എനിയ്ക്കറിയാം,
നിനക്കൊരിയ്ക്കലും
പഴയ നീയാവാനാവില്ലെന്ന് ..
നീയല്ലാതായിത്തീർന്ന
നിന്നോട് ‘ചോദിച്ചു ‘വാങ്ങുന്നതെന്തും
പഴയ നിന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിയ്ക്കും .
ഓരോ താരതമ്യവും ഓരോ പുതിയ
മുറിവുകൾ തീർത്തുകൊണ്ടേയിരിയ്ക്കും .
ഒരിയ്ക്കലും തുന്നാനാവാത്ത
വൻമുറിവിലേക്ക് പുതിയപുതിയ മുറിവുകൾ
ചേർത്തുകൊണ്ടേയിരിയ്ക്കുമ്പോൾ
എന്നെങ്കിലും എൻ്റെ സ്നേഹമാപിനിയിലെ
ഏതെങ്കിലുമൊരു തീക്കുമിള നിന്നെവെറുത്തുപോയാൽ
നിന്നോട് ഞാൻ തോറ്റുപോവില്ലേ??
തോർന്നുതോർന്നുതീർന്ന
നമ്മുടെ മഴകൾ ..
കടപുഴകിയ പാലമരങ്ങൾ
തകർന്നുടഞ്ഞ കിന്നരികൾ
മാഞ്ഞുപോകും മുമ്പ് നമ്മുടെ ഗന്ധർവ്വൻ
വേദനകളുടെ ചോരച്ചുവരുകളിൽ കോറിയിട്ട
ചിത്രങ്ങൾ …
അവ പ്രാണനിലേറ്റി,
സൂര്യതാപത്തിലുരുകി,
ശവതാളത്തിൽപ്പിടയുന്ന
ഒരുഹൃദയമുണ്ട് .
ഓർമ്മകൾ വാറ്റിക്കുടിച്ച്
കരളുടഞ്ഞ്
മെലിഞ്ഞൊട്ടി
നീയാദ്യമായും
അവസാനമായും
കണ്ടുതീർത്തത് .
എന്നേക്കുമായsഞ്ഞുപോയ
അനുരഞ്ജനത്തിൻ്റെ
കണ്ണുകളിലേക്ക്
ഇനിയൊരിയ്ക്കലും തിരിഞ്ഞുനോക്കില്ലെന്നുറപ്പിച്ചാലും
നോക്കാതിരിയ്ക്കാനാവുമോ ?

സുമോദ് പരുമല

By ivayana

Leave a Reply

Your email address will not be published. Required fields are marked *