ഫേസ് ബുക്കിലെ ഏറ്റവും പ്രധാനമായ ഒരു പ്രശ്നം എന്തെങ്കിലും ഒരു ആശയം സൂചിപ്പിക്കാനോ പ്രകടിപ്പിക്കാനോ പ്രചരിപ്പിക്കാനോ ഉപയോഗിക്കുന്ന വാക്കുകൾ അതു വായിക്കുന്നവർ അവരുടെ മനോധർമ്മം അനുസരിച്ചു വ്യാഖ്യാനിച്ചു ഒടുവിൽ എഴുതിയ ആൾക്ക് ” പൊങ്കാല” ഇടുകയോ അയാൾ മോശക്കാരനാണു എന്നു വരുത്തി തീർക്കുകയോ കണ്ണിൽ ചോരയില്ലാത്തവൻ ആണെന്നോ സ്ത്രീ വിരുദ്ധൻ ആണെന്നോ സാമൂഹ്യ വിരുദ്ധൻ ആണെന്നോ സ്ഥാപിച്ചെടുക്കും എന്നതാണു ..ചുരുക്കത്തിൽ നമ്മൾ എഴുതുന്ന ഒരോ വാക്കും നമ്മൾ അതു എഴുതുമ്പോൾ സ്വയം ഉദ്ദേശിച്ച അർഥം ആയിരിക്കില്ല വായിക്കുന്നവരിലെ ഒരു സംഘമോ ഭൂരിപക്ഷം തന്നെയോ അർഥം കൽപ്പിക്കുന്നതു …

അതായതു എന്തു എഴുതിയാലും അതിൽ ദ്വയാർഥം ഉണ്ടോ , ദുർവ്യാഖ്യാന സാദ്ധ്യത ഉണ്ടോ , പൊളിറ്റിക്കലി കറക്റ്റ് ആണോ എന്നെല്ലാം പലവട്ടം ആലോചിക്കാതെ ഒന്നും എഴുതാൻ സാദ്ധ്യമല്ല …പണ്ട് ഒക്കെ എന്തിനും ഏതിനും പഴഞ്ചൊല്ലുകളും ഉപമകളും ഉദാഹരണങ്ങളും ഉപയോഗിക്കുന്നതു സർവ്വ സാധാരണമായിരുന്നു …ഒരാളുടെ സ്വഭാവം മാറില്ല എന്നു പറയാൻ ” നായയുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിൽ ഇട്ടാലും അതു വളഞ്ഞു തന്നെ ഇരിക്കും ” എന്നു പറയാൻ അദ്ധ്യാപകർക്കും മറ്റുള്ളവർക്കും ഒന്നും ആലോചിക്കാനോ ഭയക്കാനോ ഇല്ലായിരുന്നു … ഇന്നു ആ ഉപമ പറഞ്ഞാൽ ഉടൻ ” എന്നെ നായ് എന്നു വിളിച്ചു ” എന്നു ആക്ഷേപിച്ചു എന്നു പറഞ്ഞ് ആകെ ബഹളം ആകും .

‌അല്ലെങ്കിൽ സ്ഥിരം പരാതിക്കാരൻ ആയ ഒരാൾക്കു മറ്റൊരു പരാതി കൂടി കിട്ടി എന്നു പറയാൻ ” മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങാ വീണൂ ” എന്നു പറയാറുണ്ടായിരുന്നു …ഇന്നു അങ്ങിനെ പറഞ്ഞാൽ ” നായ് എന്നു വിളിച്ചു ” എന്നു പറഞ്ഞു കേസ് എടുക്കാൻ പറ്റും …മിക്ക പഴഞ്ചൊല്ലുകളുടേയും അവസ്ഥ അതു തന്നെയാണു …എതെങ്കിലും മൃഗമോ മോശം വസ്തുക്കളോ തൊഴിലോ ഒക്കെ ഉപമയിൽ ഉപയോഗിച്ചാൽ എപ്പോൾ പണി കിട്ടി എന്നു ചോദിച്ചാൽ മതി …നവ മാദ്ധ്യമങ്ങളിൽ വരുന്ന ചില ന്യൂ ജനറേഷൻ വാക്കുകളും ഇപ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടു …

അടിച്ചു പൊളിച്ചു …തിമിർത്തു…തകർത്തു …പൊങ്കാല …പണി കിട്ടി…എട്ടിന്റെ പണി …പൊളിച്ചടുക്കി….തേച്ചൊട്ടിച്ചു …അങ്ങിനെ നീണ്ട ഒരു ലിസ്റ്റ് തന്നെ ഉണ്ടു …ഒരാൾ തോറ്റു എന്നു‌ പറയാൻ പത്രങ്ങളുടെ ഭാഷയും മാറുകയാണു ..ട്രമ്പ് വീണൂ ‌.‌‌‌…( കുളിമുറിയിൽ വീണു എന്നല്ല )ട്രമ്പ് നിലം തൊട്ടു ….ട്രമ്പിനെ പൊളിച്ചടുക്കി അമേരിക്കൻ ജനത ….എന്നൊക്കെ തലക്കെട്ടുകൾ വായിക്കാം…ഒരു മന്ത്രിസഭയിൽ നിന്നും ഒരാൾ രാജിവെക്കുകയോ പുറത്താക്കുകയോ ചെയ്താൽഒരു വിക്കറ്റ് പോയി ..ഒരു വിക്കറ്റ് വീണു …ആദ്യ വിക്കറ്റ് ….വൺ ഡൗൺ ….എന്നൊക്കെ പത്രഭാഷ ആണു …

ഇത്രയൊക്കെ പറയാൻ കാരണം പൊതുവെ സൗമ്യനും നല്ല ഭാഷയും ഉപയോഗിക്കുന്ന കോൺഗ്രസ്സ് നേതാവ് ശ്രീ ‌.വീ .ഡീ സതീശൻ കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി രാജിവെച്ചതിൽ ആശ്വസിച്ചു ” ഒരു വിക്കറ്റ് വീണു ” എന്നു ഫേസ് ബുക്കിൽ എഴുതിയതു വളരെ മോശമായി പോയി എന്നു ധാരാളം ആളുകൾ ” പൊങ്കാല” യുമായി വന്നതു കണ്ടതു കൊണ്ടാണു …എൽ .ഡീ .എഫ് ലെ പ്രബലരായ രണ്ടു നേതാക്കളിൽ ഒരാൾ രാജി വെച്ചു എന്നു മാത്രമേ അദ്ദേഹം അർഥമാക്കിയുള്ളൂ എന്നു വളരെ വ്യക്തമാണു …

എന്നാൽ അനാരോഗ്യം മൂലമാണു രാജി എന്നു പാർട്ടി ഔദ്യോഗികമായി അറിയിക്കുമ്പോൾ അദ്ദേഹത്തിന്റെ അസുഖത്തെ ഒട്ടും പരിഗണിക്കാതെ അദ്ദേഹം വീണതിൽ സന്തോഷിക്കുന്ന ഒരു ക്രൂരൻ ആയി സതീശനെ മാറ്റിയെടുക്കാൻ സൈബർ സംഘങ്ങൾ പരമാവധി ശ്രമിച്ചു എന്നത് സത്യമാണു ..രണ്ടു വ്യത്യസ്ത പ്രശ്നങ്ങളുടെ പേരിൽ രണ്ടു പേർ രാജിവെക്കണം എന്നാണു പ്രതിപക്ഷം കുറെ നാൾ ആയി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതു ..അതിൽ ഒരാൾ രാജി വെച്ചു…അതാതതു രണ്ടു വിക്കറ്റ് വീഴേണ്ടതിൽ ആദ്യ വിക്കറ്റ് വീണൂ …അല്ലാതെ അദ്ദേഹം ക്രിക്കറ്റ് കളിക്കുമ്പോൾ ഔട്ട് ആയതോ കുളിമുറിയിൽ തെന്നി വീണതോ ഒന്നും അല്ല എന്നു എഴുതിയ ആൾക്കും അതു വായിക്കുന്ന ആളുകൾക്കും നന്നായി അറിയാം ‌‌ഇന്നത്തെ സാഹചര്യത്തിൽ മകൻ ഗുരുതരമായ ആരോപണങ്ങളുടെ പേരിൽ ജയിലിൽ കിടക്കുമ്പോൾ പാർട്ടി സെക്രട്ടറിക്കു തിരഞ്ഞെടുപ്പ് പ്രചരണത്തിനു ഇറങ്ങാനോ മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാനോ ചികിൽസ നടത്താൻ വിദേശത്തു പോകാനോ ഒക്കെ വിഷമം ഉണ്ടായിരിക്കും എന്നതു സത്യവും ആണു …

ആ കാരണം ആരോഗ്യപരം ആയി കാണുന്നതിൽ ഒരു തെറ്റും ഇല്ല …മറിച്ചു ധാർമികത യുടെ പേരിൽ ആണെന്നു പറഞ്ഞാൽ അതിനെക്കാൾ ധാർമികത വേണ്ട കേസിൽ ചിലർ കൂടി രാജി വെക്കേണ്ടി വരും …പ്രത്യേകിച്ചു മുഖ്യമന്ത്രി …അതു ഒഴിവാക്കാൻ തീർച്ചയായും ആരോഗ്യകാരണം എന്ന സത്യമായ അവസ്ഥ പറഞ്ഞു രാജിവെക്കാൻ തീരുമാനിക്കുകയാണു അദ്ദേഹം തീരുമാനിച്ചതു …ഒരോ വാക്കും എന്തർഥം ആണു നാം ഉദ്ദേശിക്കുന്നതെങ്കിലും അതു വായിക്കുന്നവരുടെ രാഷ്ട്രീയവും മനോധർമ്മവും അനുസരിച്ചു അർഥം മാറാം എന്നു ചുരുക്കം ..ഫേസ് ബുക്കിൽ എഴുതുന്ന ഒരോ വാക്കും സൂക്ഷിച്ചു എഴുതുകയും വായിക്കുകയും ചെയ്യണം എന്നു ചുരുക്കം ..

By ivayana