രചന : ഷബ്‌ന ഫെലിക്സ് ✍️
ആരാണ് കാലമെത്തിയെന്ന്
വിളിച്ചറിയിച്ചതെന്നറിയില്ല,
കൃത്യസമയത്ത്
വിളിച്ചുണർത്തിയ പോലെ
തലനീട്ടിയെത്തിയിരുന്നവർ.
നാടെങ്ങും പൂവിളി ഉണരുമ്പോൾ,
സൂര്യനുദിക്കും മുന്നേ കുട്ടികൾ
പരക്കം പാഞ്ഞിടുമ്പോൾ,
ഏതൊക്കെ വർണ്ണത്തിൽ,
ഏതൊക്കെ ഭാവത്തിൽ
അവരിങ്ങനെ ചിരിച്ചു നിൽക്കും.
ഭംഗിയിൽ മെഴുകിയ
ചാണകത്തറയിൽ,
ചോന്ന ചെമ്പരത്തിയിതൾ വിരിച്ചും
തുമ്പപ്പൂവിനും മഞ്ഞക്കോളാമ്പിക്കും
പിന്നെ പേരറിയാത്ത
വഴിവക്കിലെ പൂക്കൾക്കുമിടയിൽ
വളയിട്ട കൈകൾ ഇവരെയും
ചേലിൽ നിരത്തി വെക്കും.
വർണ്ണങ്ങൾ വിരിച്ചിട്ട
പൂത്തട്ട പോലെ,
പെൺകിടാങ്ങൾ
ചമഞ്ഞു ചുറ്റിലും നിരക്കും.
ഹാ! അതുമൊരു കാലം,
കാലം തെറ്റാത്ത കാലമുള്ളൊരു കാലം.🥰

