രചന : പി.കെ.രവി (P. K. R) ✍️
പഞ്ചവർണ്ണകാട്ടിലെ
പാലരുവിക്കരയിലെ
പാലമരക്കൊമ്പിൽ നിന്നും
പാതിരാത്രിയിൽ
പാലപ്പൂ വിടരും
സുഗന്ധമൊഴുകി…
നിലാവു വീണൊഴുകുന്ന
അരുവിക്കരയുടെ തീരത്ത്
നിഴലില്ലാതവൾ വന്നു.
നിശയുടെ നിശ്ശബ്ദത
കീറി മുറിക്കും
കാൽത്തള ധ്വനി
നേർത്തൊരു കാറ്റിൽ മുഴങ്ങി.
പ്രണയം തുളുമ്പുന്നവളുടെ
മിഴിയിൽ
കാമം വിടരുന്നല്ലോ…
കാമിനിയായവൾ മാറും നേരം
മേനിയിലാകെ
കുളിരും കോരി.
പാൽനിലാവുടുത്തവൾ
പാദം മുട്ടെ
കാർകൂന്തലഴിച്ചിട്ടു.
കാറ്റിൽ പാറും
കേശചുരുളഴിഞ്ഞു പറന്നു.
പൂർണ്ണേന്ദുവിൻ
പൂമുഖവും മറച്ചു.
കൂരിരുളിലവളുടെ
രുദ്രതാണ്ഡവനൃത്തം
തുടങ്ങിയതു
താരകങ്ങൾ പോലും
അറിഞ്ഞില്ല…….!!
