ഇന്ന് മടക്കയാത്രയാണ്. അതിനുമുമ്പ് ഒരിക്കൽക്കൂടി അവളെക്കാണണം.
ഞാനെത്തുമ്പോൾ ഞങ്ങൾ സ്ഥിരമായിരിക്കാറുള്ള സിമന്റ് ബെഞ്ചിൽ അവളെന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു.
എങ്ങനെ തുടങ്ങണമെന്ന എന്റെ സങ്കോചം അറിഞ്ഞിട്ടാവണം അവൾതന്നെ തുടക്കമിട്ടു.
ആഹാ ഗോവിന്ദ്…നീ വരുമോ എന്നുഞാൻ സംശയിച്ചു….,
യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായോ…?
എനിക്ക് വല്ലാത്തൊരദ്‌ഭുതം തോന്നി. സ്ത്രീകളെല്ലാം ഇങ്ങനെയാണോ, സാഹചര്യങ്ങളോട് വേഗം സന്ധിചെയാനുള്ള ഈ കഴിവ് അപാരംതന്നെ…!
ഉവ്വ്. ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് മടങ്ങും.
നല്ലത്…, അവൾ ദീർഘമായി നിശ്വസിച്ചു, ഇനിയൊരു പിന്മടക്കമരുത്. . ഏതോ ഒരു സ്വപ്നംപോലെ അയഥാർത്ഥമായതെന്തോ എന്ന് കരുതി നീയെന്നെ മറക്കണം.
മറക്കാനോ…, നീയും നിന്റെ നാടും എനിക്കേകിയ സ്നേഹവും സുരക്ഷയും മറന്നല്ല, നിന്റെ മനസ്സിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട നോവിൽ നിന്നാണീ പലായനം ആരംഭിക്കുന്നത്.
കുടിയൊഴിപ്പിക്കപ്പെട്ടോ, കൊള്ളാം. അല്ലെങ്കിലും നീ കഥകൾ മനയുന്നതിൽ ചതുരനാണെന്ന് ഞാൻ മറന്നുപോകുന്നു. ഈ ഇടത്താവളത്തിൽനിന്നുള്ള മടക്കയാത്രയിൽ നിനക്ക് ഭാവുകങ്ങൾ നേരണാണ് ഞാൻ വന്നത്. എന്റെ വിരഹവും കണ്ണുനീരും ഇനിയൊരു വിരഹകാവ്യമാകാതിരിക്കട്ടെ…!
അത്യധികം നിർമ്മമമായി അവൾ ചിരിച്ചു.
ഗോവിന്ദ്, നീയെത്ര പാവമാണ്. കടവും കടമയും മറന്നത് ഞാൻതന്നെ. പക്‌ഷേ നീ യാത്രപറയുന്ന ഈ വേളയിലും എനിക്കതിൽ നിരാശയോ കുറ്റബോധമോ ഇല്ല. ഇടക്കാലത്തെ ഒരു വിനോദമായി നിന്റെ സ്മൃതികളിൽ സുഖമുള്ളൊരു നിനവായി ഞാനൊത്തിരിക്കാലം നിന്റെ മനസ്സിൽ നിറഞ്ഞുനില്ക്കുമോ….? അറിയില്ല…! എങ്കിലും പാരായണക്ഷമതയുള്ളൊരു കാവ്യമായിരുന്നു ഞാൻ എന്നതിൽ എനിക്ക് അനല്പമായ ആഹ്ലാദമുണ്ട്.
നിന്റെ സാദ്ധ്യതകളിൽ വീഴുന്ന കരിനിഴലാകുമോ ഞാനെന്ന ആശങ്കവേണ്ട. ഞാൻ നിന്നെ പ്രണയിക്കുകയായിരുന്നു. തനുവിലും മനസ്സിന്റെ ഓരോ കണികയിലും നിന്നെമാത്രം നിറച്ചു ചുമന്നുനടന്നു കിതച്ചപ്പോഴും നീയെന്ന നിർവൃതിയെ ഞാനൊരുനിമിഷത്തേയ്ക്കുപോലും ഉപേക്ഷിച്ചില്ല…!
ഗോവിന്ദ് കുറ്റബോധത്തോടെ തലതാഴ്ത്തി, പിന്നെ ദൃഷ്ടികൾ ദൂരെക്കെറിഞ്ഞു പിറുപിറുത്തു. ശരിയാണ്, ഞാനാണ് അപരാധി. എല്ലായിപ്പോഴും രക്ഷപ്പെടാനുള്ള പഴുതുകൾതേടുന്ന അധമൻ.
ഇത് യാത്രപറച്ചിലിന്റെ ഔപചാരികത മുറ്റിനിൽക്കുന്ന ഒട്ടും സുഖകരമല്ലാത്ത നിമിഷം. എന്റെ ഓർമ്മയിൽ നിശ്ചലമായ ഈ നിമിഷത്തിന്റെ നോവാണിനി എന്റെ പാഥേയം. തേടി ഞാൻ വരില്ല ഗോവിന്ദ്, തേടിവരാൻ നിന്നെ പ്രലോഭിപ്പിക്കുകയുമില്ല. ഇതൊരു നിയോഗം, ഞാനും നീയും ആചരിക്കേണ്ടിയിരുന്ന നിർബന്ധം.. !
നിന്റെ ഭർത്താവെന്തു പറയുന്നു…, സുഖമല്ലേ അദ്ദേഹത്തിന്…? ഞാനവളുടെ കണ്ണുകളിലേക്കു നോക്കാതെ ദൃഷ്ടി ശൂന്യതയിലേക്കുപായിച്ചു. ശരിക്കും ഞാനുദ്ദേശിക്കാതെ വന്നുപോയ ഒരു കുശലാന്വേഷണമായിരുന്നു അത്. ഞാൻ എന്നും ഉൾഭയത്തോടെ ഉരുവിട്ടിരുന്ന ചോദ്യം…!
അല്പനേരം എവിടെയോ നഷ്ടപ്പെട്ട് അവൾ നിന്നു, പിന്നെ ദീർഘമായി നിശ്വസിച്ചു. കണ്ണുകളിൽ കണ്ണീർ വൈരംപോലെ തിളങ്ങി. മന്ത്രിക്കുമ്പോലെ അവൾ മൊഴിഞ്ഞു. അതേ ഗോവിന്ദ്, അദ്ദേഹം സുഖമായിരിക്കുന്നു.
ആ കണ്ണുനീർ എന്നെ പൊള്ളിക്കുന്നുണ്ട്. അഭയവും അന്നവും നീട്ടിയവനോട് ഞാൻ അപരാധം ചെയ്തല്ലോ എന്നൊരു നോവന്നെ സദാ പിന്തുടരുന്നു. അമ്മാവന്റെ കൊലക്കത്തിയിൽനിന്ന് ഉയിരുംവാരിപ്പിടിച്ച് ഓടിയോടി ഒടുവിൽ ഗോപാലിന്റെ വീട്ടുവാതിൽക്കൽ കുഴഞ്ഞുവീഴുമ്പോൾ തനുവും മനവും ഒരുപോലെ തളർന്നിരുന്നു. ചകിതമായ മനസ്സിന് സുരക്ഷിതമായ ഒരൊളിത്താവളം എത്ര വലിയ ആശ്വാസമാണെന്ന് ഞാനറിഞ്ഞത് അവിടെനിന്നാണ്.
അധികംനാൾ ഒരാളുടെ ഔദാര്യംപറ്റി ജീവിക്കുന്നതിലെ അനൗചിത്യം എന്നിൽ വ്യഥയും അപകർഷവുമാകുന്നതറിഞ്ഞ അയാൾ തന്റെ ഡയറിഫാമിന്റെ ചുമതല എന്നെ എൽപിപ്പിച്ചു. കൃത്യമായി ലാഭത്തിൽനിന്നൊരു വിഹിതമാണ് അയാൾ എനിക്ക് പ്രതിഫലമായി തന്നുകൊണ്ടിരുന്നത്.
ഡയറിഫാമിന്റെ സാങ്കേതികവും വിപണനപറവുമായ എല്ലാവശങ്ങളും സ്വായത്തമായപ്പോൾ സ്വന്തമായൊരു ഫാം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ മാനസികമായും സാമ്പത്തികവും സഹായിച്ച ഗോപാലിന്റെ വലിയമനസ്സിനുമുന്നിൽ ഞാനൊരു കൃമിയോളം ചെറുതാകുന്നു. ചെറിയതോതിൽ തുടങ്ങിയ പാലില്നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വ്യാപാരം നന്നായി പുരോഗമിച്ചു. ഭാഗ്യം എനിക്കൊപ്പമായിരുന്നു. പോകപ്പോകെ അന്താരാഷ്ട്രമാർക്കറ്റിലും ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേറെ ഉണ്ടായി.
കാലംവല്ലാത്ത മായാജാലക്കാരനാണ്. ഏതോ ഒരു തിരിവിൽവച്ച് ഗോപാൽ വിധിയുടെ പ്രഹരമേറ്റ് വീണുപോയി. ഉയരങ്ങളിലേക്ക് കുതിക്കുന്ന ഞാൻ അതറിയരുതെന്നും, ഞാൻ വച്ചുനീട്ടാൻ സാധ്യതയുള്ള ഔദാര്യം പറ്റിക്കൂടെന്നും കരുതിയാകണം തന്റെ തകർച്ച മറച്ചുവച്ചയാൾ ചിരിച്ചത്.
ഗോപാലിന്റെ അസാന്നിധ്യത്തിൽ ഒരിക്കൽ രാധമാത്രമുള്ളപ്പോൾ അവൾ പകർന്നുതന്ന സ്നേഹം തന്നെ തെറ്റിദ്ധരിപ്പിച്ചു. അവളൊരുപാട് എതിർത്തെങ്കിലും ഒടുവിൽ കീഴ്പ്പെട്ടുപോയതിന്റെ പലിശക്കടം വീട്ടുമ്പോലെ അതാവർത്തിച്ചുകൊണ്ടിരിക്കുന്നു.
എന്റെ കാപട്യം തിരിച്ചറിയാതെ ഗോപാൽ അപ്പോഴും എന്നെ വിശ്വസിച്ചു, സ്നേഹിച്ചു. തന്റെ ബിസിനസ് തകർച്ചയിൽപ്പെട്ടു നട്ടം തിരിയുന്ന അയാൾക്ക് മറ്റൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
രാധയുടെ ഓരോ അണുവിലും അവളെന്നെക്കുടിയിരുത്തി. മനസ്സിൽ ഒരുവശത്ത് സ്നേഹധനനായ ഗോപാലും മറുവശത്ത് ഞാനുമായി നിരന്തരമായ വടംവലിയിൽ കുറ്റബോധം പതിരാവുകയും പ്രണയം സദാ കതിർചൂടിയിളങ്കാറ്റിലലസം ഓളമിട്ടുനില്ക്കയും ചെയ്യുന്ന സങ്കല്പവൃന്ദാവനത്തിലെ രാധയും ഗോവിന്ദനുമായി ഞങ്ങൾ!
എന്റെ മനസ്സ് സദാ ഒരു മടക്കയാത്രയ്ക്ക് തിടുക്കപ്പെട്ടുകൊണ്ടിരുന്നത് അവളിൽനിന്ന് ഞാൻ വിദഗ്ധമായി മറച്ചുപിടിച്ചു.
ഏറെ വൈകിയാണെങ്കിലും ഗോപാലിന്റെ തകർച്ചയുടെ വ്യാപ്തി ഞാനറിഞ്ഞു. എന്നിട്ടും സഹായമൊന്നും സ്വീകരിക്കാൻ കൂട്ടാക്കാതിരുന്ന അയാളോട് മുഷിഞ്ഞും അനുനയപ്പെടുത്തിയും, ബാദ്ധ്യതകൾതീർത്ത് വീണ്ടും ബിസിനസ്സ് പൂർവ്വസ്ഥിയിലേക്ക് മടക്കികൊണ്ടുവരുമ്പോൾ ഏതോ ഒരു പ്രായശ്ചിത്തം ചെയ്യുന്ന മനസ്സായിരുന്നു എനിക്ക്.
എന്റെ നാട്…., ഞാനോടിയൊളിച്ച ദൗത്യങ്ങളുടെ പിൻവിളി…., നാൾക്കുനാൾ ഞാൻ പിറന്നമണ്ണിലേക്ക് ഓടിയെത്താൻ, എന്നെത്തുരത്തിയ നീതികേടിന്റെ മുഖമടച്ചുപ്രഹരിക്കാൻ ഏതോ ആവേശം ഊണിലും ഉറക്കത്തിലും എന്നിൽ വല്ലാത്തൊരസ്വാസ്ഥതയായി.
എന്നെത്തേടിയെത്തുന്ന രാധ എന്റെ ഉദാസീനതയിൽ പരിഭവിച്ചു.. നീയെന്നിൽനിന്ന് എന്തോ ഒളിക്കാൻ ശ്രമിക്കുന്നു, പറയൂ ഗോവിന്ദ്, എന്താണ് നിനക്ക് പറ്റിയത്…?
ഞാൻ ഒഴിഞ്ഞുമാറുംതോറും അവൾ നിർബന്ധിച്ചു. എന്താണ് നിന്റെ പ്രശ്നം. നിന്നെമാത്രം നിനച്ച് നിനക്കുവേണ്ടിമാത്രം ഉണരുകയും നിന്നെ കിനാക്കാണാൻമാത്രം ഉറങ്ങുകയും ചെയ്യുന്ന ഞാൻ നിനക്കന്യയാണോ…?
ഒടുവിൽ എന്നായാലും പറയേണ്ടുന്ന സത്യം അവൾക്കുമുന്നിൽ കെട്ടഴിഞ്ഞുവീണപ്പോൾ ഒന്നും പറയാതെ നിർവ്വികാരയായവൾ മൗനംപൂണ്ടു. സദാ ചുണ്ടിൽ തത്തിക്കളിച്ചിരുന്ന മൃദുസ്മേരമണഞ്ഞു. ലാലിമ തൊട്ടെടുക്കാവുന്ന അധരങ്ങൾ കരിഞ്ഞ കായാമ്പൂപോലെ നിറം മങ്ങിക്കറുത്തു. ഒരു വല്ലാത്ത നിസംഗത അവളിൽ ചേക്കേറിയോ…? രാധാ, എന്റെ സ്നേഹമേ, ഇങ്ങനെ കല്ലിച്ചിരിക്കാതെ നീയൊന്നു പെയ്തുതോരൂ…
എന്റെ വാക്കുകൾകേട്ടവളെന്നെ നോക്കി ചിരിച്ചു. ഭൂമിയിലെ ഏററവും വിഷാദപൂർണമായ ആ മന്ദഹാസം ഉൾക്കരളിൽ മുറിവായി നീറി.
ഞാനിറങ്ങുന്നു ഗോവിന്ദ്…, നീ മടങ്ങുംവരെ ഞാൻ ഇനിയും വരും. ആത്മാവിലും അസ്ഥിയിലും നീയെന്നിൽ പ്രണയമായിപ്പൂക്കുമ്പോൾ നിന്നെത്തേടാത്ത ഇരവുപകലുകൾ എത്ര ശൂന്യമായിരിക്കും. ഇത് നീ നിഷേധിക്കരുത്. നിന്നെ പിന്തുടർന്ന് സ്വസ്ഥതകെടുത്തുന്ന ഒന്നുംതന്നെ നിന്നിൽ ഞാനടിച്ചേല്പിക്കില്ല.
യാത്രചോദിക്കാതെ ചൊടിയിൽ ചുംബനമേറ്റുവാങ്ങാതെ അവൾ ഏതോ സ്വപ്നത്തിലെന്നപോലെ നടന്നുപോയി വാതിൽ തുറന്നു. പുറംതിരിഞ്ഞു വാതിൽക്കൽ ഒരുനിമിഷം എന്തോ ഓർത്തുനിന്നു. പിന്നെ സാരിത്തുമ്പുകൊണ്ടു കണ്ണുകളൊപ്പി ധൃതിയിൽ നടന്നുനീങ്ങി, വരാന്തയുടെ അറ്റത്തെ പടവുകളിറങ്ങി ദൃഷ്ടിയില്നിന്ന് മറഞ്ഞു.
വളരെനാളായി മനസ്സ് കലുഷമായിരുന്നു. സത്യത്തിലപ്പോൾ എനിക്ക് വല്ലാത്ത ലാഘവംതോന്നി.
തുടർന്നുള്ള ദിവസങ്ങൾ തിരക്കുപിടിച്ചതായിരുന്നു. ഈ നഗരവുമായുള്ള എല്ലാ ബന്ധവും ഇവിടെ ഉപേക്ഷിച്ചുമടങ്ങണം. തന്റെ ബിസിനസ്സ് സംരംഭങ്ങളിൽനിന്നുള്ള ഭീമമായ സമ്പാദ്യങ്ങളുമായി ജനിച്ചമണ്ണിലേക്ക് തിരികെയാത്ര.
മനഃപൂർവ്വമല്ലെങ്കിലും കുറച്ചുനാളായി രാധയെ കാണാൻ കഴിഞ്ഞില്ല. യഥാർത്ഥത്തിൽ മനസ്സ് അതൊട്ടും ആഗ്രഹിച്ചില്ല എന്ന നേര് മറച്ചുപിടിക്കുന്നത് മനസ്സാക്ഷിയോട് ചെയ്യുന്ന വഞ്ചനയാവും. അവളുടെ സന്ദേശങ്ങളെ അവഗണിച്ച് തിരക്കഭിനയിച്ച് ഞാൻ ഒളിച്ചോടുകയായിരുന്നു. ഇന്ന് എങ്ങനെയോ സംഭരിച്ച ധൈര്യവുമായി അവളുടെ മുന്നിൽനിൽക്കുമ്പോൾ അപരാധിയെപ്പോലെ ദൃഷ്ടികൾ താഴ്ന്നുപോകുന്നു.
ഒരു വല്ലാത്ത ശൂന്യതാബോധം എന്നിൽ നിറഞ്ഞു.
അവളെന്റെ ഇരുകൈപ്പത്തികളിലും വിരൽകൊരുത്തെന്റെ കണ്ണുകളിലേക്ക് നോക്കി ശബ്ദം ഒട്ടും പതറാതെ പതിയെ മന്ത്രിച്ചു…, നമ്മൾ പിരിയുന്നു ഗോവിന്ദ്…, ഇത് നിയതിയുടെ തീർപ്പ്. സന്തോഷവും സമാധാനവും നിന്നെപ്പിരിയാതിരിക്കാൻ എന്റെ നിശ്ശബ്ദപ്രാർത്ഥനകളിൽ നിനക്കൊരിരിടം ഞാനൊന്നും ഒഴിച്ചിടും.
അൽപനേരം അവളെന്റെ കണ്ണുകളിലേക്ക് നിർന്നിമേഷയായി നോക്കിനിന്നു. പിന്നെ എന്റെ കഴുത്തിലൂടെ കൈകളിട്ട് മുഖംതാഴ്ത്തിപിടിച്ച് എന്റെ ചുണ്ടിൽ ദീർഘമായി ചുംബിച്ചു. പിന്നെ പതിയെ പിൻവാങ്ങിനിന്ന് മന്ത്രിച്ചു…
ശുഭയാത്ര ഗോവിന്ദ്…..!!!

By ivayana