രചന : മായ അനൂപ് ✍️
“ഹൃദയം” എന്നത് നമ്മിലെ ഏറ്റവും പവിത്രവും, പരിശുദ്ധവുമായ ഒരിടമാണ്. അതു കേവലമൊരു അവയവമല്ല, മറിച്ച് ജീവന്റെ താളവും സ്നേഹത്തിന്റെ വറ്റാത്ത ഉറവിടവുമാണ്.
അനുദിനം അലഞ്ഞു തിരിയുന്ന മനസ്സ്, കണ്ടുകിട്ടുന്നതിൽ ഏറ്റവും പ്രിയപ്പെട്ടവയെ മാത്രം സൂക്ഷിച്ചു വെക്കുന്ന ഒരിടമാണ് ഹൃദയം. പിന്നീടൊരിക്കലും ഉപേക്ഷിച്ചു കളയാൻ ആവില്ല എന്നുള്ളവയെ മാത്രം. അങ്ങനെ ഒരിക്കൽ ഹൃദയത്തിൽ വന്നു പെടുന്നവ, ആ ഹൃദയത്തോട് പറ്റിച്ചേർന്ന് അതിൽ നിന്നും ശ്വാസവും വെള്ളവും ചൂടുമേറ്റ് വേരു പിടിച്ച്, പിന്നീട് ഒറ്റ ജീവനായി വളരുന്നതു കൊണ്ടാവാം, ഹൃദയത്തിൽ വളർന്ന ഒന്നിനെ പിന്നീട് പറിച്ചു മാറ്റേണ്ടി വന്നാൽ, ഹൃദയം തന്നെ മുറിഞ്ഞു രക്തമൊഴുകുന്നത്. അതോടെ ആ ഹൃദയം തന്നെ തകർന്നു പോകുന്നതും.
മനസ്സ് എന്നത് മാറിമറിയുന്ന ചിന്തകളുടെ ഒരു കൂമ്പാരം മാത്രമാകുമ്പോൾ, ഹൃദയം എന്നത്പവിത്രതയുടെയും ആത്മാർത്ഥതയുടെയും പ്രതീകമായി, സ്നേഹത്തിന്റെ അവസാനവാക്കായി കരുതുന്നു. മനസ്സിൽ പലതും ഒരു മിന്നൽ പോലെ വന്നു മായുമ്പോൾ, ഹൃദയത്തിൽ ഒരിക്കൽ എഴുതപ്പെടുന്നത് ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒന്നായി ആഴത്തിൽ കൊത്തിവെയ്ക്കപ്പെടുന്നു.
സ്നേഹവും കരുണയും സ്നേഹവും പ്രണയവുമെല്ലാം സ്ഫുരിക്കുന്ന,
ഒന്നിച്ചു തുടിക്കുന്ന നിശബ്ദമായൊരു സംഗീതാലയമാണ് ഹൃദയം. മനസ്സ് ചിന്തകൾ കൊണ്ട് ആലോചനകൾ നെയ്യുമ്പോൾ, ഹൃദയം നിശബ്ദമായ വികാരങ്ങൾ കൊണ്ട് അതിനെ തൊട്ടറിയുന്നു. അതു കൊണ്ടാവാം മൗനത്തിന്റെ ഭാഷയെ, ഹൃദയത്തിന്റെ ഭാഷ എന്ന് വിശേഷിപ്പിക്കുന്നത്.
വാക്കുകൾക്കും ചിന്തകൾക്കുമപ്പുറം ഒരാൾക്കും കള്ളം പറയാൻ കഴിയാത്ത, എല്ലാം കാണുന്ന, അറിയുന്ന ഒരിടമുണ്ട് അതാണ് സ്വന്തം ഹൃദയം. അവിടെ വഞ്ചനയ്ക്കോ വ്യാജഭാവങ്ങൾക്കോ ആയുസ്സില്ല. അതിനാൽ തന്നെയാണ് എല്ലാ ആത്മാർത്ഥതയുടെയും അന്തിമ നികേതനമായി, നമ്മൾ ഹൃദയത്തെ കാണുന്നത്. പൂർണ്ണമായ, കലർപ്പില്ലാത്ത സത്യങ്ങൾ പറയുമ്പോൾ നമ്മൾ ” ഹൃദയത്തിൽ നിന്നും വന്ന, അല്ലെങ്കിൽ ഹൃദയം തൊട്ട” എന്നൊക്കെ ചേർത്ത് പറയുന്നതും.
ഹൃദയം ഇത്രയും പവിത്രമാണെങ്കിൽ പോലും, അത് വെണ്ണ പോലെ മൃദുലവും വളരെയേറെ ലോലവുമാണ്.
നമ്മൾ ജീവനുതുല്യം സ്നേഹിക്കുന്നവർക്ക് വാക്കുകളാകുന്ന കൂരമ്പുകൾ കൊണ്ട് അതിനെ വളരെ എളുപ്പത്തിൽ മുറിപ്പെടുത്താനും തകർത്തു കളയാനും കഴിയും. അത്രമേൽ ആഴത്തിൽ പ്രണയിക്കുന്നവരിൽ നിന്നും അപ്രതീക്ഷിതമായി ഏൽക്കുന്ന അങ്ങനെയുള്ള മുറിവുകൾക്ക് മുന്നിൽ തകർന്നുപോകാത്ത ഹൃദയങ്ങളില്ല. ഏതു വേദനകൾക്കും ഒരു പരിധി ഉണ്ടെന്നുള്ളത് കൊണ്ടു തന്നെ, സഹിക്കാനാവുന്നതിലും അപ്പുറം വികാരഭാരവും വേദനയും ഉണ്ടാകുമ്പോൾ ചില നേരങ്ങളിൽ ഹൃദയസ്തംഭനം വന്ന് ജീവൻ തന്നെ പൊലിഞ്ഞുപോകുന്നതും അതുകൊണ്ടൊക്കെത്തന്നെ ആവാം.
അതിൽ നിന്നും മാനസികമായുണ്ടാകുന്ന എല്ലാ വേദനകളെയും താങ്ങേണ്ടി വരുന്നതും ഈ പാവം ഹൃദയമാണെന്ന് അറിയാനാവും.
രണ്ടുപേരെ തമ്മിൽ പരസ്പരം ഇഴയടുപ്പത്തോടു കൂടി ബന്ധിപ്പിക്കുന്നത്, തലച്ചോറിന്റെ യുക്തിയോ മനസ്സിന്റെ ബുദ്ധിയോ അല്ല,
എന്നാൽ, ഹൃദയങ്ങൾ തമ്മിലുള്ള ചേർച്ചയാണ്. ഒരുനാളും വറ്റാത്ത പ്രണയത്തിന്റെ ഉറവിടമായ, ആർദ്രത വറ്റാത്ത ഹൃദയങ്ങളാണ് ലോകത്തിൽ പ്രണയത്തിന്റെ വസന്തങ്ങൾ തീർക്കുന്നത്.
ചുരുക്കി പറഞ്ഞാൽ ഏറ്റവും ആഴത്തിൽ സ്നേഹിക്കുന്നതും, ഏറ്റവും ആഴത്തിലുള്ള മുറിവുകൾ ഏറ്റുവാങ്ങുന്നതും, അതേസമയം തന്നെ അപാരമായ ക്ഷമയോടെ മറ്റുള്ളവർക്ക് മാപ്പുനൽകുന്നതും ഈ കൊച്ചു ഹൃദയമാണ്. അത് പ്രണയത്തിന്റെ മാത്രം കേന്ദ്രമല്ല, ത്യാഗത്തിന്റെയും സഹനത്തിന്റെയും കരുണയുടെയുമെല്ലാം ഏകപ്രതീകം കൂടിയാണ്.
ഒരു ശാരീരിക അവയവം എന്നതിലുപരിയായി, ഹൃദയത്തേക്കുറിച്ചുള്ള വൈകാരികമായ കാഴ്ചപ്പാടുകൾ മാത്രമാണ് ഞാനിവിടെ കുറിച്ചത്.
ഇന്ന് സെപ്റ്റംബർ 29, ലോക ഹൃദയദിനം! നമ്മുടെ ജീവന്റെ താളമായ, സ്നേഹത്തിന്റെയും പ്രണയത്തിന്റേയും അവസാനവാക്കായ ഹൃദയത്തെ എന്നും ചേർത്തുപിടിക്കാം.
എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം ലോക ഹൃദയദിനാശംസകൾ ❤️
