ആശയദാരിദ്ര്യം കാരണം
തൻ്റെ മസ്തിഷ്കത്തിൽ
പൂച്ച പെറ്റോയെന്ന്
സംശയിച്ചോണ്ടിരിക്കുമ്പോഴാണ്,
നീണ്ട ഇരുപത്തെട്ടു
വർഷത്തിന് ശേഷം
സിസ്റ്റർ അഭയക്ക് നീതി ലഭിച്ചെന്ന
വാർത്ത മത്തായിച്ചനിലെ
കവിയെ ഉണർത്തിയത് ,
സഭയെ മാറ്റി നിർത്തി
കർത്താവിനെ മാത്രം
കുറ്റക്കാരനാക്കി
തൻ്റെയൻപത്തിയഞ്ചാമത്തെ
കവിതയെഴുതി കവറേലിട്ട്
മത്തായിച്ചൻ
എടുപിടീന്ന് കവലയിലെത്തി
കവറിന് മുകളിൽ
പ്രബുദ്ധ വിപ്ലവമാസികയുടെ
വിലാസമെഴുതി ,
മാതാവിൻ്റെ കുരിശുപള്ളിയോട്
ചേർന്നുള്ള തപാൽ പെട്ടിയേലിട്ടേച്ച്
ചില്ലുകൂട്ടിനകത്ത് ഉണ്ണി –
യീശോയേം ഒക്കത്തിരുത്തി
കാല് പെരുത്ത് നിക്കണ
കന്യാമറിയത്തോട്,
“ഒരു മനസാക്ഷിയുമില്ലാതെ
അങ്ങോര് പ്രാർത്ഥിച്ചു “
”മാതാവേ ഇതെങ്കിലും
ഒന്നച്ചടിച്ചു വന്നിരുന്നേൽ
ഞാൻ നിനക്ക്
ഒരു കൂട് മെഴുകുതിരി
കത്തിച്ചേക്കാമേ.. ന്ന് “
കൈയ്യേലിരിക്കണ
സ്വർണ്ണ ദണ്ഡു കൊണ്ട്
മത്തായിച്ചൻ്റെ മണ്ടയടിച്ചു പൊളിക്കാനുള്ള
കലിപ്പ് മാതാവിനുണ്ടായെങ്കിലും
തൻ്റെ ഹിസ്റ്ററിയോർത്ത്
മാതാവ് മൗനത്തിൽ
തന്നെ നിലകൊണ്ടു .
കൈയ്യിലുണ്ടായിരുന്ന
അഞ്ചു രൂപ
കാണിക്കവഞ്ചിയിലെ പഴുതിലൂടെ അകത്തേക്കിട്ട്
സാക്ഷാൽ മാതാവിന്
കൈക്കൂലി നൽകിയ
നിർവൃതിയോടെ മത്തായിച്ചൻ
കുരിശുപള്ളീന്നിറങ്ങി ,
കവലയ്ക്ക് നടുവിലെ
രക്തസാക്ഷി സ്മാരകത്തിൽ
പൊരിവെയിലത്ത് നിന്ന്
വിയർക്കുന്ന ഭഗത്സിംഗിൻ്റെ
പ്രതിമയെ നോക്കി ,
മുഷ്ടി ചുരുട്ടി മേൽപ്പോട്ടുയർത്തി
ഒരു ലാൽസലാം പറഞ്ഞു
സാവാധാനം വീട്ടിലേക്ക് നടന്നു .
മത്തായിച്ചൻ പൊയ്ക്കഴിഞ്ഞപ്പോൾ
മാതാവ് മുരടക്കി
ഭഗത് സിംഗിനോട് ചോദിച്ചു
ഈയിടെയായി മനുഷ്യരുടെ സങ്കടങ്ങൾക്കൊക്കെ
ഒരു സ്റ്റാൻൻ്റേർഡ് വന്നിട്ടുണ്ടല്ലോ
സഖാവേ,,,,,,,?
” തൻ്റെ കൗബോയ് ക്യാപ്പിൽ
അപ്പിയിട്ട കാക്കയെ
മീശ വിറപ്പിച്ച് പേടിപ്പിക്കാൻ
ശ്രമിക്കുന്നതിനിടെ
മാതാവിൻ്റെയീ ചോദ്യം
ഒരു ത്വാതിക ഗദ്ഗദം പോലെ
കേട്ട ഭഗത്സിംഗ്
പരിസരം മറന്ന്പൊട്ടിച്ചിരിച്ചു …!
പെട്ടന്ന് വായ പൊത്തി
എങ്ങനെ ചിരിക്കാതിരിക്കാമെന്ന
തൻ്റെ പഴയ ചിന്തയിലേക്ക്
തരിച്ചു നിന്നു .

അനൂസ് സൗഹൃദവേദി

By ivayana