മണി ഒന്ന് മുപ്പത്തിരണ്ട്, ഇനിയും മൂപ്പത്തിയെട്ടു മിനിറ്റ് കൂടെ ബാക്കിയുണ്ട്.”ഹോട്ടലിൽ നിന്ന് അഞ്ച് മിനിറ്റ് ദൂരമേയുള്ളൂ പ്ലിന്ത്ഹൗസ് സ്റ്റേഷനിലേക്ക്”തനിക്ക് ലഭിച്ച നിർദേശം ശരിയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ അല്പദൂരം മുന്നോട്ട് നടന്നപ്പോൾ റെയിൽവേ സ്റ്റേഷനിലെ വെളിച്ചം ക്ലിക്ക്സിന്റെ കണ്ണുകളിൽ പതിഞ്ഞു.

തീർത്തും വിജനമായൊരു സ്റ്റേഷൻ, യാത്രക്കാരായി ആരുമില്ല,ഓഫീസ് കെട്ടിടത്തിൽ ഒരു ഉദ്യോഗസ്ഥൻ ഉറക്കം തൂങ്ങി ഇരിക്കുന്നത് കാണാം. പ്ലാറ്റ്ഫോമിന്റെ എതിർദിശയിലായി, ദൂരെക്കാഴ്‌ച്ചയിൽ വൃദ്ധനെന്ന് തോന്നിക്കുന്ന ഒരാൾ ശരീരമാകെ മൂടിപ്പുതച്ചു റെയിൽവേ പാളത്തിന്റെ അനന്തതയിലേക്ക് കണ്ണും നട്ടിരിപ്പുണ്ട്.”ഭ്രാന്തനായിരിക്കും”മനസിലേക്കോടിയെത്തിയ ആദ്യ ചിന്തയെ ക്ലിക്ക്സ് തന്നെ കഴുകികളഞ്ഞു”ഈ കിഴക്കൻ യൂറോപ്പിലെ ഭ്രാന്തൻമാർ ഇങ്ങനെ അലഞ്ഞു നടക്കാറില്ല, അതൊക്കെ നമ്മുടെ നാട്ടിൽ”അയാളുടെ നോട്ടം ക്ലിക്ക്സിലേക്ക് ഇടയ്ക്കിടെ പതിക്കുന്നുണ്ട്,”ഇയാൾ പണിയൊപ്പിക്കുവോ, നീർക്കോലി മതി അത്താഴം മുടക്കുവാൻ”ആ വൃദ്ധന്റെ സ്റ്റേഷനിലെ അപ്രതീക്ഷിത സാനിധ്യം ക്ലിക്ക്സിന്റെ മനസ്സിൽ ആശങ്കയുടെ കോടപെയ്തിറങ്ങുന്നതിന് കാരണമായി.

“രാത്രി രണ്ട് പത്തിന് ഡോർഷോറിലേക്ക് പോകുന്ന വണ്ടിക്ക് ഒരു മിനിറ്റ് പ്ലിന്ത് ഹൌസിൽ സ്റ്റോപ്പുണ്ട്, യാത്രക്കാർ ആരുംതന്നെ കയറുവാനോ ഇറങ്ങുവാനോ ഉണ്ടാകില്ല, രണ്ടു മണിമുതലുള്ള ഷിഫ്റ്റ്‌ ഡ്യുട്ടി ചെയ്യുന്ന ഉദ്യോഗസ്ഥൻ മാത്രം ട്രെയിനിൽ നിന്ന് അവിടെ ഇറങ്ങാൻ ഉണ്ടാകും”ക്ലിക്ക്സിന് കിട്ടിയ നിർദേശം അതായിരുന്നു. വണ്ടിയുടെ വരവറിയിച്ചുള്ള അനൗൺസ്‌മെന്റ് മുഴങ്ങിത്തുടങ്ങിയതോടെ,ക്ലിക്ക്സ് പ്ലാറ്റ്ഫോമിൽ നിന്ന് കുറച്ച് ദൂരെമാറി നിലയുറപ്പിച്ചു.ഡോർഷോറിലേക്കുള്ള വണ്ടിവന്നു നിന്നപ്പോൾ ക്ലിക്ക്സിന് കിട്ടിയ വിവരം പോലെ, അവിടെയാകെ ഒരാളാണ് ഇറങ്ങാനുണ്ടായിരുന്നത്, ഒരു തടിച്ച റെയിൽവേ ഉദ്യോഗസ്ഥൻ മാത്രം, അയാൾ ഓഫീസിനുള്ളിലേക്ക് ധൃതിയിൽ കയറിപ്പോയി, അല്പം കൂടെ കഴിഞ്ഞാണ് അതുവരെ ഡ്യുട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ മടങ്ങിയത്.അയാൾ മടങ്ങുന്നതുവരെ കാത്തുനിന്ന ക്ലിക്ക്സ് പതുക്കെ റെയിൽവേ സ്റ്റേഷന്റെ ഓഫീസ് ലക്ഷ്യമാക്കി നടന്നു. ആസമയം വൃദ്ധനിരുന്ന സ്ഥലത്തേക്ക് ക്ലിക്ക്സിന്റെ കണ്ണുകൾ ചലിച്ചെങ്കിലും അവിടം ശൂന്യമായിരുന്നു.

ശരീരമാകെ കരിമ്പടംപുതച്ച് ഓഫിസ് മുറിയിലെ മേശയിൽ തലകുനിച്ചിരിക്കുന്നോരാളുടെ ഫോട്ടൊ വാട്ട്സാപ്പിൽ സെൻഡ്‌ ചെയ്തു, എല്ലാം ഓക്കേ റൂമിലെത്തിയിട്ട്വിളിക്കാമെന്ന് അടിക്കുറുപ്പായെഴുതി ക്ലിക്ക്സ് റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന്റെ പുറത്തേക്ക് നടന്നു നീങ്ങി.തിരികെ ഹോട്ടൽമുറിയിലേക്ക് നടക്കുന്നതിനിടയിൽ തന്റെ അക്കൗണ്ടിലേക്ക് എത്തിച്ചേരൂവാൻ പോകുന്ന ഡോളറിന്റെ കനത്തെക്കുറിച്ചുള്ള ചിന്തയിലും,ക്ലിക്ക്സിന്റെ കണ്ണുകൾ ആ നടപ്പാതയുടെ എതിർവശത്തായി തന്നെ നോക്കിനിൽക്കുന്ന വൃദ്ധനിലേക്ക് തിരിഞ്ഞു.”ഓക്കേ ഗുഡ് ജോബ്,നേരം പുലരുവാൻ കാത്തിരിക്കണ്ട, ഏതേലും ടാക്സി കിട്ടുവോന്ന് നോക്കി അടുത്ത പട്ടണത്തിലേക്ക് പോകുക,പറഞ്ഞ പണം അയച്ചിട്ടുണ്ട് ഇനി നമ്മൾ തമ്മിൽ കൊണ്ടാക്റ്റ് ഒന്നുമില്ല”മറുവശത്ത് നിന്ന് അവസാന സന്ദേശവും ക്ലിക്ക്സിനെ തേടിയെത്തി.

പട്ടണത്തിലേക്ക് പോകുന്നൊരു വണ്ടിയുടെ പിൻസീറ്റിലിരുന്നുകൊണ്ട് ക്ലിക്ക്സ് കഴിഞ്ഞ രണ്ടുദിവസത്തെ സംഭവങ്ങളെ ഓർമ്മയിലേക്കാവാഹിച്ചു.പ്രാദേശിക പത്രത്തിന്റെ ക്ലാസ്സിഫൈഡ് പേജിൽ വന്നൊരു ജോലിപരസ്യംതന്നെയെത്തിച്ചത് മാർലി സബാറ്റിനിയെന്ന ഈ നാട്ടുകാരിയായ ഒരു റെയിൽവേ ഉദ്യോഗസ്ഥയുടെ മുന്നിലാണ്.ഒറ്റ രാത്രിയിലെ ജോലി, ആരുമറിയാതൊരു കൊലപാതകം, പ്രതിഫലം പത്തുവർഷം താനിവിടെ ജോലിചെയ്താലും നേടാൻ കഴിയാത്തത്ര പണം.ആദ്യമൊന്ന് പകച്ചെങ്കിലും,റിസ്ക്ക് കുറവാണെന്നു മനസിലാക്കിയപ്പോൾ ഏറ്റെടുത്തു.ആളെകുറിച്ച് ഒറ്റ സൂചനമാത്രം”ഇന്നത്തെ രാത്രിയിൽ രണ്ടുമണിയുടെ ഡോർഷോർ വണ്ടിയിൽ വന്നിറങ്ങുന്ന പ്ലിന്ത്ഹൗസ് സ്റ്റേഷനിലെ പാതിരാഡ്യുട്ടിക്കാരനാണ് കൊല്ലപ്പെടേണ്ട ആൾ”ഇന്നത്തെ വൈകുന്നേരം അഡ്വാൻസ് തുകസബാറ്റിനിയിൽ നിന്ന് നേരിട്ട് വാങ്ങി പ്ലിന്ത്ഹൌസിലേക്ക് തിരിക്കുന്ന സമയത്ത്,

ഒരുപാട് ചോദിച്ചപ്പോഴാണ് ഈ ഉദ്യമത്തിന് പിന്നിലെ കാരണം ചുരുങ്ങിയവാക്കുകളിൽ സബാറ്റിനിയിൽ നിന്ന് പുറത്തേക്ക് വന്നത്. “അയാൾ എന്റെ ഭർത്താവാണ് ജോൺസൺടെയ്ലർ, എന്റെ മൂന്ന് പെൺമക്കളുടെ അച്ഛനാണ്, ഇന്ന് നീ കുത്തിവെക്കുന്ന മരുന്ന് ഉള്ളിൽ ചെന്ന് ജോൺസൻ ടെയ്‌ലർ മരിച്ചാൽ, ലോകത്തിന് മുന്നിൽ അതൊരു സ്വാഭാവിക ഹൃദയസ്തംഭനം മാത്രമാകും,എനിക്കും മക്കൾക്കും ഇനിയെങ്കിലും കാളരാത്രികളില്ലാതെ സുഖമായി ഉറങ്ങാനുള്ള അവസരം കൈവരികയും ചെയ്യും”.

പട്ടണമെത്തിയെന്നറിയിച്ചുകൊണ്ട് വണ്ടിയുടെ ഡ്രൈവർ വിളിച്ചപ്പോഴാണ് ക്ലിക്ക്സ് ഓർമ്മകളുടെ മയക്കത്തിൽ നിന്നുണർന്നത്.ക്ലിക്ക്സ് നല്കിയ പണം നിരസിച്ച ഡ്രൈവർ ഒരു ചെറുപുഞ്ചിരിയോടെ ക്ലിക്ക്സിനോടായി ഇങ്ങനെ പറഞ്ഞു.”പണി എളുപ്പമായിരുന്നല്ലേ,പക്ഷേ ആളുമാറിപ്പോയി, സാരമില്ല നിനക്ക് പറഞ്ഞ പണം കിട്ടിയില്ലേ ഇനി ഇവിടെ നിൽക്കേണ്ട വേഗം വിട്ടോ”ഡ്രൈവർ വണ്ടി മുന്നോട്ട് എടുക്കുവാൻ തുടങ്ങവേ താങ്കൾ ആരാണെന്ന ക്ലിക്ക്സിന്റെ ആശങ്ക നിറഞ്ഞ ചോദ്യത്തിന് പുഞ്ചിരി നിലനിർത്തി അയാൾ മറുപടി നല്കി,”ജോൺസൺ ടെയ്‌ലർ, അവസാനനിമിഷം എനിക്ക്പകരം ഡ്യുട്ടിയേറ്റെടുത്ത മറ്റൊരാളിലേക്കാണ് നീ മരുന്ന് കുത്തിവെച്ചത്, എന്റെ സിരകളിൽ നീ കുത്തിവെച്ച മരുന്ന് പടർന്നുപന്തലിക്കുന്നത് സ്വപ്നം കണ്ട് അവൾ ഇന്നൊരു ദിവസം സുഖമായി ഉറങ്ങട്ടെ.

“ക്ലിക്ക്‌സിനെ നോക്കി ഒരിക്കൽകൂടി മനോഹരമായി ചിരിച്ചുകൊണ്ട് ജോൺസൻ അവസാന വാക്കുകൾ ഒരിക്കൽ കൂടി ആവർത്തിച്ചു.” ഇന്നൊരു ദിവസം മാത്രം അവൾ സുഖമായി ഉറങ്ങട്ടെ “കൂടുതൽ ചോദ്യങ്ങൾക്ക് കാത്തുനില്ക്കാതെ അയാൾ വണ്ടിമുന്നോട്ടെടുത്തപ്പോൾ, ക്ലിക്ക്സിന്റെ മനസ്സിൽ അവിടെ സ്റ്റേഷൻ പരിസരത്ത് കണ്ട വൃദ്ധവേഷധാരിയിലും ജോൺസൻ ടെയ്ലറിലുമുള്ള സാമ്യതകൾ നിറയുകയായിരുന്നു.

കെ. ആർ. രാജേഷ്.

By ivayana