നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്..
സഹോദരന്റെ പരുഷമായ ശബ്ദം കേട്ടപ്പോൾ പത്മ തളർന്നകണ്ണുകൾ ഉയർത്തി അവനെ നോക്കി..
തന്റെ അനിയനാണ് എന്നിട്ടും അവന്റെ
മുഖത്തെ ഗൗരവം കാണുമ്പോൾ
തന്റെ ഏട്ടനാണെന്നു തോന്നും..
കാവ്യ ഫോണിൽ നിന്നും തലയുയർത്തി ഭർത്താവിനെ ഒന്ന് നോക്കി വീണ്ടും ഫോണിലേക്കു തിരിഞ്ഞു..
ആരാണാവോ?

പത്മ വാതിലിനടുത്തേക്ക് നോക്കി..
ആരെയും കാണുന്നില്ല..
ഒരു ഗൾഫ്ക്കാരന്റെ ലുക്ക്‌ ഒക്കെയുണ്ട്
അമ്മായി.. സഹോദരന്റെ മകൻ നന്ദുവാണ്..
ആരാണ് ഇവളെ കാണാൻ..
ഇങ്ങോട്ട് വരാൻ പറയു..
വീണ്ടും സഹോദരന്റെ പരുഷമായ ശബ്ദം..
അയാൾ മുറിയിലേക്ക് കടന്നു വന്നപ്പോൾ മുറിയിൽ നിശബ്ദത പരന്നു..
എല്ലാവരും അയാളെ ഉറ്റ് നോക്കി..
ഇരുനിറത്തിൽ ഭംഗിയുള്ള മുഖം..
വട്ടത്താടി അയാൾക്ക്‌ പ്രേത്യക അഴക് തന്നെ..
കഴുത്തിലും വിരലുകളിലും സ്വർണ്ണതിളക്കം..
പത്മ ഉറ്റുനോക്കി ആ രൂപത്തെ..
കട്ടിലിനടുത്ത് കസേര വലിച്ചിട്ട് ഇരുന്ന ആൾ പത്മയെ ഉറ്റുനോക്കി..
പത്മക്ക് എന്നെ ഓർമ്മയുണ്ടോ?
പത്മ മനസ്സിന്റെ ഓരോ കോണിലും അയാളെ തിരഞ്ഞു
ഇല്ല.. എവിടെയും ഈ മുഖം ഓർമ്മയില്ല..
പഠിപ്പിച്ച കുട്ടികൾ ആണെങ്കിൽ പത്മ എന്ന് വിളിക്കില്ലല്ലോ..
പത്മ നിസ്സഹയതോടെ അയാളുടെ മുഖത്തേക്ക് നോക്കി..
നേഴ്സ് കഴിക്കേണ്ട മരുന്നുകളുമായി മുറിയിലേക്ക് കടന്നു വന്നപ്പോൾ അയാൾപുഞ്ചിരിയോടെ എഴുന്നേറ്റു..

ഞാൻ അടുത്ത ദിവസം വരാം..
നേഴ്സ് തന്ന മരുന്നുകൾ വാങ്ങിക്കുമ്പോഴും പത്മയുടെ കണ്ണുകൾ അയാളില്ലായിരുന്നു..
ഡ്രിപ് ബോട്ടിൽ നിന്നും മരുന്ന് ഇറ്റ് വീഴുന്നത് നോക്കി കിടക്കുമ്പോൾ അവളുടെ മനസ്സിൽ വന്ന ആളുടെ രൂപമായിരുന്നു..
ഒരു പരിചയവുമില്ലാത്ത ആൾ..
മറവിയിലേക്ക് മാറ്റിവെച്ചുവെന്ന് സ്വയം ബോധ്യപ്പെടുത്തിയ ഒരാളുണ്ടായിരുന്നു അയാൾ ഇന്ന് ജീവിച്ചിരിപ്പില്ല..
പിന്നെ ഇയാൾ ആര്?
സഹോദരനും ഭാര്യയും മെല്ലെ പിറുപിറുത്തുകൊണ്ട് വലിയ ചർച്ചയിലാണ്…
പെൻഷൻ ആയപ്പോൾ കിട്ടിയ ലക്ഷങ്ങൾ..
താൻ മരണപെട്ടാൽ തന്റെ പേരിലുള്ള ബാങ്ക് ബാലൻസും സ്ഥലവും മറ്റുള്ള രണ്ടുസഹോദരങ്ങൾക്കും കൊടുക്കാതെ സ്വന്തമാക്കാം എന്നുള്ള പ്ലാനിങ് ആവും..
പത്മ മെല്ലെ കണ്ണുകളച്ചു കിടന്നു..

മരണം അത് എത്രയും പെട്ടന്ന് വന്നാൽ അത്രയും സന്തോഷം..
അച്ഛൻ സർവീസിൽ ഇരുന്ന് മരിച്ചതുകൊണ്ട് മക്കളിൽ മുതിർന്ന തനിക്ക് അച്ഛന്റെ സ്കൂളിൽ തന്നെ ടീച്ചർ ആയി ജോലിക്കു കയറാൻ സാധിച്ചു..
പിന്നീട് ഓരോ മാസവും തന്റെ സാലറിക്കായി കാത്തു നിൽക്കുന്ന…
ഓരോ പൈസയും കണക്കു പറഞ്ഞു വാങ്ങിക്കുന്ന കൂടപ്പിറപ്പുകളെ കാണുമ്പോൾ ഈ ജോലി വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്..
അച്ഛന്റെ ജോലി ഞങ്ങളുടെ കൂടെ അവകാശമാണ്..
അത് നീ മൂത്തവളായതുകൊണ്ട് നിനക്ക് കിട്ടി..
മുഖത്തടിച്ചപോലെകൂടപ്പിറപ്പുകൾ പറയുമ്പോൾ നിസ്സഹായതോടെ തന്നെ നോക്കുന്ന അമ്മയുടെ നിറഞ്ഞ കണ്ണുകൾ..

ഇതിനിടയിൽ ആശ്വാസമായി തന്നെ തേടിയെത്തിയ സ്നേഹം സിദ്ധു..
സിദ്ധുവുമായിട്ടുള്ള തന്റെ സ്നേഹം വീട്ടിൽ അറിഞ്ഞപ്പോൾ ഉണ്ടായ കോലാഹലം..
നീ കല്യാണം കഴിച്ച് പോകാൻ പറ്റില്ല..
ഞങ്ങളെ നോക്കാൻവേണ്ടി കൂടിയാണ്
അച്ഛന്റെ ജോലി നിനക്ക് തന്നത് കല്യാണം കഴിച്ചുപോയ ചേച്ചിയടക്കം വിമർശിച്ചപ്പോൾ തകർന്നു പോയി..
തന്നെ കാത്തിരുന്ന സിദ്ധു അവസാനമായിട്ട് പറഞ്ഞു നിന്റെ ഈ നശിച്ച ജോലി കളഞ്ഞിട്ട് വായോ
നിന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം..
താനും മടുത്തിരുന്നു അതുകൊണ്ട് തന്നെ ജോലി വേണ്ടാന്ന് വെക്കാൻ തീരുമാനിച്ചു..
അന്ന് സഹോദരങ്ങൾ നാട്ടുക്കാരെയെല്ലാം വിളിച്ചു കൂട്ടി.
സ്വന്തക്കാരെല്ലാം വന്നു..
തീരുമാനമെടുത്തു..
നിനക്ക് അത്ര പെട്ടന്നൊന്നും ജോലി കളയാൻ പറ്റില്ല..
ഇവിടെ നിന്റെ ചേച്ചിക്കുംഏട്ടനും അനിയനും നിന്റെ അത്രയും പഠിപ്പില്ല
അതുകൊണ്ട് ആ ജോലി കിട്ടില്ല..

ഇത് വീട്ടിലുള്ളവരെ നോക്കാൻ വേണ്ടി നിനക്ക് കിട്ടിയ ജോലിയാണ്..
നിറഞ്ഞ കണ്ണുകളോടെ താൻ നോക്കിനിൽക്കേ സിദ്ധു തലയും കുനിച്ച് ഇറങ്ങിപ്പോയി..
അന്ന് മുതൽ തന്റെ സ്വപ്നങ്ങളെല്ലാം കുഴിച്ചുമൂടി സഹോദരസങ്ങൾക്ക് വേണ്ടി ജീവിച്ചു..
ഇതിനിടയിൽ സിദ്ധു വിവാഹം കഴിച്ചു എന്നറിഞ്ഞു..
പിന്നീട് ആരോ പറഞ്ഞ് അറിഞ്ഞു സിദ്ധു ഒരാക്സിഡന്റിൽ മരണപെട്ടു രണ്ടു ചെറിയ പെൺകുട്ടികളാണ് അവന് എന്നും..
അവന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയുംആരുമറിയാതെ കാണാൻ പോയി..
ആരോരുമില്ലാത്ത അവർക്കു സാലറിയിൽ നിന്നും ഒരു തുക മാറ്റിവെച്ചു..
മക്കളുടെ പഠിപ്പും വീട്ടിലെ കാര്യങ്ങളും എല്ലാം ആരുമറിയാതെ താൻ നടത്തി പോരുന്നു..
ഇന്ന് താൻ മരണപ്പെട്ടാൽ തന്റെ സ്വത്തിലെ ഒരു ഭാഗം ആ കുഞ്ഞുങ്ങൾക്ക് എഴുതി വെച്ചിട്ടുണ്ട്..
പത്മ നിറഞ്ഞ കണ്ണുകൾ തുടച്ചു..
ഡ്രിപ്പിലെ മരുന്നു തുള്ളികൾ ഇപ്പോൾ വീഴുന്നില്ല പകരം തിരിച്ച് ബ്ലഡ്‌ കയറുന്നുണ്ട്..
ആർക്കും താൻ ജീവനോടെ ഇരിക്കണമെന്ന് ആഗ്രഹമില്ല..
നിറഞ്ഞ കണ്ണുകൾ പത്മ അടച്ചു..
ചടങ്ങുകൾ എല്ലാം കഴിഞ്ഞ് ബന്ധുക്കളും മരണം കാണാൻ എത്തിയവരും പിരിഞ്ഞുപോയി
അയാളും പുറത്തേക്കു നടന്നു..

ചിലർ അയാളെ നോക്കുന്നുണ്ട്..
പരസ്പരം പിറുപിറുത്തു ചോദിക്കുന്നുണ്ട് ആരാണിയാൾ ഒരു പരിചയവമില്ലല്ലോ..
പടിയിറങ്ങുമ്പോൾ അയാൾ തിരിഞ്ഞു നോക്കി..
മുറ്റത്ത് പത്മ ഉറ്റുനോക്കി നിൽപ്പുണ്ടോ? കൂടെ സിദ്ധുവും നിൽപ്പുണ്ടോ?
ആക്‌സിഡന്റിൽ മരണപ്പെട്ട സിദ്ധുവിന്റെ ഹൃദയം തന്റെ ശരീരത്ത് തുന്നിപിടിപ്പിച്ചപ്പോൾ ആ ഹൃദയം പിറുപിറുത്തത് പത്മാ എന്നായിരുന്നു..
സിദ്ധുവിന്റെ ഭാര്യയുമായിട്ട് സംസാരിച്ചപ്പോൾ ആണ് പത്മയെ കുറിച്ച് മനസ്സിലായത്..
സിദ്ധുവിന്റെ മനസ്സിൽ ഭാര്യയായ തന്നെക്കാൾ സ്ഥാനം പത്മക്കാണ്..
മരണകിടക്കയിൽ കിടക്കുമ്പോൾ പോലും സിദ്ധുവേട്ടൻ പത്മയെ കുറിച്ച് പറഞ്ഞിരുന്നു..
നിറഞ്ഞ കണ്ണുകളോടെ ആ സ്ത്രീ പറഞ്ഞു പത്മചേച്ചി പാവമാണ്..
സിദ്ധുവിന്റെ ഹൃദയം അയാളോട് പറഞ്ഞു ഇപ്പോൾ പത്മ എന്റെ കൂടെയുണ്ട്….
അകലങ്ങളിൽ നിന്നും ഇരമ്പിവന്നൊരു മഴയിൽ അയാൾ നനഞ്ഞു നിന്നു..
സിദ്ധുവിന്റെ ഹൃദയവും സ്നേഹവായ്പ്പോടെ ആ മഴയെ ഏറ്റുവാങ്ങി..

By ivayana

Leave a Reply

Your email address will not be published. Required fields are marked *