രചന : ജയരാജൻ കണ്ടാരമത്തു✍️
വലിയ ഒരു നദി. നദിക്കരയില്‍ അതിലും വലിയ ഒരു അത്തിമരം. അത്തിമരത്തില്‍ ഒരു കുരങ്ങനും, താഴെ നദിയില്‍ ഒരു മുതല ഫാമിലിയും സസുഖം താമസിക്കുന്നു.
കുരങ്ങനും മുതലയും നല്ല സുഹൃത്തുക്കളാണ്. എന്നും പരസ്പരം കാണും, വീട്ടുവിശേഷങ്ങളും കാട്ടുവിശേഷങ്ങളും, സിൽമാകഥകളും, പാട്ടുകളും ആയി കൂടും.
അത്തിമരത്തില്‍ നിന്നും നല്ല പഴുത്ത അത്തിപ്പഴം കുരങ്ങന്‍ മുതലക്ക് സമ്മാനിക്കും. എന്നും ഹസ്ബൻഡ് മുതല കൊണ്ടുവരുന്ന അത്തിപ്പഴം വൈഫ് മുതല കാത്തിരിക്കും.
എന്തൊരു സ്വാദ്…!!!
ഒരു ദിവസം അവള്‍ ഭർത്താവിനോട് ചോദിച്ചു:
“എന്നും ഇത്രനല്ല അത്തിപ്പഴമാണ് നിങ്ങളുടെ മങ്കി ഫ്രണ്ട് തിന്നുന്നതെങ്കില്‍..
ഹോ, അവന്റെ ഹൃദയം എത്ര സ്വാദുണ്ടാവും???”
“ഉം….” മുതല ഒന്ന് മൂളി..
“എനിക്കവന്റെ ഹൃദയം വേണം. എനിക്കതു തിന്നാന്‍ കൊതിയാവുന്നു..”
“ഛെ..ഛെ..നീയെന്താണിപ്പറയുന്നത്?
എന്റെ നല്ല കൂട്ടുകാരനാണവന്‍.
അവനെ കൊല്ലുകയോ??? നെബർ.
നീ ആ മോഹം കളഞ്ഞേക്ക് ഡിയർ….”😳
പല ദിവസം ഭാര്യ ഈ ആവശ്യം പല രൂപത്തിൽ അവതരിപ്പിച്ചു. അവസാനം മിസ്സിസ് മുതലക്കണ്ണീരിൽ വീണ മിസ്റ്റർ മുതല , ഭാര്യയുടെ മോഹം സാധിപ്പിക്കാമെന്നേറ്റു.
രണ്ടു ദിവസം മുതല അത്തിമരച്ചോട്ടില്‍ ചെന്നില്ല. വീണ്ടും കണ്ടപ്പോള്‍ കുരങ്ങന്‍ എന്തു പറ്റിയെന്ന് അന്വേഷിച്ചു.
“അവള്‍ക്കു തീരെ സുഖം ഇല്ല.
വയറൽ ഫീവർ. ആന്റിബയോട്ടിക്ക് കഴിച്ച് റസ്റ്റ് ആണ്..”
കുരങ്ങനു വിഷമം തോന്നി.
“പാവം. എനിക്ക് അവരെ ഒന്നു കാണണമെന്നുണ്ട്.വയ്യാതെ കിടക്കുന്നവരെ പോയി കാണുന്നതാണ് കാട്ടുനടപ്പ്.
പക്ഷെ, എനിക്കെങ്ങനെയാണു നിന്റെ വീട്ടില്‍ വരാന്‍ കഴിയുക…?? നീന്താന്‍ അറിയില്ലല്ലോ…?”
“അതു സാരമില്ല. എന്റെ പുറത്തു ഇരുന്നാല്‍ മതി. ഞാന്‍ അവിടെ എത്തിക്കാം”
ഒരു പിക്കപ്പ് ബാഗ് നിറയെ അത്തിപഴവുമായി കുരങ്ങന്‍ മുതലയുടെ പുറത്തിരുന്നു യാത്രയായി.
പകുതി വഴിയെത്തിയപ്പോൾ, മുതല തന്റെ ഭാര്യയുടെ ആഗ്രഹം പറഞ്ഞു…
കുരങ്ങന്‍ അത് കേട്ട് ഞെട്ടി, എങ്കിലും
ഇങ്ങനെ പറഞ്ഞു.
“കഷ്ടം…
നീയെന്റെ സുഹൃത്തല്ലേ..
നിന്റെ ഭാര്യയുടെ ആഗ്രഹം സാധിപ്പിക്കേണ്ടതു എന്റെ കൂടി കടമയല്ലേ. എന്നാലും….”
“ന്നാലും…???
എന്തു പറ്റി….???”
“ഞാന്‍ എന്റെ ഹൃദയം അത്തിപ്പൊത്തില്‍ ആണു വെക്കാറ്. അത്യാവശ്യം വരുമ്പോഴെ അത് എടുക്കാറുള്ളൂ. ഹൃദയം വേണമെങ്കില്‍ നേരത്തെ പറയാമായിരുന്നില്ലേ….???”
“അയ്യോ…???ഇനിയെന്തു ചെയ്യും..??”
“നമുക്ക് തിരിച്ചു പോകാം…
ഹൃദയമെടുത്തു വേഗം പോരാം..”
മുതല തിരിച്ച് അത്തിമരച്ചോട്ടിലെത്തി.
മുതലപ്പുറത്തു നിന്നു കുരങ്ങന്‍ ജീവനും കൊണ്ട് മരക്കോമ്പിലേയ്ക്ക് ഒറ്റച്ചാട്ടം…..!!!
കുരങ്ങനും ഹൃദയവും സേഫ്…..!!! ❤️😍😉

