വടക്കേറോഡിലെ നിറുത്താതെയുള്ള പട്ടികുരയാണ് പതിവിലും നേരുത്തേയെന്നെ ഉറക്കമുണർത്തിയത്.
“നായിന്റെമക്കൾ ഉറങ്ങാനും സമ്മതിക്കില്ല”
പിറുപിറുത്തുകൊണ്ട് മൈബൈലിൽ നോക്കി സമയം തിട്ടപ്പെടുത്തി ആറര മണി കഴിഞ്ഞതേയുള്ളൂ, സാധാരണ അര മണിക്കൂർ കൂടി കഴിഞ്ഞാണ് ഞാൻ ഉണരാറുള്ളത്, എഴുന്നേറ്റിരുന്നു കട്ടിലിനരികിലായി വെച്ചിരുന്ന സ്റ്റീൽപാത്രത്തിൽ നിന്ന് രണ്ടുകവിൾ വെള്ളം അണ്ണാക്കിലേക്ക് കമഴ്ത്തിയപ്പോഴാണ്, കേശാദിപാദം ഒരു വിങ്ങൽപോലെ മടിയുടെ കടന്നുവരവ്.

ഞാൻ സ്വയം ചോദിച്ചു,
“ഇന്ന് ജോലിക്ക് പോകണോ?”
രാവിലെ ഉണരുമ്പോൾ ഇടക്കിടെ ഇങ്ങനെ മടി എന്നെത്തേടിയെത്താറുണ്ട്, അത്തരം ദിവസങ്ങളിൽ ചെയ്യുന്നത് പോലെ ഞാൻ ഒരു നാണയം കയ്യിലെടുത്ത് മുകളിലേക്കെറിഞ്ഞു,അശോകസ്തംഭം ആലേഖനം ചെയ്തഭാഗമാണ് വീണത്, അപ്പോൾ ഇന്ന് ലീവാക്കാം ഞാൻ ഉറപ്പിച്ചു, മറുവശമായിരുന്നു വീണതെങ്കിൽ പണിക്ക്പോകുമായിരുന്നു,അങ്ങനെയാണ്ശീലം.

ഇന്നത്തെ ദിവസം ലീവ് ഉറപ്പിച്ചതോടെ കട്ടിലിലേക്ക് ചരിഞ്ഞു, പുതപ്പിനുള്ളിലേക്ക് നൂഴ്ന്നിറങ്ങി ഇന്നലത്തെ ദിവസം വൈകുന്നേരം നടന്ന സംഭവങ്ങളിലേക്കൂളിയിട്ടു.
ഇന്നലെ ഓഫീസിൽ നിന്നിറങ്ങി വടക്കേമൂലയിലെത്തുമ്പോഴാണ് വഴിയരികിൽ നിന്നൊരാൾ വണ്ടിക്ക് കൈകാണിച്ചത്, നിർത്തണോ വേണ്ടയോ എന്നൊരുവേള ശങ്കിച്ചുവെങ്കിലും അയാൾക്ക് മുന്നിൽ ബൈക്ക് ഇരച്ചു നിന്നു.ഒന്നര കിലോമീറ്റർ അപ്പുറമുള്ള സ്റ്റോപ്പിലിറങ്ങുവനാണെന്ന് പറഞ്ഞുകൊണ്ട് അയാൾ ബൈക്കിന് പിന്നിലേക്ക്.

“വണ്ടി ഇവിടൊന്നു നിർത്താമോ ,എനിക്കൊരു പൈന്റ് വാങ്ങാനായിരുന്നു.”
ബൈക്ക് ബിവറേജിന് മുന്നിലെത്തിയപ്പോഴുള്ള അയാളുടെ അഭ്യർത്ഥന നിരസിക്കുവാൻ കഴിഞ്ഞില്ല,
“എനിക്കൂടെ ഒരു പൈന്റ് വാങ്ങിക്കോ” പോക്കറ്റിൽ നിന്ന് അഞ്ഞുറു രൂപ ഞാൻ അയാൾക്ക് നല്കി.

” ധനീഷേ, ധനീഷേ “
കതകിലുള്ള തട്ടിനൊപ്പം, ഹാളിലെ ടെലിവിഷനിൽ നിന്നുയരുന്ന ശബ്ദത്തിനേക്കാളുറക്കെ അമ്മയുടെ ശബ്ദവുമുയർന്നു.
” ഡാ എണ്ണീക്കടാ ചെക്കാ, ഏഴു മണി കഴിഞ്ഞു “
” ഞാനിന്ന് ലീവാണ് ” അമ്മക്ക് മറുപടി നല്കി.
“ആഴ്ച്ചയിൽ മൂന്നു ദിവസം ലീവെടുത്തു കിടന്ന് ഉള്ള ജോലി കളയരുത്”
അടക്കളയിലേക്ക് തിരികെനടക്കുന്ന അമ്മയുടെ ഉപദേശത്തിന്റെ ശബ്ദം, ടെലിവിഷനിൽ നിന്നുയരുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വാർത്തക്കൊപ്പമിടകലർന്നു എന്റെ കാതിലേക്ക് വിരുന്നെത്തി.

അമ്മ പറയുന്നത് ശരിയാണ്, ഈ രണ്ടാഴ്ച്ചക്കുള്ളിൽ ഇത് എത്രാമത്തെ ലീവാണ്.ഞാൻ അങ്ങനെയാണ്, ഇടയ്ക്കിടെ രാവിലേ ഉണരുമ്പോൾ ഒരു പ്രത്യേകതരം മടി ഉടുമ്പിനെപ്പോലെയെന്നെ അള്ളിപ്പിടിക്കും, പിന്നെ മുകളിലോട്ടുയർന്നു തറയിൽ പതിക്കുന്ന നാണയത്തിന്റെ ഗതിക്കനുസരിച്ചാണ് അന്ന് ജോലിക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

അവസാനം അവധിയെടുത്തത് മിനിഞ്ഞാന്നായിരുന്നു,അതിന്റെ പരിണിതഫലം സാധാരണയിലും കനത്തതായിരുന്നു.സാധാരണ മാനേജരുടെ മുറിയിൽ വിളിച്ചുവരുത്തിയൊരു ശകാരം, ഏറിപ്പോയാൽ ഒരു വാണിംഗ് ലെറ്റർ, ഇതിന്റെ പേരിൽ എത്രയോ മുന്നറിയിപ്പ് ലെറ്റർ മുമ്പ്കിട്ടിയിരിക്കുന്നു, പഴയ മാനേജർ വിരമിച്ചു പോയതോടെ പുതുതായി എത്തിയ മാനേജർ കുറച്ചു കടുപ്പമാണ്, ഓഫീസിലെ എല്ലാ മേഖലയിലും തന്റെ ഭരണപരിഷ്കാരങ്ങൾ നടപ്പിലാക്കിക്കഴിഞ്ഞു,

പുത്തനച്ചി പുരപ്പുറം തൂക്കുമെന്ന പഴമൊഴി പറഞ്ഞു ഞങ്ങൾ സഹപ്രവർത്തകർ അതിനെ ആദ്യം നിസാരമായിയെടുത്തു. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ, കുത്തഴിഞ്ഞു കിടന്ന ഓഫീസിനെയും, അവിടെ അഴിച്ചു വിട്ട കന്നിനെപോലെ തോന്നുംപടി വിഹരിച്ച ഞങ്ങൾ സ്റ്റാഫിനെയും, പുതിയ മാനേജർ തന്റെ നിയന്ത്രണരേഖക്കുള്ളിൽ കൊണ്ടുവന്നിരുന്നു.
“ഇതിന്റെ പരിണിതഫലം ഏറ്റവും കൂടുതലനുഭവിക്കുന്നത് ധനീഷായിരിക്കും”
സഹപ്രവർത്തകർ ഒന്നടങ്കം നടത്തിയ വിലയിരുത്തലിൽ ഞാനായിരുന്നു പ്രതിപാദ്യ വിഷയം.

തലേന്ന് ലീവെടുത്തതിന്റെ ഹാങ്ങോവറെല്ലാം മാറി ഇന്നലെ ഓഫീസിലെത്തി ഹാജർബുക്കിൽ തന്റെ പേരിന് നേർക്ക് ഒപ്പിടുവാനൊരുങ്ങവേയാണ് പ്യുൺ മമ്മദിക്ക ഹാജർബുക്ക് തന്റെ കൈയ്യിൽ നിന്ന് വാങ്ങിക്കൊണ്ടറിയിച്ചത്.
“ധനീഷ് ഒപ്പിടേണ്ടന്ന് പറഞ്ഞു”
“ആര് പറഞ്ഞു?” എന്റെ മറു ചോദ്യത്തിന് ഇത്തിരി കടുപ്പം കൂടുതലായിരുന്നു.
“മാഡം,
സീറ്റിലിരിക്കേണ്ട, മാഡത്തിന്റെ ക്യാബിന് പുറത്തുനിൽക്കുവാനാണ് പറഞ്ഞേക്കുന്നത്”
ഇത്രയും പറഞ്ഞു എനിക്ക് നേരേ ഒരു പരിഹാസച്ചിരിയും കൈമാറി മമ്മദിക്ക ഹാജർ ബുക്കുമായി മറ്റൊരു ക്യാബിനിലേക്ക് നടന്നുനീങ്ങി”.

” ഇതെന്ത്‌ മൈ… ഏർപ്പാടാണ് സുരേഷേട്ടാ”
ഓഫിസിൽ സീനിയറായ സുരേഷേട്ടന് മുന്നിൽ എന്റെ മുഴുവൻ വികാരങ്ങളും വാരിവിതറി,
“നിന്നോട് പലതവണ പറഞ്ഞതാണ്, ഒന്നുകിൽ മര്യാദക്ക് ജോലിക്ക് വരിക, അല്ലേൽ കളഞ്ഞിട്ട് പോകുക, ഇങ്ങനെ തോന്നുമ്പോൾ വരികയും പോകുകയും ചെയ്യുന്നത്, എല്ലാവരും അംഗീകരിക്കണമെന്നില്ല, രണ്ടു ദിവസം ശമ്പളമില്ലാതെ നിർത്താനാണ് അവരുടെ തീരുമാനം, എന്തായാലും അവർ വരുമ്പോൾ പോയി കാണു “.

ഇത്രയും പറഞ്ഞു സുരേഷേട്ടനും തന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു,
പിന്നെയും കുറച്ച്സമയംക്കഴിഞ്ഞാണ് മാഡം വന്നത്, ക്യാബിന് മുന്നിൽ കാത്തുനില്ക്കുന്ന എന്നെ ശ്രദ്ധിക്കാതെ അവർ അകത്തേക്ക് കടന്നുപോയി.
“ധനീഷ് അകത്തേക്ക് ചെല്ലണ്ട,വാതുക്കല് നിന്നോളാൻ പറഞ്ഞു”.
“അവധി ആരുടേയും ഔദാര്യമല്ല, അവകാശമാണ്, അതിന് ഇവളിത്രയും മൂപ്പ് കാണിക്കേണ്ട കാര്യമില്ല”
മാനേജർക്ക് പിന്നാലെ അവരുടെ ബാഗും തൂക്കി അകത്തേക്ക് പോയ മമ്മദിക്ക തിരികെ വന്നറിയിച്ചതോടെ
മാനേജരോടുള്ള അമർഷം ഞാൻ ആരോടെന്നില്ലാതെ പുലമ്പി തീർത്തു.

മാനേജരുടെ മുറിക്ക് മുന്നിൽ പ്രതിമ കണക്കെയുള്ള എന്റെ നിൽപ്പ് വൈകുന്നേരം ഓഫീസ് സമയം അവസാനിക്കുന്നത് വരെ തുടരേണ്ടി വന്നു,
ഇതിനിടയിൽ പലതവണ മാഡം പുറത്തേക്കിറങ്ങിയെങ്കിലും എന്നെ ഗൗനിച്ചതേയില്ല, മാനേജർ ക്യാബിനിലേക്ക് കടന്നുവരുന്ന സകലരുടെയും പരിഹാസം കലർന്ന തുറിച്ചു നോട്ടങ്ങൾക്ക് വിധേയമായി നിന്നപ്പോൾ എന്നിലെ ആത്മാഭിമാനത്തിന്റെ സൂചി കുത്തനെ താഴുകയായിരുന്നു.

“മൈ…., അകത്ത് കയറി അവരെ രണ്ട് തെറി പറഞ്ഞിട്ട്, എല്ലാം ഇട്ടെറിഞ്ഞു പോകുവാ ഞാൻ, ഒരു മര്യാദ വേണ്ടേ”
ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ തികട്ടി വന്ന പരിഭവം മുഴുവൻ ഞാൻ ഊണ്മേശക്ക് മുന്നിൽ നിരത്തി.
“മര്യാദയില്ലാത്തത് നിനക്കാണ്, അവർക്ക് വേണേൽ നിനക്ക് എതിരെ റിപ്പോർട്ട് നല്കി നിന്റെ ജോലി തന്നെ കളയാൻ കഴിയും, പക്ഷേ അവർ അങ്ങനെ ഒന്നും ചെയ്തില്ലല്ലോയെന്ന് സമാധാനിക്കുക, ചിലപ്പോൾ നാളെക്കൂടി ഇങ്ങനെ നിർത്തും അത്രേ ഉള്ളു, നീ ആവശ്യമില്ലാത്തതൊന്നും കാട്ടാതെ അടങ്ങി നിൽക്കുവാൻ നോക്ക്”.
വീണ്ടും സുരേഷേട്ടന്റെ ഇടപെടൽ.

“ഇതെന്താ സ്‌കൂളോ വാതിൽക്കൽ നിർത്താൻ”
വൈകുന്നേരം മാനേജരെ കൂട്ടികൊണ്ടുപോകുവാൻ വന്ന കെട്ടിയോന്റെ പരിഹാസം കലർന്ന ചോദ്യത്തിന് മാനേജരുടെ എന്നെ നോക്കിയുള്ള മറുപടി ഇപ്രകാരമായിരുന്നു,
“യുപി സ്കൂളിലെ പിള്ളേരെക്കാൾ കഷ്ട്ടമാണ് ചിലർ, ഇത് നാളെയും തുടരും”.
“അനാവശ്യമായി ലീവെടുത്തെന്ന കാരണത്താൽ, ഒരു പകൽ മുഴുവൻ പട്ടിയെ പോലെ അവരുടെ മുറിക്ക് മുന്നിൽ കാവൽ നിർത്തേണ്ട ആവശ്യമൊന്നുമില്ലായിരുന്നു” ഓഫീസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ചില സഹപ്രവർത്തകരുടെ വാക്കുകൾ ആശ്വാസത്തിന് പകരം എന്നിലെ മുറിവിന്റെ ആഴം കൂട്ടുകയായിരുന്നു.

കതകിൽ വീണ്ടും തട്ട്, ചായയുമായി അമ്മയാണ്,
“എന്താടാ ഇങ്ങനെ ജോലിക്ക് പോകാതെ ലീവെടുക്കുന്നത്?”,
ലീവെടുത്തു കിടക്കുന്ന ദിവസങ്ങളിലെ അമ്മയുടെ പതിവ് ചോദ്യം മുറതെറ്റാതെ ഇന്നും വന്നു,
“ലീവ് ക്യാൻസൽ ചെയ്തു, ഇന്ന് ഡ്യുട്ടിക്ക് പോകുവാ”
അമ്മക്ക് മറുപടി നല്കി, ഞാൻ പ്രഭാതകൃത്യങ്ങൾക്കായി മുറിയിൽ നിന്ന് പുറത്തേക്ക്.
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് തന്നെയാണ് അമ്മയും ചിന്തിച്ചത്,
“എന്താണ് ലീവ് ക്യാൻസൽ ചെയ്യുവാൻ കാരണം”
ആദ്യമായാണ് ലീവ് പറഞ്ഞു കിടന്നിട്ട് മനസ്സുമാറി പോകാൻ ഒരുങ്ങുന്നത്.
അത് പറയണമെങ്കിൽ ഇന്നലെ വൈകുന്നേരത്തേക്ക് വീണ്ടും മടങ്ങണം.

അധികം സമയമെടുക്കാതെ തന്നെ ബിവറേജിലേക്ക് പോയ സഹയാത്രികൻ മടങ്ങിയെത്തി, എനിക്കുള്ള പൈന്റും, ബാക്കി പൈസയും ഏൽപ്പിക്കുന്നതിനിടയിൽ അയാളുടെ വക സൗഹൃദം കലർന്ന അഭിപ്രായം – “കണ്ടാൽ കള്ളുകുടിക്കുന്ന ആളാണെന്നു പറയില്ല കേട്ടോ”
“അങ്ങനെ പതിവില്ല, വല്ലപ്പോഴും മാത്രം, ഇന്നിപ്പോൾ നിങ്ങൾ പോയതുകൊണ്ട് വാങ്ങിപ്പിച്ചതാണ്” എന്റെ മറുപടി.
“എനിക്ക് ഒറ്റക്ക് അടിക്കുന്നത് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്, നമുക്ക് ആ തട്ടുകടയുടെ പുറകിൽ നിന്ന് രണ്ടെണ്ണം പിടിപ്പിക്കാം” ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് മുമ്പ് തന്നെ എതിർദിശയിലുള്ള തട്ടുകട ചൂണ്ടി അയാൾ പറഞ്ഞത് എനിക്കും സ്വീകാര്യമായിരുന്നു.

ദാഹശമനത്തിനായി തട്ടുകടയുടെ പിന്നിലെ ഇരുട്ടിന്റെ മറവിലേക്ക് ഞങ്ങൾ എത്തിയപ്പോഴാണ് ബിവറേജിന്റെ ഭാഗത്ത്‌ ക്യു തെറ്റിച്ചതുമായി ബന്ധപ്പെട്ട് രണ്ട് സംഘങ്ങൾ തമ്മിൽ ഒച്ചപ്പാട് ഉണ്ടാകുന്നത്, ബഹളമുണ്ടാക്കുന്നവരെ നിയന്ത്രിക്കുവാനെന്നോണം ഒരു പോലീസ് ജീപ്പും അവിടേക്ക് കടന്നുവന്നു.
“അതൊന്നും കാര്യമാക്കേണ്ട,പോലീസ് ഇങ്ങോട്ട് വരില്ല, പോലീസും തട്ടുകടക്കാരുമായുള്ള ഒരു അഡ്ജസ്റ്റ്മെന്റിന്റെ പുറത്താണ് ഇവിടെ ഈ നിപ്പനടി നടക്കുന്നത് “
എന്റെ മുഖത്തെ പരിഭ്രമം മനസിലാക്കി സഹയാത്രികൻ വിശദീകരിച്ചു.

“ചോദിക്കാൻ മറന്നു പേരെന്താണ്?”
പൈന്റ് കുപ്പിയുടെ കഴുത്ത് ഞെരിക്കുന്നതിനിടയിലും എന്റെ ചോദ്യത്തിന് അയാൾ വിശദമായി തന്നെ മറുപടി നല്കി.
പേര് ആൽബിനെന്നും , ഒന്നരകിലോമീറ്റർ അകലെയാണ് വീടെന്നും,ഇവിടെ ഒരു കൊട്ടേഷനുമായി ബന്ധപ്പെട്ട് വന്നതാണെന്നും അയാൾ പറഞ്ഞു.
“അപ്പോൾ നിങ്ങൾ ഗുണ്ടയാണോ”
കട്ടികൂടിയ ആദ്യത്തെ പെഗ്ഗ് അണ്ണാക്കിലൂടെ എരിഞ്ഞിറങ്ങുന്നതിനിടയിൽ മറ്റൊരു പുകച്ചിലായി എന്റെ ചോദ്യമുയർന്നു.
” ആയിരുന്നു ഇപ്പോൾ അല്ല, നോട്ട് ഈസ്‌ ഒൺലി വാസ് “
ചിരിച്ചുകൊണ്ട് ഇത്തിരി കപ്പലണ്ടി വായിലേക്കിട്ട് ആൽബിൻ തുടർന്നു.

“ഇത് എന്റെ ഒരു വേണ്ടപ്പെട്ട പയ്യന് വേണ്ടി വന്നതാണ്, അപ്പുറത്തെ ജംക്ഷനിൽ പച്ചക്കറിക്കട നടത്തുന്ന ഒരു കഴുവേർടാമോൻ ആ പയ്യന്റടുത്ത് നിന്ന് കുറച്ച് കാശ് കടം വാങ്ങി, ഇപ്പോൾ ചോദിച്ചിട്ട് തിരികെ കൊടുക്കുന്നില്ല, അവനെ ഒന്ന് കണ്ടുപദേശിക്കാൻ വന്നതാണ്, സംഗതി സക്സസ്, നാളെ നാലുമണിക്ക് മുമ്പ് അവൻ കാശെത്തിക്കും”.

ആൽബിൻ രണ്ടാമത്തെ പെഗ്ഗ് ഗ്ലാസ്സിലേക്ക് പകരുമ്പോഴാണ് , ബിവറേജിന് സമീപം ബൈക്ക് നിർത്തി ധൃതിയിൽ ക്യൂവിലേക്ക് നടന്നുനീങ്ങുന്ന ചുവന്ന ബനിയനിട്ടയാൾ എന്റെ കാഴ്ച്ചയിലുടക്കിയത്.
“എനിക്ക് വേണ്ടി ഒരാളെ തല്ലാമൊ, ചുമ്മാതെ വേണ്ട, കാശ് തരാം” പെട്ടന്നായിരുന്നു എന്റെ ചോദ്യം,
“ഞാൻ ആ പരിപാടിയൊക്കെ നിർത്തിയിട്ട് കാലം കുറെയായി ” രണ്ടാമത്തെ പെഗ്ഗിനൊപ്പം ആൽബിന്റെ മറുപടിയും വന്നു.
“ഇത് വലിയ റിസ്ക്ക് കേസൊന്നുമല്ല, ആളിവിടെ പരിസരത്ത് തന്നെയുണ്ട്, ആ ഇരുട്ടിലേക്ക് മാറ്റിനിർത്തി രണ്ടു പൊട്ടിക്കണം, പിന്നെ പുറമെ കാണുന്ന രീതിയിൽ നെറ്റിയിലോ മറ്റോ ഒരു മുറിവും വേണം, അത്രേയുള്ളൂ”

ഞാൻ ആൽബിനുമുന്നിൽ പദ്ധതിയുടെ സ്കെച്ചും പ്ലാനും നിവർത്തി,
“ചുമ്മാ കേറി പണിയുന്ന ആളല്ല ഞാൻ, കാര്യകാരണങ്ങൾ വിശദമായി അറിയണം”
കുപ്പിയിലെ അവസാനത്തെ തുള്ളിയും അകത്താക്കി ഒരു സിഗരറ്റിന് തീ കൊളുത്തികൊണ്ട് അൽബിൻ തന്റെ നിലപാട് മുന്നോട്ടു വെച്ചു.
ഞാൻ ആൽബിനോട് ചേർന്നുനിന്ന് കാര്യങ്ങൾ വിശദമാക്കിയതോടെ അർദ്ധമനസ്സോടെ പുള്ളി എന്റെ ആവശ്യം അംഗീകരിച്ചു.

“അതാണ് കക്ഷി”
ക്യുവിൽ നില്ക്കുന്ന ചുവന്ന ബനിയനിട്ട ആളിന് നേരേ എന്റെ ചൂണ്ടുവിരലുയർന്നു.
“നീ മൊബൈൽ നമ്പർ തന്നിട്ട് പൊക്കോ, ഇതിന്നുതന്നെ ക്ലിയറാക്കാം”
ആൽബിന്റെ നിർദ്ധേശം കേട്ടത്തോടെ ഞാൻ കാശ് നല്കുവാനൊരുങ്ങിയപ്പോൾ വിലക്കി,
“പണി കഴിഞ്ഞിട്ട് മതി കൂലി, നാളെ വൈകിട്ട് അപ്പുറത്തെ മുക്കിന് ഞാൻ കാണും അവിടെ വന്നാൽ മതി”..
ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് നീങ്ങുമ്പോഴും ആൽബിൻ തട്ടുകടയുടെ പിന്നിൽ തന്നെയായിരുന്നു, ചുവപ്പ് ബനിയനിട്ടയാൾ കൗണ്ടറിനോട് ഏകദേശമടുത്തു തുടങ്ങിയിരുന്നു.

ലീവ് ക്യാൻസൽ ചെയ്ത ഞാൻ കൃത്യസമയത്ത് തന്നെ ഓഫീസിലെത്തി ഇന്നലത്തെപ്പോലെ മാനേജരുടെ ക്യാബിന് മുന്നിൽ നിന്നു,
“ഡാ മാഡം വന്നു കുറച്ചു കഴിയുമ്പോൾ ഞാൻ കേറി നിന്റെ കാര്യം സംസാരിക്കാം”
സുരേഷേട്ടൻ എന്റെയരികിലെത്തി പറഞ്ഞത് ഞാൻ അനിഷ്ട്ടത്തോടെ വിലക്കി,
“ആരും എനിക്കുവേണ്ടി വക്കാലത്തു പിടിക്കേണ്ട, ശിക്ഷാകാലാവധി ഇന്ന് കൂടെയല്ലേയുള്ളൂ, കുഴപ്പമില്ല”
ഞങ്ങളുടെ സംസാരത്തിനിടയിലാണ് മാഡത്തിന്റെ വണ്ടി വന്നത്.
കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന മാനേജരുടെ ഭർത്താവിന്റെ നെറ്റിയിലെ മുറിവ്കണ്ട് സുരേഷേട്ടന്റെ ചോദ്യമുയർന്നു.
“സാറിന്റെ നെറ്റിയിലെന്ത് പറ്റിയതാണ് മാഡം”
“ഇന്നലെ രാത്രി ബൈക്കിൽ നിന്ന് വീണു , പട്ടി കുറുക്ക് ചാടിയതാണ് “

സുരേഷേട്ടന് മറുപടിനല്കി മാഡം ക്യാബിനുള്ളിലേക്ക് കടന്നു, സുരേഷേട്ടൻ തന്റെ ക്യാബിനിലേക്കും മടങ്ങി.
“അങ്ങേര് കള്ള്കുടിച്ച് ലക്കില്ലാതെയാണ് കേറി വന്നത്, ആരോ തല്ലിയെന്നൊക്കെ പറയുന്നു,ആളെ ഓർമ്മയില്ലെന്ന്, ഇവിടെ ഓഫീസിൽ തിരക്കിയവരോട് പട്ടി കുറുക്ക്ചാടി ബൈക്കിൽ നിന്ന് വീണാണെന്ന് ഞാൻ പറഞ്ഞിരിക്കുന്നത് “
ക്യാബിനിൽനിന്നുയരുന്ന മാഡത്തിന്റെ ഫോൺ സംഭാഷണത്തിലേക്ക് ഞാൻ ചെവികൂർപ്പിക്കവേയാണ്, എന്റെ ഫോണിലേക്ക് ആൽബിന്റെ സന്ദേശമെത്തിയത്.
“എല്ലാം ഓക്കെയല്ലേ,അപ്പോൾ മറക്കേണ്ട വൈകിട്ട് കാണണം”.

കെ. ആർ. രാജേഷ്

By ivayana