ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട കുമ്പളങ്ങി എന്ന ഗ്രാമത്തിലെ ‘ കോയാ ബസാർ’ നെ കുറിച്ച് ഒരു ചെറു വിശേഷം … എറണാകുളം ജില്ലയിലെ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ഗ്രാമം .

കുമ്പളങ്ങി എന്ന ദ്വീപിലേക്ക് 98 വരെ കടത്ത് വള്ളങ്ങൾ തന്നെയായിരുന്നു ആശ്രയം . കുമ്പളങ്ങി എന്ന സുന്ദരമായ ഗ്രാമത്തെ കുറിച്ച് നിരവധി രചനകളുണ്ട് . കുമ്പളങ്ങിക്കാരനായ മുൻ കേന്ദ്ര / സംസ്ഥാന മന്ത്രിയായിരുന്ന കെ.വി. തോമസ് മാഷ് തന്നെ എഴുതി പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട് .

ഞാൻ ഇവിടെ കുമ്പളങ്ങി എന്ന ഗ്രാമത്തിലെ ‘ കോയാ ബസാർ ‘ എന്ന പ്രദേശത്തെ കുറിച്ചുള്ള ഒരു കൊച്ചു കുറിപ്പ് മാത്രമാണ് ഉദ്ദേശിക്കുന്നത് . പള്ളുരുത്തി പെരുമ്പടപ്പിൽ നിന്ന് കുമ്പളങ്ങിയിലേക്ക് 1998 -ലാണ് ഒരു പാലം വരുന്നത് . 1986 -ൽ അന്നത്തെ ഉപ മുഖ്യമന്ത്രിയായിരുന്ന അവുക്കാദർക്കുട്ടി നഹ സാഹിബാണ് ഈ പാലത്തിന് തറക്കല്ലിട്ടത് .

വടക്ക് പള്ളുരുത്തിയും , തെക്ക് അലപ്പുഴ ജില്ലയുടെ ഭാഗമായ എഴുപ്പുന്നയും . എഴുപ്പുന്നയെയും – കുമ്പളങ്ങിയെയും ബന്ധിപ്പിച്ച് ഒരു പാലം വന്നിട്ട് ഏകദേശം എട്ട് വർഷമാവുന്നു . പടിഞ്ഞാറ് കണ്ണമാലിയെയും , ചെല്ലാനത്തെയും ബന്ധിപ്പിക്കുന്ന കണ്ടക്കടവുമാണ് . തൊണ്ട് തല്ലി ചകിരി പിരിച്ച് കയർ ഉണ്ടാക്കലായിരുന്നു ആദ്യ കാലങ്ങളിൽ ഇവിടുത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ . വളരെ കുറഞ്ഞ മുസ്ലിം കുടുംബങ്ങളെ ആദ്യ കാലങ്ങളിൽ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നുള്ളു . മതം തടസ്സമാകാതെ പരസ്പരം സ്നേഹിച്ചിരുന്ന ഗ്രാമ വിശുദ്ധി അന്നും ഇന്നും ഈ കൊച്ചു ഗ്രാമത്തിനുണ്ട് .

അതു കൊണ്ടു തന്നെ കാഴ്ചയിൽ മാത്രമല്ല …. ഈ ഗ്രാമത്തിന്റെ ആത്മാവിനും സൗന്ദര്യമുണ്ട് . കോയാ ബസാറിന്റെ പേരിന് പിന്നിലെ ആ കഥ തുടങ്ങുന്നത് 1964 – ലെ ഏതൊ ഒരു ദിവസം ….. ഈ കൊച്ചു ഗ്രാമത്തിൽ ഒരു ബസ്സ് മാത്രമാണ് അന്ന് സർവ്വീസ് നടത്തുന്നത് .

വി.എ. തോമസ് എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന VAT എന്ന പേരിലുള്ള ഒരു ബസ്സ് . കുമ്പളങ്ങി – മട്ടാഞ്ചേരി റൂട്ടിലായിരുന്നു അതിന്റെ സർവ്വീസ് . ( പിന്നീട് വിസ്സി , ലേബർ എന്നീ ബസ്സുകളും ഇവിടെ സർവ്വീസ് നടത്തിയിരുന്നു ) കുമ്പളങ്ങിയിൽ നിന്ന് തടി ചങ്ങാടത്തിൽ കയറ്റിയാണ് ബസ്സ് മട്ടാഞ്ചേരിയിലേക്ക് പോവുക . ആകെ ഒരു ബസ്സ് മാത്രം ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വളരെ നേരത്തെ തന്നെ യാത്രക്കാർ റോഡിൽ കാത്ത് നിൽക്കും .

ആ ബസ്സായിരുന്നു അന്ന് ആ ഗ്രാമീണരെ പുറം ലോകവുമായി ബന്ധിപ്പിച്ചിരുന്നത് . കുമ്പളങ്ങി എന്ന ഈ ഗ്രാമത്തിൽ അന്ന് ടാറിട്ട റോഡ് പോയിട്ട് . നല്ലൊരു പാത തന്നെ ഉണ്ടായിരുന്നില്ല . ചാടിയും കുലുങ്ങിയും ബസ്സും ബസ്സിലെ യാത്രക്കാരും …..മഴക്കാലമാണെങ്കിൽ പറയുകയും വേണ്ട . ഇന്നത്തെ കോയാ ബസാർ പ്രദേശത്ത് വഴിയിൽ അന്ന് വലിയൊരു കുഴിയുണ്ടായിരുന്നു . ബസ്സ് കുഴിയിൽ ചാടുമ്പോൾ യാത്രക്കാരുടെ നടുവൊടിയും . അധികാരികൾ യാതൊരു നടപടിയുടെ ആ കുഴിക്കെതിരെ എടുത്തില്ല.

ഈ ചാട്ടവും യാത്രക്കാരുടെ നടുവേദനയും പതിവായപ്പോൾ അന്ന് ബീഡി തെറുപ്പ് തൊഴിലാളിയായിരുന്ന കോയാക്കുട്ടി തന്റെ പറമ്പിലെ കുറച്ച് വാഴകൾ വെട്ടി കൊണ്ടു വന്നു കുഴിയിലിട്ടു . അതോടെ ബസ്സിനും യാത്രക്കാർക്കും അതൊരു ആശ്വാസമായി .പക്ഷെ ………

അതോടെ പൊതുമരാമത്ത് വകുപ്പ് കോയാക്കുട്ടിക്കെതിരെ കേസെടുത്തു . അധികാരികളുടെ സമ്മതമില്ലാതെ കുഴിയടച്ചതിന് . കേസെടുക്കുക മാത്രമല്ല കോയാക്കുട്ടിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു . ഒരു രൂപ ഇരുപത്തിയഞ്ച് ( 1.25 ) പൈസ പിഴയടപ്പിച്ച ശേഷമാണ് കോയാക്കുട്ടിയെ വിട്ടയച്ചത് . ഗ്രാമീണരെല്ലാവരും കൂടി പിരിവെടുത്താണ് അന്ന് ആ തുകയടച്ചത് .

കാരണം കോയാക്കുട്ടി എന്തിനും ഏതിനും ഓടിയെത്തുന്ന നല്ലൊരു മനുഷ്യനായിരുന്നു എന്നതിനാൽ കോയാക്കുട്ടി ഗ്രാമീണർക്ക് പ്രിയങ്കരനായിരുന്നു . ഹൈന്ദവരും , കൃസ്ത്യാനികളുമായ അതെ സമയം തന്നെ മതങ്ങൾ നോക്കാതെ മനുഷ്യന്മാരെ പരസ്പരം സ്നേഹിച്ചിരുന്ന ആ നല്ല മനുഷ്യർ ആ പ്രദേശത്തിന് പേരിട്ടു . ‘ കോയാ ബസാർ ‘കോയാക്കുട്ടിക്ക് ആറ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളും .

ഹുസൈൻ എന്ന മകൻ വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ ജോലി നോക്കുന്നു . സാദത്ത് കോയാ ബസാറിൽ തന്നെ കാറ്ററിങ്ങ് സർവ്വീസ് നടത്തുന്നു . 1997 -ൽ കോയാക്കുട്ടി മരണപ്പെട്ടു .ഇവിടെ ഒരു മുസ്ലിം പള്ളിയുണ്ട് . ‘ ഇസ്സത്തുൽ ഇസ്ലാം ജുമാ മസ്ജിദ് ‘ 25 വർഷം മുൻപ് വരെ ഇതൊരു ചെറിയൊരു നിസ്ക്കാര പള്ളിയായിരുന്നു . അന്ന് ഇവരുടെ മഹല്ല് കൊച്ചങ്ങാടിയിലെ ചെമ്പിട്ട പള്ളിയായിരുന്നു .

അന്ന് ഈ പള്ളിക്ക് ഖബർ സ്ഥാനില്ലായിരുന്നു . ഒരാൾ മരണപ്പെട്ടാൽ ചങ്ങാടത്തിൽ മറുകരയ്ക്ക് കൊണ്ടു പോകണമായിരുന്നു . മട്ടാഞ്ചേരിയിലെ ഈരവേലിയിൽ നിന്ന് ഇവിടെ വന്ന് താമസമാക്കിയ ഇസ്ഹാഖിന്റെ പിതാവ് അലി ബാവയെയാണ് ആദ്യമായി ഇവിടെ ഖബറടക്കുന്നത് എന്ന് ഇസ്ഹാഖ് ഓർമ്മിക്കുന്നു . പള്ളിക്ക് സ്ഥലം നൽകിയത് തന്റെ കുടുംബമായ പടിപ്പുരക്കകത്ത് കുടുംബമാണെന്ന് കബീർ അഭിമാനത്തോടെ പറയുന്നു .

ഈ പള്ളിയുടെ രക്ഷാധികാരികളിൽ ഒരാൾ ബാപ്പു നൈനയായിരുന്നു അദ്ദേഹത്തിന്റെ മരണ ശേഷം മകൻ സുൽഫിക്കർ നൈനയായിരുന്നു . സുൽഫിക്കറിന്റെ മരണ ശേഷം ഇപ്പോൾ അൽത്താഫ് നൈന ആ ചുമതല നിർവ്വഹിക്കുന്നു . മരണത്തിന് മുൻപ് തന്റെ മക്കളോട് പറഞ്ഞിരുന്നുവത്രെ കുമ്പളങ്ങി പള്ളിക്ക് വേണ്ടി എന്നും നിങ്ങളുണ്ടാവണം എന്ന് . ഇന്നും മക്കൾ ആ വാക്ക് പാലിക്കുന്നു ……………

മൻസൂർ നൈന

By ivayana