ഒരു ദിവസം രാത്രി ക്ലബ്ബിലെ പതിവ് ചർച്ചക്ക് വന്ന വിഷയം പശ്ചിമേഷ്യ യുദ്ധം ആയിരുന്നു
അമേരിക്കയുടെയും ഇസ്രായേലിന്റെയും കയ്യിൽ ഫേസ് റെക്കഗ്നിഷൻ ടെക്ക്നോളജിയുള്ള മിസൈൽ ഉണ്ടത്രേ
എർപ്പായുട്ടി തന്റെ പൊതിവിജ്ഞാനം ഒരു അവസരം കിട്ടിയപ്പോ തട്ടി.
അവരൊക്കെ ഈ കാര്യത്തിൽ അപ്റ്റുഡേറ്റ് ആണ്, മ്മളിപ്പോളും വളരെ വളരെ പിന്നിലാണ്.
മോഹനൻ അഭിപ്രായം പറഞ്ഞു.
നിങ്ങൾക്കറിയോ ഈ ഫേസ് റെക്കഗ്നിഷൻ ടെക്ക്നോളജിയൊന്നും പുതിയ കാര്യമല്ല, ഇതിന്റെ ഉപജ്ഞാതാക്കൾ മ്മളാണ്.
അത് വരെ എല്ലാം കേട്ട് കൊണ്ട് ചർച്ചയിൽ പങ്കെടുക്കാത്തിരുന്ന കുഞ്ഞുട്ടൻ പറഞ്ഞു
പോടാ വെറുതെ നോണ പറയാണ്ട്
ഏർപ്പായുട്ടി പുച്ഛിച്ചു
സത്യാടാ, ഈ ടെക്നോളജിയെ പറ്റി മഹാഭാരതത്തിൽ പറയ്ണ്ട്.

സത്യം?? അമ്പലത്തിലെ അത്താഴപൂജ തൊഴുത് നിറമാലയുടെ പ്രസാദ പായസവും കഴിച്ച് വന്നിരുന്ന ശ്രീക്കുട്ടന് വിശ്വാസം വന്നില്ല്യാ.
നിങ്ങൾക്ക് ആർക്കും അറിയില്ല്യാല്ലേ, എന്നാ ഞാൻ പറഞ്ഞു തരാം, കുഞ്ഞുട്ടൻ കസേരയിൽ ഒന്ന് ഇളകിയിരുന്ന് കഥ പറയാൻ തുടങ്ങി.
എനിക്കൊന്നും കേൾക്കണ്ടാ, ഈ കടിച്ചാൽ പൊട്ടാത്ത വാക്കുകളും, മനസ്സിലാകാത്ത തത്വങ്ങളും ഒക്ക്യല്ലേ പറയാൻ പോണേ. എനിക്ക് പോയിട്ട് വേറെ പണീണ്ട്.
ശ്രീക്കുട്ടൻ എണീറ്റു.
നീ ഇരിക്കടാ ശ്രീക്കുട്ടാ, ഞാൻ ലളിതമായി പറഞ്ഞുതരാം, എന്നും അമ്പലത്തിൽ പോണ നിന്നെപ്പോലുള്ളവർ അറിഞ്ഞിരിക്കേണ്ടതാടാ ഈ കഥകളൊക്കെ.
ശ്രീക്കുട്ടനെ അവിടെ പിടിച്ചിരുത്തി കുഞ്ഞുട്ടൻ കഥ പറയാൻ തുടങ്ങി.
തൃശൂർ കോർപ്പറേഷൻ ഓഫീസിലെ സൈർൺ ആറു മണിക്ക് ഊതാൻ തുടങ്ങിയപ്പോ അന്നത്തെ യുദ്ധം അവസാനിപ്പിച്ച് ശകുനി യുദ്ധ പറമ്പായ തേക്കിൻകാട് മൈതാനത്ത് നിന്ന് കുറുപ്പം റോഡ് ജങ്ങ്ഷനിലേക്ക് ഇറങ്ങി എം ജി റോട്ടീകൂടെ കിട്ടാവുന്ന സ്പീഡിൽ തേര് പായിച്ച് നേരെ പെനിൻസുലയുടെ പാർക്കിങ്ങിൽ കൊണ്ട് ചവിട്ടി നിർത്തി വേഗം ഉള്ളിൽ പോയി ഒരു പൈന്റും പറഞ്ഞ് അതിന്ന് ഒരു നയന്റി എംഎൽ ഒരു ഗ്ലാസിൽ ഒഴിച്ച് അതിൽ പകുതിയോളം ഒറ്റ വലിക്ക് കഴിച്ച് അച്ചാറിൽ വലത്തെ കയ്യിന്റെ ചൂണ്ടു വിരൽമുക്കി നാവിൽ തേച്ചപ്പോൾ ആണ് ബാറിന്റെ ഡോർ വീണ്ടും തുറന്നത്. നോക്കിപ്പോ ദുര്യോധനൻ ആണ്, ശകുനി കൈ പൊക്കി കാണിച്ചു, അത് കണ്ട ദുര്യോധനൻ ശകുനി ഇരിക്കുന്ന ടേബിളിന്റെ അപ്പുറത്തെ കസേരയിൽ വന്നിരുന്ന് ഗ്ലാസ്സിൽ ഒരു അറുപതു എംൽ വീഴ്ത്തി അതിലേക്ക് സോഡാ ഒഴിക്കുമ്പോൾ പറഞ്ഞു
മാമേ, യുദ്ധം തുടങ്ങിയിട്ട് ഇന്നേക്ക് ആറീസം കഴിഞ്ഞു.

മ്മ്മ്…. ഗ്ലാസിൽ ബാക്കിയുള്ളത് വലിച്ചിട്ട് ശകുനി മേശപ്പുറത്ത് ഗ്ലാസ്സ് മേശപ്പുറത്ത് വെച്ചു.
എത്രീസം കൂടി ഇത് നീണ്ട് നിക്കാവോ? രണ്ട്മൂന്നീസം കൊണ്ട് കഴിയുമെന്നാ ഞാൻ വിചാരിച്ചേ.
നിന്റെ അച്ഛന്റെ…..
മാമേ…..
ഞാൻ നിന്റെ അച്ഛനെ വിളിച്ചതല്ലടാ ക്ടാവേ…. നിന്റെ അച്ഛന്റെ അച്ഛാച്ചൻ മനസ്സറിഞ്ഞു പെടച്ചാ ഒരീസം കൊണ്ട് തീരാണ്ടാർന്നാ യുദ്ധാർന്നു.
പിതാമഹൻ പെടക്ക്ണ്ടല്ലോ…
#%%& പെടക്ക്ണ്ട്, ഞാൻ എന്റെ ഈ ഒന്നരക്കാലും വെച്ച് പെടക്കണേന്റെ പകുതി ആത്മാർഥതയിൽ അങ്ങേരു പെടച്ചിരുന്നേൽ ഇപ്പൊ നീ യുദ്ധം ജയിച്ചേനെ.
മാമ പറഞ്ഞത് ശരിയാ, പിതാമഹൻ, ദ്രോണര് മാഷ്, കൃപര് മാഷ്, ശല്യര്മാമ, ഇവരൊക്കെ ഉണ്ടായിട്ടും…
അതാണ് പറഞ്ഞത്, എല്ലാരും കൂടി നിന്നെ ഊ… ഞ്ഞാൽ ആട്ടുകയാണ് മരുമോനെ.
ശകുനി കുപ്പിയിൽ ബാക്കി ഉണ്ടായിരുന്നത് മൊത്തം ഗ്ലാസ്സിലേക്ക് ഒഴിച്ച് ഒറ്റ വലിക്ക് അടിച്ചു.
അയ്യോ… അമ്മേ….
എന്താ മാമേ??
ഞാൻ വെള്ളൊഴിക്കാൻ മറന്നുടാ….
ശ്രദ്ധിക്കണ്ടേ അംബാനെ
എന്തുട്ട്?
അല്ല, ശ്രദ്ധിക്കണ്ടേ അമ്മാവാന്ന്.

ശകുനി ബെയററേ വിളിച്ച് ഒരു പൈന്റും, മൂന്നു സോഡയും കൂടി പറഞ്ഞു.
മോനെ ദുര്യോധനാ, മ്മക്ക് അവരോട് യുദ്ധം വേണ്ടാ പകരം ചീട്ട് കളിക്കാന്ന് പറയാം. ചീട്ട് കളിന്ന് പറഞ്ഞാൽ ആ യുധിഷ്ഠിരന് പ്രാന്താ, അവൻ സമ്മതിക്കും. മ്മക്ക് ഇന്നാളത്തെ പോലെ അവരെ പിന്നീം തോപ്പിച്ച് കാട്ടിൽക്ക് അയക്കാം.
അതൊന്നും ഇനി പറ്റില്ല്യ മാമേ, ഇനിപ്പോ ഈ യുദ്ധത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം.
അപ്പോളേക്കും ബെയറർ അടുത്ത പൈന്റും സോഡയും കൊണ്ട് വന്നു.
അത് പൊട്ടിച്ച് ഓരോ ഒന്നര വീതം ദുര്യോധനൻ രണ്ടു ഗ്ലാസ്സിലേക്കും ഒഴിച്ച് സോഡയും ഒഴിച്ചപ്പോളേക്കും മൂപ്പരുടെ മൊബൈൽ അടിച്ചു. നോക്കിപ്പോ വീട്ടീന്ന് ഭാനുമതിയാണ്.
എന്തേറി??
നിങ്ങള് എവിട്യാ?? ഇന്നത്തെ യുദ്ധം കഴിഞ്ഞിട്ട് എത്ര നേരായി?? ബാക്കിള്ളോരൊക്കെ കുടുമ്മത്ത് എത്തിണ്ടാവും. നിങ്ങളിത് എവിടെ പോയി കിടക്കാ???
ഞാൻ ഇവിടെ നാളത്തെ കാര്യങ്ങൾ പ്ലാൻ ചെയ്യാണ്.
പത്തു മണിക്ക് മുൻപ് വന്നില്ല്യങ്ങേ ഞാൻ വാതില് തൊറക്കില്ല്യാട്ടാ.
നീ ഫോൺ വെച്ചേറി, ഞാൻ അങ്ങട് വരാം.
ദുര്യോധനൻ ഫോൺ വെച്ച് നോക്കിപ്പോ ശകുനി പകുതി ഒഴിഞ്ഞ ഗ്ലാസ്സും കയ്യിൽ പിടിച്ച് മോളിൽക്ക് നോക്കി ഇരിക്കണു.
എന്തുട്ടാ മാമ ആലോചിക്കണേ???
ഞാൻ ഒരു കാര്യം ആലോചിക്കാർന്നു.

ആ, അത് എന്തുട്ടാന്നാ ചോയ്ച്ചേ??
നിന്റെ പിതാമഹൻ ഇല്ല്യേ, അങ്ങേരുടെ കയ്യിൽ അഞ്ച് അമ്പ്ണ്ട്.
ആൾടേല് അഞ്ചെണ്ണം ഒന്നും അല്ല കൊറേ ഇണ്ട്.
അതല്ലടാ മരയൂളേ, ഈ മൊസാദ് ഇറാന്റെ ആണവ ശാസ്ത്രഞനെ കൊല്ലാൻ ഉപയോഗിച്ച ഫേസ് റെക്കഗ്നിഷൻ ടെക്ക്നോളജില്ല്യേ ആ സൈസ് അമ്പ്, ഏത് കൂട്ടത്തിൽ നിക്കണ ആളായാലും തെരഞ്ഞു പിടിച്ച് കൊല്ലണ അമ്പ്. ആ അഞ്ചെണ്ണം കുന്തിടെ പിള്ളേരുടെ നേരെ വിട്ടാൽ അന്ന് തീരും അവരും ഈ യുദ്ധവും.
അതും കൈയ്യിൽ വെച്ചീട്ടാണോ മൂപ്പര് അവിടെ കെടന്ന് ഞൊണ്ടി പ്രാന്തി കളിക്കണേ??
ദുര്യോധനന് ചൊറിഞ്ഞു കേറി.
നീ എങനെയെങ്കിലും മൂപ്പരെ പറഞ്ഞു അത് പെടപ്പിക്കണം.
മ ഞാൻ ഇപ്പന്നെ പോവാം. ഇതും പറഞ്ഞു ഗ്ലാസ്സിൽ ഉള്ളത് വലിച്ച് ദുര്യോധനൻ എണീറ്റു.
ഈ നേരത്ത് ഒരു ബംഗാളി ചെക്കൻ അപ്പുറത്തെയും ഇപ്പുറത്തെയും മേശ തുടച്ച് നിക്കണത് അവര് ശ്രദ്ധിച്ചില്ല. ദുര്യോധനനും ശകുനിയും ഇറങ്ങിയതിന്റെ പിന്നാലെ ആ അവൻ ബാത്‌റൂമിന്റെ ഉള്ളിൽ കയറി വാതിൽ കുറ്റിയിട്ട് പാന്റിന്റെ പോക്കറ്റിൽ നിന്ന് വയർലെസ്സ് സെറ്റ് എടുത്ത് ഓണാക്കി.

ടൈഗർ വൺ കാളിങ്, ടൈഗർ വൺ കാളിങ്.
അപ്പുറത്ത് ആരോ ലൈനില് വന്നു.
ബോസ്സ്, ഒരു പ്രധാന കാര്യം, ദുര്യോധനനും ശകുനിയും കൂടി ഭീഷ്മരുടെ കയ്യിലുള്ള ഫേസ് റെക്കഗ്നിഷൻ അമ്പ് നാളെ എടുപ്പിക്കാനുള്ള പരിപാടിയാണ്, നിങ്ങളെ അഞ്ചു പേരെയും കൊല്ലാൻ. ദുര്യോധനൻ ഭീഷമരെ കാണാൻ പോയിട്ടുണ്ട് ഓവർ ഓവർ
അവൻ വയർലസ്സ് ഓഫാക്കി, ബാത്‌റൂമിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി.
ഡേ ഭായ്…. ടേബിൾ ക്ലീൻ. കരോ….
ആരോ വിളിച്ചു പറഞ്ഞത് ശ്രദ്ധിക്കാതെ പോക്കറ്റിൽ നിന്ന് ഒരു കൂളിംഗ് ഗ്ലാസ്സ് എടുത്ത് മുഖത്ത് വെച്ച് ആ പാണ്ഡവ ഏജന്റ് പുറത്തെ ഇരുട്ടിലേക്ക് നടക്കുന്നത് കണ്ട ശകുനി സ്വയം ചോദിച്ചു.
ഏതാണ്ടാ ഈ വസൂരി, പാതിരാക്ക് കൂളിംഗ് ഗ്ലാസ്സും വെച്ച് നടക്കാൻ?
ദുര്യോധനൻ നേരെ ഭീഷ്മരുടെ ക്യാമ്പ് ഓഫീസായ രാമനിലയത്തിലേക്ക് ചെന്നപ്പോ ഭീഷമർ കഞ്ഞി കുടിക്കാൻ നോക്കാർന്നു.

എന്താണ്ടാ ഈ നേരത്ത്??
എനിക്ക് മുതുവല്യച്ഛനോട്‌ ഒരു കാര്യം പറയണ്ടാർന്നു.
എന്തുട്ടാണ്ടാ?
യുദ്ധം ഇത്ര ദിവസായിട്ടും ഒന്നും ആയില്ല്യ
യുദ്ധല്ലേ, ക്ഷമ വേണം സമയമെടുക്കും
മുതുവല്ല്യച്ഛൻ മര്യാദക്ക് ഇടപെടാത്ത കാരണാണ് ഇത് ഇങ്ങനെ നീളണെ.
എന്നാര് പറഞ്ഞു??
അത്…
നിന്റെ ഒന്നരക്കാലൻ അമ്മാവൻ പറയണത് കേട്ട് എന്റെ മോത്ത് നോക്കി ഇജ്ജാതി നാവാഡ്യാണ്ടല്ലോ കുരിപ്പേ… പല്ലടിച്ചു കൊഴിക്കും ഞാൻ.
അമ്മാവനെ എന്തിനാ പറയണേ? എല്ലാർക്കും അറിയണ കാര്യല്ലേ?? നിങ്ങടെ ബ്ലഡി സെന്റിമെൻറ്സ് അതല്ലേ പ്രശ്നം?
അതേടാ @₹₹₹% എനിക്ക് മനസാക്ഷി എന്നൊരു സാധനണ്ട്, നിനക്കതില്ല്യാ.
ഒരു യോദ്ധാവിന് യുദ്ധമുഖത്ത് എന്തുട്ട് തേങ്ങക്കാ മനസാക്ഷി? പുഴുങ്ങി തിന്നാന്നോ??
ഞാൻ എന്തുട്ട് വേണെന്നാ നീ പറയണേ??
ഫേസ് റെക്കഗ്നിഷൻ അമ്പ്, നാളെ അതെടുത്ത് ആ അഞ്ചെണ്ണത്തെയും തീർക്കണം.
ദുര്യോധനാ???

അതേ ഞാൻ തന്നെ, ഇത് അപേക്ഷയല്ല ആജ്ഞയാണ്. ഇല്ല്യാങ്ങേ ഗഡി ദേ ദിങ്ങട് നോക്ക്യേ നാളെ സൂര്യൻ അസ്‌തമിച്ചാൽ കമാൻഡർ ഇൻ ചീഫ് എന്ന പദവിയിൽ വേറെ ആണുങ്ങൾ ഇരിക്കും.
മ്മ്… നാളെ ഞാൻ അത് അവർക്ക് നേരെ പ്രയോഗിക്കാം.
ഗുഡ് ബോയ്… അപ്പൊ അത് ഇങ്ങട് എടുത്ത് താ
എന്തിന്??
നാളെ രാവിലെ യുദ്ധപറമ്പിൽ വെച്ച് ഞാൻ മുത്തച്ഛന് തരാം.
അതെന്തിനാ??
അല്ലെങ്ങേ ഇന്ന് രാത്രി ഇങ്ങള് അത് ഓടിച്ചു കളഞ്ഞിട്ട് അത് എലി കടിച്ചു മുറിച്ചുന്ന് പറയും.
ഇല്ല്യറാ, ഞാൻ നാളെ അത് കൊണ്ടരാം
വേണ്ടുവ്വാ…. അതിങ്ങട് എടുക്ക്…
ന്നാ കൊണ്ടോയി പണ്ടാറടങ്ങടാ വധൂരി…. എന്നും പറഞ്ഞു ഭീഷ്മർ ആ അഞ്ച് അമ്പും ദുര്യോധനന്റെ കയ്യിൽ കൊടുത്തു.
ഈ സമയം പാണ്ഡവ പാളയത്തിലും ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.
അപ്പൊ നാളത്തോണ്ട് എല്ലാം തീരൂല്ലേ???
രാജ്യം, പട്ടാഭിഷേകം, സിംഹാസനം, ചെങ്കോല് എന്തൊക്കെയായിരുന്നു….
യോഗം വേണം യോഗം….
ഡാ സഹദേവാ, നീ ഒരു ഫുള്ളും കൂടി ഇങ്ങട് എട്ത്തെ, അടിച്ചതൊക്ക ഇറങ്ങി.
ഭീമേട്ടാ, ഇങ്ങള് ഇപ്പന്നെ ഫിറ്റാ.

നീ എടുക്കറാ, ഇന്നും കൂടിയല്ലേ പറ്റോ, നാളെ മ്മക്ക് ഇല്ല്യാല്ലോ.
ഈ നേരത്ത് അർജുനൻ സുഭദ്രക്കും, ദ്രൗപതിക്കും, ഉല്ലൂപിക്കും, ചിത്രാംഗദക്കും
ഇനിയെന്ന് കാണുമെന്നായ് പിടഞ്ഞുപോയി
എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ വിതുമ്പി പോയി….. മിസ്സ്‌ യു ഡാ എന്ന് മെസ്സേജ് ബ്രോഡ്കാസ്റ്റ് ചെയ്യുകയായിരുന്നു.
ഇങ്ങള് പേടിക്കാണ്ടിരിക്ക് യുധിഷ്ഠിരേട്ടാ, മ്മക്ക് വഴിണ്ടാക്കാം.
എന്തുട്ട് വഴിന്നാ നീ പറയണേ കൃഷ്ണാ.
അതൊക്കെ ഇണ്ട്, ഇങ്ങള് വാ, മൊബൈൽ എടുത്തോ, ഞാൻ സിഗ്നൽ തരുമ്പോ എല്ലാരും അവനൊന്റെ മോത്തക്ക് മൊബൈൽ ടോർച് അടിച്ചാ മതി. ബാക്കി ഞാൻ നോക്കിക്കോള്ളാം.
ദുര്യോദനൻ രാമനിലയത്തിൽ നിന്ന് ഇറങ്ങിയതും കറണ്ട് പോയി ലൈറ്റ് ഓക്കെ കെട്ടു. തേരിൽ കേറാൻ തുടങ്ങിയപ്പോ ഇരുട്ടിൽ ഒരു നിഴലനക്കം.
ആരാണ്ടാ അവിടെ?
ദുര്യോധനാ, അർജ്ജുനാണ്ടൊ.
എന്താ നീ ഇവിടെ?
നീയാ അമ്പോളിങ്ങ്ട് തന്നേ
പോടാ @₹₹%…
ദുര്യോധനാ നീ പണ്ട് എനിക്ക് ഒരു വാക്ക് തന്നണ്ടാർന്നു എന്തു വേണേൽ ചോദിച്ചോളാൻ അത് ഞാൻ ഇപ്പൊ ചോദിക്കുന്നു.
എന്ന്?? എനിക്കൊന്നും ഓർമ്മയില്ല.

പണ്ട്, ഞങ്ങടെ വനവാസകാലത്ത് ഞങ്ങളെ പണിയാൻ നീ കാട്ടില്ക്ക് വന്നു, അന്ന് അവിടത്തെ പിള്ളേര് നിന്നെ പഞ്ഞിക്കിട്ടപ്പോ നിന്നെ ഞാനാ രക്ഷിച്ചേ. തല കുമ്പിട്ട് എന്റെ മുന്നിൽ വന്നു നിന്ന് അന്ന് നീ പറഞ്ഞത് നീ മറന്നോ?? ആണുങ്ങളായാൽ വാക്കിന് വിലയുണ്ടാവണമെടാ
ഡാ അന്ന് ഞാൻ അങ്ങിനെ ഒരു വാക്ക് തന്നത് മ്മക്ക് അല്ലേ അറിയൂ? വേറെ ആർക്കും അറിയില്ലല്ലോ. അതോണ്ട് നീ പോ.
എവിടെ നിന്നോ ഒരു ചൂളം വിളി കേട്ടപ്പോ അവിടെയും ഇവിടെയും മൊബൈൽ ടോർച് മിന്നി. ദുര്യോദനൻ നോക്കിപ്പോ പാണ്ഡവർ ഫുൾ ടീമും ഉണ്ട്, പോരാതെന്ന് ബാലരാമനും. ഗുരുവിന്റെ മുഖം കണ്ടപ്പോ ദുര്യോധനൻ ആ അഞ്ച് അമ്പുകളും അർജുനനു കൊടുത്ത് തേരിൽ കേറി എന്തോ പോയ അണ്ണാനെപോലെ പോയി.
ആ നേരത്ത് കറണ്ട് വന്നു. ബാലരാമന്റെ കട്ട്‌ഔട്ടിന്റെ പിന്നീന്ന് കൃഷ്ണൻ മുന്നിലേക്ക് വന്നു.
“ഏർപ്പായുട്ടി, ഇപ്പൊ മനസ്സിലായില്ലേ… ഈ ഫേസ് റെക്കഗ്നിഷൻ ടെക്ക്നോളജിയൊക്കെ ഞങ്ങടെ മഹാഭാരതത്തിൽ ഈണ്ടായിരുന്നതാന്ന്.”
ആരും ഒന്നും പറഞ്ഞില്ല.

ഇല്ല്യാ എന്ന് പറയാനും, ഉണ്ട് എന്ന് പറയാനും മിനിമം ഈ കഥകളെ കുറിച്ച് എന്തേലും ധാരണ ഉണ്ടാകണമല്ലോ.
ടാ ശ്രീകുട്ടാ, കുഞ്ഞുട്ടൻ പറഞ്ഞത് സത്യാ?
തിരിച്ചു വീട്ടിൽ പോകുമ്പോൾ ഏർപ്പായുട്ടി ശ്രീകുട്ടനോട്‌ ചോദിച്ചു.
എനിക്ക് വല്ല്യേ പിടിയില്ല്യാ
അപ്പൊ നീ ഇതൊന്നും വായിച്ചട്ടില്യേ?
ഏയ്…. എന്റെ വീട്ടിലില്ല്യാ.
ഹൈ അത് നിങ്ങടെ വേദപുസ്തകല്ലേ?
നാളെ എന്തായാലും ഒരെണ്ണം വാങ്ങി വായിക്കണം.
ഈ സമയം മോഹനൻ ഓൺലൈനിൽ മഹാഭാരതം ഓർഡർ ചെയ്യുകയായിരുന്നു.
വാൽകഷ്ണം : പുരാണ പാരമ്പര്യത്തിലെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഒരു സാങ്കൽപ്പിക പുനർവായന മാത്രമാണിത്. ചരിത്രമോ ആധികാരിക പുരാണവിവരണമോ ആയി കാണേണ്ടതില്ല.

സുമേഷ് കെ മണകുളം

By ivayana

Leave a Reply

Your email address will not be published. Required fields are marked *