ക്രൊയേഷ്യ:ശക്തമായ ഭൂചലനത്തിൽ പന്ത്രണ്ടുകാരി ഉൾപ്പെടെ ഏഴുപേർ മരിച്ചതായി റിപ്പോര്‍ട്ട്. ഇരുപത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പിടിച്ചുലച്ച് ശക്തമായ ഭൂചലനമുണ്ടായത്.റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെട്രിഞ്ച ഠൗണിനെ തകർത്തു കളഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇവിടെയാണ് പന്ത്രണ്ടുവയസുകാരി മരണപ്പെട്ടത്. ബാക്കി മരണങ്ങള്‍ സമീപ ഗ്രാമങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ചയും ഇവിടെ ഭൂചലനമുണ്ടായിരുന്നു. ഇന്ന് 5.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. തകർന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയിൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയവും നിലനിൽക്കുന്നുണ്ട്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്.’എന്‍റെ ഠൗൺ പൂർണ്ണമായും തകർന്നു. കുട്ടികള്‍ മരിച്ചു.. ഇപ്പോൾ ഹിരോഷിമ പോലെയായി. നഗരത്തിന്‍റെ പകുതിയും ഇപ്പോൾ ഇല്ല’ എന്നായിരുന്നു അപകടത്തിൽ ദുഃഖം അറിയിച്ച് പെട്രിഞ്ച മേയർ ഡറിംഗോ ഡംബോവിക് പ്രതികരിച്ചത്.അത്യന്തം ഭീകരമായിരുന്നു.. എല്ലാവരും സ്തംഭിച്ച അവസ്ഥയിലായിരുന്നു. എന്തു ചെയ്യണമെന്നറിയാൻ വയ്യാത്ത അവസ്ഥ. ഓടണോ അതോ എവിടെയങ്കിലും ഒളിച്ചിരിക്കണോ എന്നൊക്കെ ചിന്തിച്ചു പോയി’ മരിക്ക പ്രതികരിച്ചു.

ക്രൊയേഷ്യൻ പ്രധാനമന്ത്രി ആൻഡ്രെജ് പ്ലെൻകോവിക് അടക്കമുള്ള സർക്കാർ പ്രതിനിധികള്‍ ദുരന്തബാധിത മേഖല സന്ദർശിച്ചു. ‘പെട്രിഞ്ചയുടെ വലിയൊരു ഭാഗവും നിലവിൽ റെഡ് സോണാണ്. ഇവിടുത്ത ഭൂരിഭാഗം കെട്ടിടങ്ങളും ഉപയോഗ ശൂന്യമായിരിക്കുകയാണ്. ആളുകള്‍ക്കായി ആർമി ബാരക്കുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം സമീപത്തെ ഹോട്ടലുകളിലും താമസ സൗകര്യം ഒരുക്കും’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

By ivayana