ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

പൂഞ്ചോലച്ചേലുള്ള
പൂമുത്തോളേ..
പൊന്നിളംപൂവിൻ്റെ
ചേലൊത്തോളേ..
പൊന്നാര്യൻപാടത്തെ
കതിരൊത്തോളേ..
പൊന്നേലസിട്ടൊരു
പൊന്നമ്പിളിയാളേ.
താരാട്ടുപാട്ടൊന്നു
താളത്തിൽമൂളട്ടെ
താളംപിടിച്ചോളൂ
തളിരിളം പൊന്നോളേ..
താഴത്തുംതോളത്തും
ചാഞ്ചാടിയാടുമ്പോൾ
താനേ,നീ തുള്ളെടീ
താമരപ്പൊൻമണീ.
തങ്കക്കുടത്തിൻ്റെ
ചെഞ്ചുണ്ടിൽപൂക്കുന്ന
താമരമൊട്ടിനെ
ചുംബിച്ചുണർത്തിഞാൻ
താലോലമാട്ടി
താരാട്ടുമൂളുമ്പോൾ
തങ്കവുംമൂളുന്നു
താരാട്ടിൻചേലോടെ.
തിങ്കൾക്കലമാനെ
കാട്ടിക്കൊതിപ്പിച്ചിട്ട്
ഇങ്കുകൊടുക്കുന്നു
ചേലോലും ചെഞ്ചുണ്ടിൽ.
തിത്തയ് തകതെയ്
താളംപിടിക്കുമ്പോൾ
കുടുകുടെപ്പെണ്ണവൾ
ചിരിമാല തീർക്കുന്നു.
ഈണത്തിൽപാട്ടിൻ്റെ
ഈരടിമൂളുമ്പോൾ
ഇമയിണപൂട്ടിയും
ഇമചിമ്മിനോക്കിയും
ഇങ്കിനായ് കേഴുന്നുണ്ടീരടികൾ
ഇമപൂട്ടി
ഉറങ്ങടിപെണ്ണാളേ….
ഇതൾവീശിയുറക്കാമെൻ
പൊന്നോളേ…

കനകംതുളസി.

By ivayana