരുന്നു എനിക്ക് അദ്ദേഹത്തിലേക്കുള്ള വഴി തുറക്കപ്പെട്ടത്.
ഞാൻ നിർമ്മിച്ച് കുക്കു പരമേശ്വരൻ സംവിധാനം ചെയ്ത ശ്രീവിദ്യ അഭിനയിച്ച ‘അറിയാതെ’ എന്ന ഹ്രസ്വചിത്രം സൂര്യയുടെ പുരസ്കാരത്തിന് സമർപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവസാനദിവസമാണ് വിവരം അറിഞ്ഞത്. എന്തുചെയ്യണമെന്ന് അറിയാതെ ഞാൻ കുഴങ്ങിയപ്പോൾ ഗോപനാണ് കൃഷിണമൂർത്തിയെ വിളിച്ച് അനുമതി വാങ്ങി അദ്ദേഹത്തിന്റെ തൈക്കാട്ടുള്ള വസതിയിൽ ചിത്രം എത്തിക്കാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വസതിയിൽ എല്ലാ വിശദീകരണരേഖകളുമായി ഞാൻ എത്തിയപ്പോൾ തികഞ്ഞ ബഹുമാനത്തോടെയാണ് അദ്ദേഹം എന്നെ എതിരേറ്റത്. തൃശ്ശൂരിലെ സാംസ്കാരിക പ്രവർത്തനങ്ങളെക്കുറിച്ച് കൗതുകത്തോടെ ചോദിച്ചറിയുകയും ചെയ്തു. കൂട്ടത്തിൽ പറയട്ടെ, പുരസ്കാര നിർണയകമ്മിറ്റി പിന്നീട് അവാർഡ് പ്രഖ്യാപിച്ചപ്പോൾ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ‘അറിയാതെ’ നേടുകയുണ്ടായി.
വർഷങ്ങൾ കഴിഞ്ഞാണ് സംഗീതനാടക അക്കാദമിയുടെ ചെയർമാനായി അദ്ദേഹം നിയമിതനാകുന്നതും, തൃശ്ശൂരിന്റെ സാംസ്‌കാരിക മേഖലയിൽ ശോഭ പരത്തി സജീവമാകുന്നതും.
സൂര്യൻ അസ്തമിക്കുമ്പോൾ

അദ്ദേഹത്തിന്റെ കയ്യൊപ്പുള്ള സൃഷ്ടികൾക്ക് സൗന്ദര്യത്തിന്റെ അതുവരെ കാണാൻകഴിയാതിരുന്ന
ഒരു മിഴിവ് ദർശിക്കാനാകുന്നുണ്ടെന്ന് പലരും പറയുന്നത് കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്. അവതരിപ്പിക്കപ്പെട്ട ദൃശ്യാനുഭവങ്ങളിൽ ഇന്നോളം കാണാൻ കഴിയാതിരുന്ന ചില ഭാവനാവെളിച്ചങ്ങൾ പുറത്തേക്ക് പ്രവഹിക്കുന്നത് അനുഭവിച്ച ആസ്വാദകർ അദ്ദേഹത്തിന്റെ പ്രതിഭാ വിലാസത്തിൽ സംതൃപ്തരും ആകൃഷ്ടരുമായി.
തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ തെളിഞ്ഞ ആദ്യസൂര്യപ്രകാശം പിന്നീട് ഇന്ത്യയുടെ അതിരുകൾ കടന്നു. ഇരുപതിലേറെ രാജ്യങ്ങളിലേക്ക് വ്യാപിച്ച സാംസ്‌കാരിക ഉത്സവമായി സൂര്യ വളർന്നു. അതിനുപിന്നിൽ ഒരാളുടെ ദീർഘമായ സമർപ്പണവും സ്വപ്നവുമുണ്ടായിരുന്നു. സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ ഒരു കലാകാരന്റെ ജീവിതത്തിനാണ് തിരശ്ശീല വീഴുന്നത്. എന്നാൽ അദ്ദേഹം തെളിച്ച അരങ്ങുകൾ അണയുന്നില്ല. അദ്ദേഹം പണിത സാംസ്കാരിക പാലങ്ങളിലൂടെ കലയുടെ യാത്ര തുടരും.

ജയരാജ്‌ പുതുമഠം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *