” നിരൂപണം പക്ഷപാത പരമാവണം” എന്ന പൂർവ്വ സൂരിയുടെ വാക്കുകൾ എനിക്ക് ആപ്തവാക്യമാണ്.പക്ഷപാതപരമെന്നു പറയുമ്പോൾ ഒന്നുകിൽ ഖണ്ഡന പക്ഷമോ അല്ലെങ്കിൽ മണ്ഡന പക്ഷമോ അതായത് ഒന്നുകിൽ സൃഷ്ടിയോടു യോജിച്ച് അതല്ലെങ്കിൽ വിയോജിച്ച് .ഇതിൽ മണ്ഡന രീതിയാണ് ഞാൻ അനുവർത്തിക്കുന്നത്. അതിൽത്തന്നെ ഞാൻ വിമർശനങ്ങൾ ഉയർത്തിയിട്ടുമുണ്ട്. എന്റെ ഈ രീതി വായനയ്ക്ക് ബുദ്ധിമുട്ടാകുന്നുവെങ്കിൽ അതെനിക്ക് വിഷയമല്ല.

ഒരു മനുഷ്യൻ അവന്റെ അസ്തിത്വം സ്വയം തിരിച്ചറിയുന്നതെങ്ങനെയെന്നതിന്റെ ആധികാരിക രേഖകകളിലൊന്നാണ് പ്രൊഫസർ.ജോസഫ് മുണ്ടശ്ശേരിയുടെ ആത്മ കഥയായ ‘കൊഴിഞ്ഞ ഇലകൾ ‘. പണമില്ലാത്തവൻ പഠിക്കാൻ പോകുന്നതിനെ പരിഹസിച്ച ധനാഢ്യന്റെ വാക്കുകൾ നൽകിയ വേദനയിൽ ഉരുത്തിരിഞ്ഞ വാശിയിൽ ഉരുവം കൊണ്ട ആർജ്ജവമായിരുന്നു ജോസഫ് മുണ്ടശ്ശേരിയെന്ന അക്ഷര സുകൃതം .’കൊഴിഞ്ഞ ഇലകളു’ടെ ഒന്നാമധ്യായത്തിൽ അദ്ദേഹമെഴുതിയിട്ടുണ്ട്; ” പണമില്ലാത്തവന് ഉയർന്ന ക്ലാസ്സിൽ ചേർന്നു പഠിക്കാൻ വയ്യെന്നോ ബുദ്ധിയുണ്ടായാൽപ്പോലും ?.

അന്നു ഞാൻ പ്രതിജ്ഞ ചെയ്തു.ഉയർന്നു പഠിച്ചേ ഇരിക്കു എന്ന് .മാത്രമല്ല, ബുദ്ധിയുണ്ടായാൽ ആർക്കും എവിടെക്കയറി യും പഠിച്ചു പാസാവാൻ ഒക്കണം എന്നുള്ള ഒരു പുതിയ നീതിക്ക് വേണ്ടി ഭാവിയിൽ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നൊരു വാശി താനേ ഉളവാകുകയും ചെയ്തു.” അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽപ്പറഞ്ഞാൽ അതൊരു ‘ മാറ്റൊലി ‘യായിരുന്നു. ആ മാറ്റൊലിയുടെ മികച്ച ഫലശ്രുതികളിലൊന്നായിരുന്നു ഒന്നാം ഇ.എം.എസ്.മന്ത്രി സഭയിൽ അവതരിപ്പിക്കപ്പെട്ടതും ആധുനിക കേരള ചരിത്രത്തിന്റെ ഏടുകളിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപ്പെട്ടതുമായ വിദ്യഭ്യാസ ബില്ല്.
വായിച്ചു പോയാൽ പുസ്തകം കത്തിച്ചു കളയുന്ന ,ഗൃഹാന്തരീക്ഷവും ആശയം തുറന്നു പറഞ്ഞാൽ കലിതുള്ളി തലക്കെട്ട് മുറുക്കുന്ന പുരോഹിതവർഗ്ഗത്തെയും ഗുരുക്കന്മാരിൽ പോലുമുള്ള വർണ വിവേചനങ്ങളും തിരിച്ചറിഞ്ഞ ബാല്യ യൗവ്വനങ്ങളിലെക്കാര്യം; ”

അന്നത്തെ പൊതു ജീവിതത്തിൽ ജാതിയും സമുദായവും വല്ലാത്തൊരു ശിഥിലീകരണ ശക്തിയായിരുന്നു ” എന്ന ഒറ്റ വരിയിൽ എഴുതി സമർത്ഥിക്കുന്നുണ്ട്. മുണ്ടശ്ശേരി. 1907 ൽ മൂർക്കോത്ത് കുമാരൻ പത്രാധിപരായ ‘മിതവാദി’ മാസികയിലാണ് കുമാരനാശാന്റെ ‘വീണ പൂവ്’ ആദ്യമായി അച്ചടിക്കപ്പെട്ടത്.അന്നത് വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. പിന്നീടത് സി.എസ്.സുബ്രഹ്മണ്യൻ പോറ്റി കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള പത്രാധിപരായ ‘ഭാഷാ പോഷിണി’യിൽ പ്രസിദ്ധീകരിച്ചപ്പോഴാണ് ശ്രദ്ധിക്കപ്പെട്ടതെന്നത് പരക്കെ അറിയപ്പെട്ട കാര്യമാണ് ‘ കൊഴിഞ്ഞ ഇലകളിൽ ‘ മുണ്ടശ്ശേരി അത് പരാമർശിക്കുന്നത്.

” വീണ പൂവ് എന്ന കവിത ഒന്നാമതു പ്രസിദ്ധീകരിച്ചതു കോഴിക്കോട്ടു നിന്നിറങ്ങിയിരുന്ന മിതവാദിയിലായിരുന്നു. ഈഴവന്റെ പത്രത്തിലെന്നർത്ഥം. പിന്നീടു ശ്രീമാൻ സുബ്രഹ്മണ്യൻ പോറ്റി ആക്കവിതയെ ഭാഷാ പോഷിണിയിലൂടെ വീണ്ടും പ്രസിദ്ധീകരിച്ചപ്പോഴേ ആശാന് സാഹിത്യത്തിന്റെ ഔദ്യോഗിക മണ്ഡലത്തിൽ അഡ്രസുണ്ടായുള്ളൂ” എന്നെഴുതുമ്പോൾ തന്നെയൂഹിക്കാം അക്കാലത്ത് സാഹിത്യത്തിൽപ്പോലും നില നിന്നിരുന്ന ജാത്യാദി വിവേചനങ്ങളുടെ കാഠിന്യം എത്രത്തോളം ആഴത്തിലുള്ളതായിരുന്നുവെന്ന്.

മഹാകവി വള്ളത്തോളിന്റെ ‘മഗ്ദലന മറിയം’ ‘ വീണ പൂവി ‘നോളം മുറിവേറ്റതല്ലെങ്കിലും അന്നത്തെ ഹൈന്ദവ ക്രൈസ്തവ മനസ്സുകളിൽ അതുണ്ടാക്കിയ മുറു മുറുപ്പ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് മുണ്ടശ്ശേരി .
“അഴകേറും ഭിക്ഷുവും അപ്പേരാലും വഴിയും കിണറും പരിസരവും ” എന്ന് ആശാൻ പറഞ്ഞതുപോലെ തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ് കോളേജും പരിസരവും മുണ്ടശ്ശേരിയുടെ ജീവിതത്തെ വ്യാഖ്യാനിച്ചതെങ്ങനെയെന്ന് ഒരു സാഹിത്യ സിദ്ധാന്തത്തിനും നിർവചിക്കാൻ കഴിയില്ല. അത് വായനയിൽ അനുഭവിക്കുക തന്നെ വേണം. ഭാരത വിലാസം പ്രസ്സും കോളേജുദ്യോഗവും ചേർത്തു പിടിച്ചു നടത്തിയ ഒരു സാഹിത്യ ജീവിതം ഒരലങ്കാരം തന്നെയാണ് ഈ പുസ്തകത്തിന് . ‘എം.പി.പോൾസ് ട്യൂട്ടോറിയൽസ് ‘ എന്ന സ്ഥാപനം അക്കാലത്തെ കൊടുങ്കാറ്റായിരുന്നു എന്നാണ് മുണ്ടശ്ശേരി പക്ഷം.

പ്രണയ മോഹം കലശലായുണ്ടായ മുണ്ടശ്ശേരി മാഷിന് സാമ്പിളിനു പോലുമൊരു പെണ്ണിനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന തുറന്നു പറച്ചിലും താൻ തനിക്കു വന്ന കല്യാണാലോചന നിരസിച്ചതിനെത്തുടർന്ന് ആ പെൺകുട്ടി കന്യാമഠം കയറുന്ന കാഴ്ച ഇന്നും വേദനയാണെന്നുപറയുന്നത് ഒരു മികച്ച ആഖ്യായിക പോലെ വായിക്കാം.
അത്മകഥയിൽ വ്യക്തി പരിസരം വിശദമാക്കുന്ന സാധാരണ രീതികളെ കാറ്റിൽപ്പറത്തി സാമൂഹിക വിഷയങ്ങളും അതിലെ ഇടപെടലുകളും ഇതര സാഹിത്യ കൃതികളും സാഹിത്യകാരന്മാരും അവരുടെ അന്തർഗതങ്ങളും സ്വന്തം ജീവിതവും ജീവിത വീക്ഷണങ്ങളും നിരൂപണ വിമർശനങ്ങളും ചടുല ഭാഷയും രചനാ പരമായ സൗന്ദര്യവും തനിമയും കയ്യടക്കവും സ്നേഹ വ്യാപനത്തിന്റെയിന്ധനങ്ങളുമടക്കം ചേർത്തു വച്ച ഒരക്ഷരച്ചെപ്പിന് ‘ കൊഴിഞ്ഞ ഇലകൾ ‘ എന്ന് നാമകരണം ചെയ്തപ്പോൾ അത് ചരിത്രമാവുകയായിരുന്നു.മലയാള സാഹിത്യ രചനയുടെ യശ്ശസ്തംഭമാകുന്ന ചരിത്രം !!!

കാവ്യ നിരൂപണത്തിന്റെ വരും വരായ്കകളും പോരായ്മകളും തുറന്നു കാണിക്കുന്ന രീതി .പോരായ്മകൾക്ക് പരിഹാരം കാണേണ്ട രീതി .അത് സംവദിക്കപ്പെടേണ്ട രീതി തുടങ്ങിയവയൊക്കെ ഇതിൽ ഒളിഞ്ഞും തെളിഞ്ഞും കടന്നു പോകുന്നുണ്ട്. ചേലനാട്ട് അച്യുത മേനോൻ ,കേസരി ബാലകൃഷ്ണ പിള്ള, സർദാർ കെ.എം. പണിക്കർ, ഉള്ളൂർ, കൃഷ്ണൻ നായർ തുടങ്ങി നിരവധി സാഹിത്യ വിശാരദന്മാർ ‘കൊഴിഞ്ഞ ഇലകൾ’ എന്ന വർണ്ണക്കൂടാരത്തിൽ പരാമർശിക്കപ്പെടുന്ന വൈയ്യക്തിക സൗന്ദര്യങ്ങളാണ്.മലയാള ആത്മകഥാ സാഹിത്യത്തിനും വിശിഷ്യാ മലയാള സാഹിത്യത്തിനു മൊത്തത്തിലും ശിരോലിഖിതമാകുന്ന ‘കൊഴിഞ്ഞ ഇലകൾ ‘ പുതിയ തലമുറ വായിച്ചിരിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.

By ivayana